തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രാഷ്‌ട്രീയ വിവാദങ്ങളിൽ പൂർണ ആത്മവിശ്വാസത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് അൽപ്പായുസേ ഉള്ളൂ എന്നും സർക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തെറ്റ് ചെയ്‌തവരെ സംരക്ഷിക്കുന്ന നിലപാട് ഈ സർക്കാരിൽ നിന്നുണ്ടാകില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. മുൻ സർക്കാരിനെ പോലൊരു നിലപാട് ഈ സർക്കാരെടുക്കില്ല,” പിണറായി പറഞ്ഞു

Read Also: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ്, സമ്പർക്കം വഴി 364 പേർക്ക്

ഇപ്പോഴത്തെ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും പിണറായി ആവർത്തിച്ചു. “സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ചിലർ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുണ്ട്. സർക്കാരിനെതിരെ ഒരു പൊതുവികാരം ഉയർത്താനാണ് പലരും ശ്രമിക്കുന്നത്. പുകമറയ്‌ക്ക് ചെറിയ ആയുസേ ഉള്ളൂ. സർക്കാരിനെതിരെ പ്രചരണങ്ങൾ നടത്തുന്നവർക്ക് തൽക്കാലം ഒരു ആശ്വാസമൊക്കെ തോന്നുന്നുണ്ടാകും. വസ്‌തുതകളും യാഥാർഥ്യങ്ങളും പുറത്തുവരും. ഇതോടെ എല്ലാം തീരില്ല. കേസിൽ കൃത്യമായ അന്വേഷണം നടക്കട്ടെ. തെറ്റ് ചെയ്‌ത ആരെയും സംരക്ഷിക്കാൻ സർക്കാരുണ്ടാകില്ല,” മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉയർത്തിയ ആരോപണത്തെ പിണറായി പരോക്ഷമായി ചോദ്യം ചെയ്‌തു. “സ്വർണക്കടത്ത് കേസ് വന്നപ്പോൾ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിളിച്ചുവെന്നാണ് ചിലർ ആരോപണമുന്നയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെയൊരു വിവരം ലഭിച്ചത്? എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്? പൊതുവികാരം സർക്കാരിനെതിരെയാക്കാം എന്ന ധാരണയിൽ നേരത്തെ തന്നെ ചിലർ ആരോപണമുന്നയിച്ചു”

Read Also: പിണറായിക്ക് പേടിയുള്ളത് പാർട്ടിയെ മാത്രം, ആർക്കും അപ്രമാദിത്തമില്ല: കോടിയേരി

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു എന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയെന്ന വാർത്തകളെ പിണറായി തള്ളി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ കാര്യങ്ങൾ പാർട്ടി സെക്രട്ടറി തന്നെ വിശദമാക്കിയിട്ടുണ്ടെന്നും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന തരത്തിൽ യാതൊരു വിലയിരുത്തലും ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook