/indian-express-malayalam/media/media_files/2025/07/26/rain-damages-2025-07-26-13-44-05.jpg)
ശക്തമായ കാറ്റിൽ തകർന്ന് വൈദ്യുതി പോസ്റ്റ്. റാന്നിയിൽ നിന്നുള്ള ദൃശ്യം
കൊച്ചി: കാലവർഷത്തിനൊപ്പം ന്യൂനമർദ്ദം കൂടി ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിലാണ് മഴ ശക്തം. തുടർച്ചയായി പെയ്യുന്ന മഴയിൽ വിവിധ ജില്ലകളിൽ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.പാലക്കാട് തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read:സംസ്ഥാനത്ത് ഇന്ന് വ്യാപകമഴ; ഏഴിടത്ത് ഓറഞ്ച് അലർട്ട്
നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രന്റെ വീടിന്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു.
പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിയതോടെ മണ്ണാർക്കാട്, അരനല്ലൂർ, അഗളി എന്നിവടങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ചിരിക്കുകയാണ്.
Also Read:സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ മിന്നൽചുഴിയിൽ വ്യാപക കൃഷി നാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ്് ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ വ്യാപകനാശനഷ്ടമുണ്ടായി.
എറണാകുളത്ത് പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ മരമൊടിഞ്ഞ് വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നിട്ടുണ്ടെങ്കിലും അപകടകരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Also Read:ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റി; നടപടി അതീവസുരക്ഷയിൽ
കാറ്റിലും മഴയിലും കോട്ടയം ജില്ലയിലെ കറുകച്ചാൽ, വൈക്കം, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ, വടശ്ശേരിക്കര തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു. ശക്തമായ കാറ്റിൽ റാന്നിയിൽ വെള്ളിയാഴ്ച വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
ഡാമുകളിൽ ജലനിരപ്പുയരുന്നു
മലയോര മേഖലയിൽ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. ഷോളയാർ ഡാമിൽ 96ശതമാനം വെള്ളം നിറഞ്ഞു. ഷോളയാർ ഡാമിൻറെ സ്പിൽവേ ഷട്ടർ അരയടി ഉയർത്തി.ജലവിതാനം ഉയർന്ന സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂവീസ് വാൽവും തുറന്നിട്ടുണ്ട്. ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു. പുഴയിൽ നിലവിൽ മൂന്നര മീറ്ററാണ് വെള്ളം.പുഴയോരവാസികൾ ജാഗ്രത പുലർത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ ആശങ്കയില്ലെന്നും അധികൃതർ അറിയിച്ചു.
Read More
മിഥുൻറെ മരണം;സ്കൂൾ സർക്കാർ ഏറ്റെടുത്തു, മാനേജറെ പുറത്താക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.