/indian-express-malayalam/media/media_files/uploads/2022/02/governor-arif-mohammad-khan-on-signing-lokayuktha-ordinance-616329-FI.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതില്‍ വിശദീകരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. "മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ഓര്‍ഡിനന്‍സ് ഒപ്പിട്ടത് ഭരണഘടനാപരമായ ചുമതലയാണ്. നിയമവിരുദ്ധമായതൊന്നും ഓര്‍ഡിനന്‍സില്‍ കാണാന്‍ കഴിഞ്ഞില്ല" ഗവര്‍ണര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ ആക്ഷേപിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒരു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ പറ്റി പറയുന്നില്ല. ദൈനം ദിന രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട ഒരാളല്ല താനെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിനെതിരായ കേന്ദ്ര നടപടി കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. വിദേശയാത്രയ്ക്ക് ശേഷം സംസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിതിന് പിന്നാലെയായിരുന്നു നടപടി.
ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഭേദഗതി വരുത്തുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ എ ജിയുടെ നിയമോപദേശമുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ വിശദീകരണം നടത്തിയിരുന്നു. ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നായിരുന്നു നിയമ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നത്.
1999 ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി പറഞ്ഞാല്‍ അത് അംഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ്. ലോകായുക്തയുടെ ഈ അധികാരമാണ് ഓര്‍ഡിനന്‍സ് നിലവില്‍ വന്നതോടെ നഷ്ടമായിരിക്കുന്നത്.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയത്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി വന്നതിന് പിന്നാലെയാണ് അടിയന്തര നടപടിയെന്നും സതീശന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.