/indian-express-malayalam/media/media_files/uploads/2021/07/School-Children.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കാൻ ഉന്നതതല യോഗം ഇന്ന് നടക്കും. ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ന് വൈകുന്നേരമാണ് യോഗം.
നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ ഒരേ സമയം എത്ര കുട്ടികളെ വരെ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കണം, ഒരു ബെഞ്ചിൽ എത്ര വിദ്യാർത്ഥികൾ ആകാം തുടങ്ങിയ കാര്യങ്ങളാകും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുക. ചർച്ചയിൽ ഉയർന്നു വരുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും. സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടി.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾക്ക് എല്ലാം ബാധകമാകുന്ന പൊതുമാർഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസ്സിൽ ഇരുത്താൻ സാധിക്കുമോയെന്ന സംശയവും ആരോഗ്യ വകുപ്പിന് മുന്നിലുണ്ട്.
Also read: സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ കുറയുമ്പോഴും മരണം ഉയര്‍ന്നുനില്‍ക്കുന്നത് എന്തുകൊണ്ട്?
ഇന്നലെ സ്‌കൂൾ ബസുകളിലെ വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച് ഗതാഗത വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഒരു സീറ്റില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഇരുന്ന് യാത്ര ചെയ്യാൻ കഴിയുക. നിന്ന് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ഒക്ടോബര്‍ 20-ാം തീയതിക്ക് മുന്‍പ് സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സ്കൂള്‍ ബസിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളെ സ്കൂളുകളില്‍ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസും നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us