scorecardresearch

'അതൊന്നും മന്ത്രിയുടെ പണിയല്ല'; പാലാരിവട്ടം മേല്‍പ്പാല വിഷയത്തില്‍ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു

author-image
WebDesk
New Update
Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: പാലം പണിയുമ്പോള്‍ സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം മേല്‍പ്പാലം പണിയുമ്പോള്‍ ഇബ്രാഹിംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. ഇ.ശ്രീധരന്‍ പറയുന്ന കാര്യങ്ങള്‍ നടക്കാന്‍ പോകുന്നില്ലെന്നും പാലാരിവട്ടം മേല്‍പ്പാലം അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Advertisment

മന്ത്രിയായിരിക്കെ മേല്‍പ്പാല നിര്‍മാണത്തിന്റെ ഭരണാനുമതി മാത്രമാണ് നല്‍കിയത്. സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്ര ഇട്ടു, കമ്പി എത്ര ഇട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ എന്ന് ഇബ്രാഹിംകുഞ്ഞ് ചോദിച്ചു. ഇതൊന്നും മന്ത്രിയുടെ പണിയല്ലെന്ന് ചിന്തിച്ചാല്‍ മനസിലാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Read More: പാലാരിവട്ടം മേല്‍പ്പാലം: തികഞ്ഞ അഴിമതി, കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി

പാലം പുനര്‍നിര്‍മിക്കണമെന്ന ഇ.ശ്രീധരന്റെ അഭിപ്രായത്തോട്, ശ്രീധരന്‍ പലതും പറയും അതൊന്നും നടക്കുന്ന കാര്യമല്ല എന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് മറുപടി നല്‍കിയത്.

Advertisment

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. അറ്റകുറ്റ പണികള്‍ കൊണ്ട് കാര്യമില്ലെന്നും പാലം പൂര്‍ണമായും പുതുക്കി പണിയണമെന്നും വിജിലന്‍സ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നുണ്ട്. പുതുക്കി പണിയാനുള്ള പണം കരാറുകാരില്‍ നിന്ന് ഈടാക്കണം. പതിനേഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും എഫ്ഐആറില്‍ പറയുന്നു. കേസിലെ വിജിലൻസിന്റെ എഫ്‌ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ കിറ്റ്‌കോ ഉദ്യോഗസ്ഥരും കരാറെടുത്ത കമ്പനിയും പ്രതിപട്ടികയിലുണ്ട്.

Read More: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി; ഉപയോഗിച്ചതു നിലവാരമില്ലാത്ത സിമന്റെന്ന് വിജിലൻസ്

പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിനു കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷനിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.

പാലം പണി നടത്തിയ ആര്‍ഡിഎസ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ അടക്കം മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിലും വ്യക്തമായിരുന്നു. പാലത്തില്‍ നിന്നും വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോധ്യമായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Roads

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: