തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനധികൃതമായി വകമാറ്റി ചിലവാക്കിയെന്ന് ആരോപിച്ചുകൊണ്ടുള്ള ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ് പണം നല്‍കിയതെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരമാകും ഇന്നത്തെ നടപടികള്‍.
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്റേയും എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റേയും കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ധനസഹായം നല്‍കിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം, ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി ഇന്നലെ നിരസിച്ചു. ഓര്‍ഡിനന്‍സിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ഭേദഗതി ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ഭേദഗതി ലോകായുക്തയെ ദുർബലമാക്കുമെന്നും ഓർഡിനൻസ് ഭരണഘടനക്ക് നിരക്കുന്നതല്ലന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ശശികുമാര്‍ തന്നെയാണ് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി ഗവര്‍ണറോട് സംസാരിച്ചതിന് ശേഷമായിരുന്നു നടപടി. പ്രതിപക്ഷത്തിന്റേയും സിപിഐയുടേയും എതിര്‍പ്പ് നിലനിന്നിരുന്നെങ്കിലും ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു.
Also Read: ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും