/indian-express-malayalam/media/media_files/2025/10/04/v-sivankutty-2025-10-04-16-57-43.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ ഇടപെട്ട് സർക്കാർ. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമ ലംഘനവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നു ഉണ്ടായതെന്നും റിപ്പോർട്ട് ഉദ്ധരിച്ച് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Also Read: പാലക്കാട് അയൽവാസികളായ യുവാക്കൾ മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം നാടൻ തോക്ക്
സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർ പഠനം നടത്താൻ സ്കൂൾ അനുമതി നൽകണമെന്ന് മന്ത്രി നിർദേശം നൽകി. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർത്ഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്, റിപ്പോർട്ട് ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും നിർദ്ദേശം നൽകി.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
Read More: കുന്നംകുളം മുൻ എംഎൽഎ ബാബു എം.പാലിശേരി അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.