/indian-express-malayalam/media/media_files/uploads/2020/04/kerala-high-court.jpg)
കൊച്ചി: സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സർക്കാരിന് കനത്ത തരിച്ചടി. സമര ദിനങ്ങൾ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോതി റദ്ദാക്കി. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ 2019 ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സർക്കാർ തീരുമാനമാണ് കോടതി റദ്ദാക്കിയത്.
ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
Read More: മഹാരാഷ്ട്രയിൽ പോളിയോ വാക്സിന് പകരം സാനിറ്റൈസർ നൽകി; 12 കുട്ടികൾ ആശുപത്രിയിൽ
സംസ്ഥാനത്ത് ഡയസ്നോൺ നിലനിൽക്കെ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് കാഷ്വൽ അവധി അനുവദിച്ച് ഹാജർ രേഖപ്പെടുത്താൻ അവസരം നൽകി സമരം വിജയിച്ചത് സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും സർക്കാർ നടപടി പക്ഷപാതപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പ്രളയക്കെടുതി മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഖജനാവിൽ നിന്ന് 180 കോടി ചെലവഴിച്ച് സമരക്കാർക്ക് ശമ്പളം നൽകാനുള്ള സർക്കാർ നീക്കം ഏകപക്ഷീയമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ് കേരളത്തിൽ പണിമുടക്കിയത്.
ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജർ രജിസ്റ്റർ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാനും കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടിയെക്കുറിച്ച് കോടതിയെ അറിയിക്കണം. ഹർജി രണ്ടു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.