കൊച്ചി: കോവിഡ് സാഹചര്യങ്ങളിൽ അതിർത്തിയിൽ കർണാടകം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത ഹർജികൾ കേരള ഹൈക്കോടതി തള്ളി. നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതിക്ക് ഇടപെടാനാവില്ല എന്ന കർണാടകയുടെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഹർജികൾ തള്ളിയത്. അതിർത്തി കടക്കാൻ കർണാടക ഏർപ്പെടുത്തിയ മാർഗനിർദേശങ്ങൾ നിയമവിരുദ്ധവും ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുന്നതാണന്നും ചൂണ്ടിക്കാട്ടി മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫും സിപിഎം നേതാവ് ജയാനന്ദയും സമർപ്പിച്ച പൊതുതാത്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറക്കിയ ഉത്തരവിൽ അടിയന്തര സാഹചര്യങ്ങളിൽ അതിർത്തി കടക്കുന്നതിന് തടസങ്ങൾ ഇല്ല എന്ന് കർണാടക അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ദൈനംദിന ആവശ്യങ്ങൾക്കായി നിരന്തരം പോകുന്നവർക്കും തടസമില്ലന്നും ചെക്ക് പോസ്റ്റിൽ സ്രവ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടന്നും എജി വിശദീകരിച്ചു. ദക്ഷിണ കന്നഡ മേഖലയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്നും സംസ്ഥാനത്ത് അന്തർ ജില്ലാ തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടന്നും കർണാടക വ്യക്തമാക്കി.
72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കുന്നുള്ളു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ആമ്പുലൻസിൽ എത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതിയെന്നും ഹർജിക്കാർ ആരോപിച്ചു. കേരളത്തിൽ കോവിഡ് രൂ ക്ഷമായതിനാലാണ് കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന രോഗികളേയും വിദ്യാർത്ഥികളേയും കടത്തി വിടാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു.