/indian-express-malayalam/media/media_files/uploads/2021/07/rain-1-3.jpg)
Cyclone Gulab: തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും എറണാകുളത്ത് ഓറഞ്ച് അലർട്ടും മറ്റു 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- സെപ്റ്റംബർ 27: ഇടുക്കി, തൃശൂർ
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- സെപ്റ്റംബർ 27: എറണാകുളം
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- സെപ്റ്റംബർ 27 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- സെപ്റ്റംബർ 28 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
- ഒക്ടോബർ 01 : തിരുവനന്തപുരം, കൊല്ലം
മഴ ശക്തായതോടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി. പമ്പയിൽ രണ്ടുമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുണ്ട്. പമ്പയാറിന്റെ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിർദേശമുണ്ട്.
ഇന്നലെ രാത്രിയോടെയാണ് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഒഡിഷയുടെ തെക്കന്‍ മേഖലയിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിലും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
Also Read: കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.