/indian-express-malayalam/media/media_files/uploads/2020/07/Chennithala-.jpg)
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരേ സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത് മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയത്.
കേസിലെ ഒന്നാം പ്രതിയുടെ മൊഴിയിൽനിന്ന് മനസ്സിലാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്നാണെന്ന് ചെന്നിത്തല പറഞ്ഞു. "ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് വിധേയമാവണം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സാഹചര്യങ്ങളാണ് വന്നു ചേരുന്നത്. ആ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷേ ഇവിടെ ഉപ്പുതിന്നവൻ വെള്ളം കുടിക്കുന്നില്ല. അവർ കുടിക്കണമെന്നാണ് പ്രതിപക്ഷത്തിന് പറയാനുള്ളത്. അവർ ഇപ്പോഴും രക്ഷപ്പെട്ടു നിൽക്കുകയാണ്, അത് ശരിയല്ല," ചെന്നിത്തല പറഞ്ഞു.
Read more: ആധുനിക മാരീചന്മാരെ തിരിച്ചറിയണം; വിമർശനവുമായി സിപിഐ
"ഈ കള്ളക്കടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിനാണ്. അവരെ സഹായിച്ചത് മുഴുവൻ മുഖ്യമന്ത്രിയുടെ ഓഫീസാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ധാർമികമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻകഴിയില്ല," ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ കൺസൽട്ടൻസി രാജാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അനധികൃതമായ നിയമനങ്ങളാണ് കൺസൾട്ടൻസിയുടെ മറവിൽ ധാരാളമായി നടക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ നടത്താനാണ് കൺസൽട്ടൻസിയെ നിയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നൽകിയത് ടെണ്ടര്‍ പോലും ഇല്ലാതെയാണ്. ഇത് ആരുടെ താൽപര്യം അനുസരിച്ചായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സെബി കരിമ്പട്ടികയിൽ പെടുത്തിയിട്ടും ആ കമ്പനിക്ക് കൺസൾട്ടൻസി കരാര്‍ നൽകിയത് എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Readd more: പുകമറയ്‌ക്ക് അൽപ്പായുസേയുള്ളൂ, യഥാർഥ്യം പുറത്തുവരും; ആത്മവിശ്വാസത്തോടെ പിണറായി
സർക്കാരിനു നഷ്ടപ്പെടാൻ പ്രതിച്ഛായ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. പിആർ ഏജൻസികൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ എഴുതിയാൽ പ്രതിച്ഛായയുണ്ടാവില്ല. പ്രചാരണങ്ങൾക്ക് സോപ്പുകുമിളയുടെ ആയുസേ. പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് അൽപ്പായുസേ ഉള്ളൂ എന്നും സർക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി ശനിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു എന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയെന്ന വാർത്തകളെ പിണറായി തള്ളുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us