scorecardresearch

സ്പ്രിൻക്ലറുമായി കരാർ ഉണ്ടാക്കിയത് അടിയന്തരമായി രോഗവ്യാപനം തടയുന്നതിനെന്ന് സർക്കാർ

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പൊതുതാൽപ്പര്യ സംരക്ഷണത്തിനമായി സർക്കാർ ഉത്തമ വിശ്വാസത്തോടെ എടുത്ത തീരുമാനമാണിത്

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പൊതുതാൽപ്പര്യ സംരക്ഷണത്തിനമായി സർക്കാർ ഉത്തമ വിശ്വാസത്തോടെ എടുത്ത തീരുമാനമാണിത്

author-image
WebDesk
New Update
Sprinklr, സ്പ്രിങ്ക്‌ളർ, Pinarayi Vijayan, പിണറായി വിജയൻ, Corona, കൊറോണ, IE malayalam, ഐഇ മലയാളം

കൊച്ചി: കോവിഡ് ഡാറ്റാ വിശകലനത്തിന് അമേരിക്കൻ ഐടി കമ്പനി സ്പ്രിൻക്ലറുമായി കരാർ ഉണ്ടാക്കിയത് അടിയന്തരമായി രോഗവ്യാപനം തടയുന്നതിനാണെന്ന് സർക്കാർ. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പൊതുതാൽപ്പര്യ സംരക്ഷണത്തിനമായി സർക്കാർ ഉത്തമ വിശ്വാസത്തോടെ എടുത്ത തീരുമാനമാണിതെന്നും, അടിയന്തരഘട്ടത്തിൽ സർക്കാരിന് പ്രവർത്തിക്കേണ്ടി വന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Advertisment

സ്പ്രിൻക്ലറുമായുള്ള കരാർ റദ്ദാക്കണമെന്നും ഡാറ്റാ കൈമാറ്റത്തിൽ ഫോറൻസിക് പരിശോധന വേണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്.

Read More: നെഞ്ചുവേദന; സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രവാസികൾ അടക്കമുള്ളവർ മടങ്ങി വരുന്ന സാഹചര്യത്തിൽ രോഗ നിയന്ത്രണത്തിന് സ്വീകരിക്കേണ്ട നടപടികളിൽ സർക്കാർ വിദഗ്ധോപദേശം തേടിയെന്നും സ്പ്രിൻക്ലർ കമ്പനി ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്ന സ്ഥാപനമാണന്നും സർക്കാർ കോടതിയെ അറിയിച്ചു.

Advertisment

കേരളത്തിൽ മാർച്ച് 28നും ഏപ്രിൽ 4 നും ഇടയിൽ 80 ലക്ഷം പേർ രോഗഗ്രസ്തരാവും എന്ന് അന്താരാഷ്ട്ര തലത്തിൽ പഠന റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിൽ സർക്കാരിന് മുന്നിൽ ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായി. ഡാറ്റ പൂർണമായും സുരക്ഷിതമാണന്നും കൈമാറിയ വിവരങ്ങളിൽ മേൽ സർക്കാരിന് ഉടമസ്ഥതയും നിയന്ത്രണവും ഉണ്ടെന്നും ഡാറ്റാ വിദേശത്തെ സർവറിൽ അല്ല സൂക്ഷിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആമസോൺ ക്ലൗഡിന്റെ മുംബൈയിലുള്ള സർവറിലാണ് ഡാറ്റ സൂക്ഷിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണ് ആമസോൺ ക്ലൗഡ് സർവർ സിഡിറ്റ് സർവറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇത് കേന്ദ്ര ഓഡിറ്റിംഗ് ഏജൻസികൾ ഓഡിറ്റ് ചെയ്യുന്നുണ്ട്. ഡാറ്റാ ചോർന്നാൽ അപ്പോൾ തന്നെ നടപടി എടുക്കാനാവും.

ഡാറ്റാ ശേഖരണത്തിന് സിഡിറ്റ് സർവർ പര്യാപ്തമാണോ എന്ന് പരിശോധിച്ചുവെന്നും വൻതോതിലുള്ള ഡാറ്റാ സൂക്ഷിക്കുന്നതിന് സ്ഥലമില്ലെന്നും സ്പ്രിൻക്ലറിന്റെ സോഫ്റ്റ്‌വെയർ ഡാറ്റാ വിശകലനത്തിന് മെച്ചപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടെന്നും സർക്കാർ അറിയിച്ചു. ഡാറ്റാ സംരക്ഷണത്തിന് സ്പ്രിൻക്ലറുമായി കരാർ ഉറപ്പാക്കിയിട്ടുണ്ട്. നോൺ ഡിസ്ക്ലോഷർ കരാർ പ്രകാരം വിവരങ്ങൾ വെളിപ്പെടുത്താനാവില്ല.

പൗരന്റ സ്വകാര്യതക്കും സംരക്ഷണമുണ്ട്. ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കുന്നതിനാൽ അധികാര പരിധിയുടെ കാര്യത്തിൽ തർക്കത്തിനിടയില്ല. കരാർ ലംഘനമുണ്ടായാൽ കമ്പനിക്കെതിരെ ഇന്ത്യയിലും നിയമ നടപടി സാധ്യമാണ്. ഡാറ്റാ സുരക്ഷിതത്വ ലംഘനം ഇന്ത്യൻ ഐടി ആക്ടിന്റെ പരിധിയിൽ വരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സ്പ്രിൻക്ലറിന്റെ സേവനം സൗജ്യമാണ്. സർക്കാറിന് ചെലവില്ല. 15,000 രൂപയിൽ താഴെ വരുന്ന പർച്ചേസ് ഓർഡറിന് അംഗീകാരം നൽകാൻ വകുപ്പ് മേധാവികൾക്ക് അധികാരമുണ്ട്. സൗജന്യ സേവനമായതിനാൽ നടപടിച്ചടങ്ങൾ ബാധകമല്ല. സൗജന്യ വാണിജ്യ വിനിമയായതിനാൽ നിയമവകുപ്പ് പരിശോധിക്കേണ്ടതില്ലന്നും സർക്കാർ അറിയിച്ചു.

പർച്ചേസ് ഓർഡർ പ്രകാരമുള്ള നിബന്ധനകളും ഡാറ്റാ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. വിവരശേഖരണം വിവരം നൽകുന്നയാളുടെ ആരോഗ്യ സംരക്ഷണത്തിനാണ്. രോഗമെന്താണ് എന്നല്ലാതെ രോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിക്കുന്നില്ല. വിവരങ്ങൾ ചോദിക്കുന്നത് കോവിഡ് പ്രതിരോധത്തിന് വേണ്ടി മാത്രമാണ്.

കോവിഡ് നിയന്ത്രണത്തിന് സർക്കാർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടന്ന് ഹർജിക്കാരൻ തന്നെ സമ്മതിക്കുന്നുണ്ടന്ന് സർക്കാർ ബോധിപ്പിച്ചു. ഡാറ്റ ചോരുമെന്നതിന് ഹർജിക്കാരൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. ഡാറ്റാ ചോരുമെന്ന് ആരെങ്കിലും പരാതിപ്പെട്ടതായും ഹർജിക്കാരൻ തെളിവു ഹാജരാക്കിയിട്ടില്ല. ഹർജി അപക്വവും നിലനിൽക്കാത്തതുമാണന്നും സർക്കാർ ബോധിപ്പിച്ചു. സർക്കാരിന്റെ വിശദീകരണം നാളെ കോടതി പരിഗണിക്കും.

കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവരുടേതടക്കം 3 ഹർജികൾ കൂടി സർക്കാർ നാളെ പരിഗണിക്കും.

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: