scorecardresearch

'ദുബായില്‍ എത്തിച്ച ബാഗിൽ കറന്‍സി'; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി, ഭാര്യ, മകള്‍, സി എം രവീന്ദ്രന്‍, എം ശിവശങ്കര്‍, നളിനി നെറ്റോ, കെ ടി ജലീല്‍ തുടങ്ങിയവരുടെ കേസുമായി ബന്ധപ്പെട്ട പങ്ക് എന്താണെന്നു രഹസ്യമൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി

മുഖ്യമന്ത്രി, ഭാര്യ, മകള്‍, സി എം രവീന്ദ്രന്‍, എം ശിവശങ്കര്‍, നളിനി നെറ്റോ, കെ ടി ജലീല്‍ തുടങ്ങിയവരുടെ കേസുമായി ബന്ധപ്പെട്ട പങ്ക് എന്താണെന്നു രഹസ്യമൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി

author-image
WebDesk
New Update
Swapna Suresh, Pinarayi Vijayan, M Sivasankar

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണവുമായി പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ദുബായിലേക്കു പോയപ്പോള്‍ മറന്നുവച്ച കറന്‍സിയടങ്ങുന്ന ബാഗ് താനാണ് എത്തിച്ചതെന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടററി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

എറണാകുളത്തെ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. 2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ബാഗ് കൊണ്ടുപോകാന്‍ മറന്നത്. ബാഗ് ദുബായിലെത്തിക്കാന്‍ എം ശിവശങ്കര്‍ വിളിച്ചുപറയുകയായിരുന്നു. നയതന്ത്ര ചാനല്‍ വഴിയാണ് ബാഗ് എത്തിച്ചതെന്നും സ്വപ്‌ന പറഞ്ഞു.

''2016-ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് കാണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്ന എന്നെ ശിവശങ്കര്‍ ആദ്യമായി ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കാനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനുമാണ് ആദ്യം വിളിച്ചത്. മുഖ്യമന്ത്രി ബാഗ് മറന്നുവെന്നും എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും വിളിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്,'' സ്വപ്‌ന ആരോപിച്ചു.

കോണ്‍സുല്‍ ജനറലിന്റെ ഓഫിസിൽനിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം നിരവധി തവണ ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.

Advertisment

Also Read: സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെ; സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗുരുതരം: ചെന്നിത്തല

''എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴയ്ക്കാനോ മറ്റോ എനിക്ക് അജന്‍ഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്,''സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, എം ശിവശങ്കര്‍, നളിനി നെറ്റോ, അന്നത്തെ മന്ത്രി കെ ടി ജലീല്‍ തുടങ്ങിയവരുടെ കേസുമായി ബന്ധപ്പെട്ട പങ്ക് എന്താണെന്നു രഹസ്യമൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് വസ്തുതകളെല്ലാം അറിയാം.

പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. താന്‍ എവിടെയും പോകുന്നില്ലെന്നും എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ജീവനു ഭീഷണിയുള്ളതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലുമാണു കോടതിയില്‍ സ്വമേധയാ രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴിയിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. ബാക്കി നിങ്ങള്‍ അന്വേഷിക്കൂയെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

Swapna Suresh Pinarayi Vijayan Gold Smuggling Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: