തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാല നിർമ്മാണത്തിൽ തികഞ്ഞ അഴിമതിയെന്ന് മന്ത്രി ജി.സുധാകരന്‍. പാലം നിര്‍മാണത്തില്‍ കിറ്റ്‌കോയ്ക്ക് വീഴ്ചപറ്റി. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ നിര്‍മ്മാണങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താമെന്നും മന്ത്രി വ്യക്തമാക്കി.
Read More: ഈ പണി പോരാ!: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണം
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. അറ്റകുറ്റ പണികള്‍ കൊണ്ട് കാര്യമില്ലെന്നും പാലം പൂര്‍ണമായും പുതുക്കി പണിയണമെന്നും വിജിലന്‍സ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നുണ്ട്. പുതുക്കി പണിയാനുള്ള പണം കരാറുകാരില്‍ നിന്ന് ഈടാക്കണം. പതിനേഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും എഫ്ഐആറില്‍ പറയുന്നു. കേസിലെ വിജിലൻസിന്റെ എഫ്‌ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ കിറ്റ്‌കോ ഉദ്യോഗസ്ഥരും കരാറെടുത്ത കമ്പനിയും പ്രതിപട്ടികയിലുണ്ട്.
പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിനു കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷനിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.
Read More: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി; ഉപയോഗിച്ചതു നിലവാരമില്ലാത്ത സിമന്റെന്ന് വിജിലൻസ്
പാലം പണി നടത്തിയ ആര്‍ഡിഎസ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ അടക്കം മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിലും വ്യക്തമായിരുന്നു. പാലത്തില്‍ നിന്നും വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോധ്യമായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ചെന്നൈ ഐഐടിയിലെ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡിവൈഎസ്‌പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘം കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. അറ്റകുറ്റ പണികള്‍ നടക്കുന്ന മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലത്തിന്റെ ബലക്ഷയത്തില്‍ അന്വേഷണം നടത്തും. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അറ്റകുറ്റപണിയല്ല പുനഃസ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.