Latest News

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ കുറയുമ്പോഴും മരണം ഉയര്‍ന്നുനില്‍ക്കുന്നത് എന്തുകൊണ്ട്?

സംസ്ഥാനത്ത് ഇതുവരെ 24,039 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ മാത്രം മൂവായിരത്തിലേറെ മരണം സ്ഥിരീകരിച്ചു

covid19, kerala covid19, Kerala Covid-19 deaths, Kerala Covid-19 deaths undercounting, Kerala Covid-19 cases, Kerala R-value, Kerala fatality rate, Kerala vaccination, pinarayi vijayan, veena george, ie malayalam explained, indian express malayalam, ie malayalam

സംസ്ഥാനത്ത് ഓണാഘോഷത്തെത്തുടര്‍ന്ന് കോവിഡ് -19 കേസുകള്‍ കുതിച്ചുയര്‍ന്നത് താഴേക്കു വരുന്ന പ്രവണതയാണിപ്പോള്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ സജീവ കേസുകളിലെ തൊണ്ണൂറായിരത്തോളമാണു കുറവുണ്ടായത്. രോഗവ്യാപന തോത് നിര്‍ണയിക്കുന്ന ആര്‍-വാല്യു ഏഴു മാസത്തിനുശേഷം ഒന്നില്‍ താഴെയായി. അതേസമയം, ഇതിന് ആനുപാതികമായ കുറവ് കോവിഡ് മരണങ്ങളില്‍ ഉണ്ടായിട്ടില്ലെന്നതാണു വസ്തുത. പ്രതിദിന മരണങ്ങള്‍ 100 നും 200 നും ഇടയില്‍ തുടരുകയാണ്. ഇന്നു 142 മരണമാണു സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ മാത്രം 3,109 മരണം രേഖപ്പെടുത്തിയപ്പോള്‍ ആകെ സംഖ്യ 24,039 ആയി.

മരണം: കണക്കുകള്‍ പറയുന്നത്

വൈറസിനു കീഴടങ്ങിയവരില്‍ 74 ശതമാനം പേരും 60 വയസിനു മുകളിലുള്ളവരാണെന്നാണു സംസ്ഥാന കോവിഡ് -19 ഡാഷ്ബോര്‍ഡിലെ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനം വ്യക്തമാക്കുന്നത്. 41 നും 59 നും ഇടയില്‍ പ്രായമുള്ള 21 ശതമാനം പേരാണ് മരിച്ചത്. 18 നും 40 നും ഇടയില്‍ പ്രായമുള്ളവരുടെ മരണം നാല് ശതമാനം മാത്രം. മരണങ്ങളുടെ കാര്യത്തില്‍ തിരുവനന്തപുരം ജില്ലയാണ് മുന്നില്‍.

ഔദ്യോഗികമായി സ്ഥിരീകരിച്ച മൊത്തം കോവിഡ് -19 മരണങ്ങളില്‍ 80 ശതമാനവും വിനാകശരമായ രണ്ടാം തരംഗത്തിന്റെ ഫലമായി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നു വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ മാത്രം 19,276 മരണമാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Also Read: കോവിഡ് മരണത്തിന് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം; നല്‍കുക സംസ്ഥാനങ്ങള്‍

ശരാശരി സജീവ കേസുകള്‍ 1.96 ലക്ഷമായിരുന്ന സെപ്റ്റംബര്‍ 12-18 കാലയളവില്‍ ഓക്‌സിജന്‍ കിടക്കകള്‍ രണ്ടു ശതമാനം പേര്‍ക്കും ഐസിയു കിടക്കള്‍ ഒരു ശതമാനം പേര്‍ക്കു മാത്രമേ ആവശ്യമായി വന്നുള്ളൂവെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോഗ്യ വകുപ്പ് പറഞ്ഞത്. ഈ കാലയളവില്‍ സജീവമായ കേസുകള്‍ കുറഞ്ഞതോടെ ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവയുടെ ആവശ്യകത യഥാക്രമം ആറ്, നാല് , ഏഴ് ശതമാനമായി കുറഞ്ഞു.

അതേസമയം, സെപ്റ്റംബറിലെ എല്ലാ ആഴ്ചയിലും മരണസംഖ്യ ഉയര്‍ന്നതോതില്‍ തുടര്‍ന്നു. ഏഴിന് അവസാനിച്ച ആഴ്ചയില്‍ 1,032 മരണം രേഖപ്പെടുത്തിയപ്പോള്‍ എട്ട്-പതിനാല് കാലയളവില്‍ 959, 15-21 കാലയളവില്‍ 1,118 എന്നിങ്ങനെയും സ്ഥിരീകരിച്ചു.

ഉയര്‍ന്ന മരണസംഖ്യ: സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ മൂന്നാഴ്ചകളില്‍ പ്രതീക്ഷിച്ചതുപോലെ മരണങ്ങള്‍ മന്ദഗതിയിലാകാത്തതിന്റെ ഒരു കാരണം പകര്‍ച്ചവ്യാധി സംബന്ധിച്ച സമയത്തിലെ ഇടവേളയാകാമെന്നു കേരളത്തിലെ കോവിഡ് സ്ഥിതി സസൂക്ഷ്മം നിരിക്ഷിക്കുന്ന ഇന്റേണല്‍ മെഡിസിന്‍ വിദഗ്ധന്‍ ഡോ. എന്‍എം അരുണ്‍ പറഞ്ഞു. കേസുകളുടെ കുറവും മരണവും തമ്മില്‍ സാധാരണയായി രണ്ടാഴ്ചത്തെ ഇടവേളയുണ്ടാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”പ്രതിരോധ കുത്തിവയ്പിന്റെ ഒരു ഡോസ് പോലും എടുക്കാത്ത, ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരുടെ ഗണ്യമായ എണ്ണം മറ്റൊരു ഘടകമാവാം. അത്തരം ധാരാളം കേസുകള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നു. ഓക്‌സിജന്‍ ലഭ്യതക്കുറവില്ല. എന്നാല്‍ ഐസിയുവിലും വെന്റിലേറ്ററിലും ഇപ്പോഴും രോഗികളെ ചികിത്സിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Also Read: ഭക്ഷ്യയോഗ്യമായ സസ്യങ്ങളിൽ നിന്ന് വാക്സിൻ; പ്രതീക്ഷയേകി പുതിയ പരീക്ഷണം

സംസ്ഥാനത്ത്, രണ്ടാം തരംഗം ഉച്ചസ്ഥായിലെത്തിയ മേയ്, ജൂണ്‍ മാസങ്ങളില്‍ പ്രത്യേകിച്ച് കോവിഡ് -19 മരണങ്ങളുടെ എണ്ണം കുറച്ച് രേഖപ്പെടുത്തിയതായി ഡോ അരുണ്‍ അഭിപ്രായപ്പെടുന്നു. മേയില്‍ സര്‍ക്കാര്‍ 3,507 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആ മാസത്തില്‍ യഥാര്‍ത്ഥ സംഖ്യ പതിനായിരത്തിനടുത്തായിരിക്കാം. ശരിയായ കണക്കായിരുന്നു രേഖപ്പെടുത്തിയതെങ്കില്‍ നിലവിലെ ഉയര്‍ന്ന സംഖ്യയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഉദാഹരണത്തിന്, പത്തനംതിട്ട ജില്ലയിലെ ദൈനംദിന മരണങ്ങളുടെ കാര്യത്തില്‍ പ്രായം, സ്ഥലം മുതലായ വിശദാംശങ്ങള്‍ കലക്ടര്‍ പുറത്തുവിടാറുണ്ടായിരുന്നു. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍, മേയിലെ യഥാര്‍ത്ഥ മരണങ്ങളില്‍ 50 ശതമാനമെങ്കിലും ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ജൂണ്‍ 15-നു ശേഷം ഇത് (കണക്കില്‍ ഉള്‍പ്പെടുത്താത്തത്) 15-20 ശതമാനമായി ആയി കുറഞ്ഞിരിക്കാം. എന്റെ കണക്കനുസരിച്ച് കേരളത്തിന്റെ യഥാര്‍ഥ മരണസംഖ്യ ഇപ്പോള്‍ 45,000-ല്‍ എത്തുമായിരുന്നു, ”അദ്ദേഹം പറഞ്ഞു.

പ്രായമായ ആളുകളുടെയും ഗുരുതരമായ രോഗമുള്ളവരുടെയും അവസ്ഥ വീട്ടിലെ ഒറ്റപ്പെടലിനിടെ വഷളാകുന്നതാവാം കോവിഡ് -19 മരണങ്ങളിലെ ഒരു ഘടകമെന്നു തൃശൂരിലെ ഇഎന്‍ടി സര്‍ജനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന സെക്രട്ടറിയുമായ ഡോ. പി. ഗോപികുമാര്‍ പറഞ്ഞു.

”കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ധാരാളം ആളുകള്‍ വീട്ടില്‍ ഒറ്റപ്പെടലിനു വിധേയരാകുന്നു. അവരില്‍, പ്രായമായ മിക്കവര്‍ക്കും ആദ്യം രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. പക്ഷേ അവരുടെ അവസ്ഥയില്‍ പെട്ടെന്ന് ഒരു വഴിത്തിരിവ് ഉണ്ടായേക്കാം. അവര്‍ക്ക് ഗുരുരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ സ്ഥിതി മാരകമായേക്കാം. നമ്മുടെ സംസ്ഥാനത്ത് ആളുകളെ ആശുപത്രികളിലെത്തിക്കാന്‍ മികച്ച സംവിധാനങ്ങളുണ്ടെങ്കിലും ചിലപ്പോള്‍ കാലതാമസമുണ്ടായേക്കാം,” അദ്ദേഹം പറഞ്ഞു.

Also Read: വിദേശ യാത്ര: പുതിയ മാറ്റങ്ങൾ ഇന്ത്യൻ യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?

അത്തരം മരണങ്ങളുടെ ഗതി നന്നായി മനസിലാക്കാന്‍ മെഡിക്കല്‍ ഓഡിറ്റ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി സജീവമായ കേസുകള്‍ അതിവേഗം താഴേക്കുവരുന്നതിനു സമാനമായ കുറവ് മരണനിരക്കില്‍ അടുത്ത ആഴ്ചയോടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള ജനസംഖ്യയുടെ 90 ശതമാനത്തിലേറെ പേര്‍ വാക്‌സിന്‍ ഒന്നാം ഡോസ് എടുത്തത് കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകരമാവും. രണ്ടാം ഡോസ് വാക്‌സിനേഷനും ഊര്‍ജിതായി നടക്കുകയാണ്. വാക്‌സിനെടുത്തവരില്‍ സ്വാഭാവിക പ്രതിരോധശേഷി വികസിക്കുന്നതിനും ആന്റിബോഡികള്‍ രൂപപ്പെടുന്നതിനും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും. അതിനാല്‍ ജനസംഖ്യയുടെ 90 ശതമാനം ആളുകളുടെയും പ്രതിരോധ കുത്തിവയ്പിന്റെ ഫലങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ കാണാന്‍ കഴിയുമെന്ന് ഡോ. ഗോപികുമാര്‍ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Kerala why covid 19 deaths remain high despite fall in caseload

Next Story
വിദേശ യാത്ര: പുതിയ മാറ്റങ്ങൾ ഇന്ത്യൻ യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?Travel restrictions, Indian flights, Indian flights travel restrictions, International travel restrictions, Covid restrictions in countries, countries allowed for travel, Explained health, Covid-19, Covid pandemic, Second wave, Indian Express, Gulf, Europe, UAE, US, Flights From India, ഗൾഫ്, വിമാനം, യുഎസ്, യൂറോപ്പ്, കോവിഡ്, നിയന്ത്രണം, യാത്ര, malayalam news, news in malayalam, latest news, uae flights, uae flight news, gulf flight news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com