/indian-express-malayalam/media/media_files/nhltUZh06DCj3Ff8HoVW.jpg)
2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങളും ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 49-ാം പേജിലെ 96-ാം പാരഗ്രാഫ് 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തിയിട്ടില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നു. വെളിപ്പെടുത്തുകൾ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും, സിനിമാമേഖലയിലെ ലൈംഗിക ചൂഷണം വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകളായി കുത്തക പോലെയാണ് മലയാള സിനിമയിലെ പുരുഷാധിപത്യം. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായി പല നടിമാരും മൊഴി നൽകി. സ്ത്രീക്കും പുരുഷനും തുല്യ അധികാരം വേണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.
സ്ത്രീകളെ സിനിമയിൽ ചിത്രീകരിക്കുന്നതിലും പ്രശ്നങ്ങളുണ്ട്. നായിക ഒഴികെ ആർക്കും കാരവാൻ സൗകര്യം അനുവധിക്കാറില്ല. ശുചിമുറി ഉപയോഗിക്കുന്നതിലടക്കം പലരും വ്യാപകമായി ബുദ്ധിമുട്ടനുഭവിക്കുന്നു. ഹോട്ടൽ മുറികളിൽ രാത്രി ഒറ്റയ്ക്ക് കഴിയാൻ പല നായികമാർക്കും പേടിയാണ്. രാത്രിയിൽ വാതിലിൽ മുട്ടുന്നത് പതിവാണ്. പല പ്രധാന നടിമാരെയും ഇറുകിയ വസ്ത്രം ധരിച്ച് സ്ക്രീനിൽ അവതരിപ്പിക്കുന്നു, റിപ്പോർട്ടിൽ പറയുന്നു.
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഇന്നു ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ രഞ്ജിനി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ലഭിച്ചില്ല. സിംഗിൾ ബെഞ്ചും ഹർജി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിലെ നിയമ തടസം നീങ്ങിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് വിവരാവകാശ കമ്മിഷനാണ് അറിയിച്ചത്. റിപ്പോർട്ട് സമർപ്പിച്ച് 5 വർഷത്തിനുശേഷമാണ് വിവരങ്ങൾ പുറത്തുവിടാൻ കമ്മിഷൻ തയ്യാറായത്. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയിലും നടി രഞ്ജിനിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനുപിന്നാലെയാണ് സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.