scorecardresearch

Latest News

മുഖ്യമന്ത്രി രാജ്യത്തിന് അപമാനകരമെന്ന് സുധാകരന്‍; മാറി നില്‍ക്കട്ടേയെന്ന് സതീശന്‍

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുന്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

VD Satheeshan and K Sudhakaran

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി മാറി നിന്ന് അന്വേഷണം നേരിടണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പ്രതികരണം.

“സ്വര്‍ണക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ്. പിണറായി വിജയന്‍ തുടര്‍ഭരണം കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ വാചാലരായിരുന്നു ഇടതുപക്ഷക്കാര്‍. എന്നാല്‍ ഇതിന്റെ പിന്നില്‍ ഒരുപാട് അഴമതിക്കഥകളുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച അഴിമതികളുടെയെല്ലാം ചുരുള്‍ അഴിഞ്ഞ് വരികയാണ്,” സുധാകരന്‍ പറഞ്ഞു.

“മുഖ്യമന്ത്രിയുടെ പങ്കുള്ളതിന്റെ തെളിവുകള്‍ മാധ്യമപ്രവര്‍ത്തകരുടേയും രാഷ്ട്രീയ നേതാക്കളുടേയും കയ്യിലെത്തി നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ അഴിമതിക്കേസില്‍ പങ്കുണ്ടാകുമെന്ന് കേരളത്തില്‍ ആരും വിശ്വസിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“സിപിഎം പോളിറ്റ് ബ്യൂറോ ഇത് പരിശോധിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിമാരും ഇങ്ങനെ തലകുനിച്ച് നില്‍ക്കേണ്ടി വന്നിട്ടില്ല. ബിജെപിക്കാരുടെ ഹാവാലക്കേസും ഇതും ഒത്തുതീര്‍പ്പിലെത്തിയതാണ്, ഇതെല്ലാം മറികടന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുണ്ടായത്. ഇന്ത്യ രാജ്യത്തിന് അപമാനകരമാകുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറി,” സുധാകരന്‍ വ്യക്തമാക്കി.

‘സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെ’

സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “എത്ര മൂടി വയ്ക്കാന്‍ ശ്രമിച്ചാലും നടക്കില്ല. ഇത് പഴയ കേസാണെന്ന് പറഞ്ഞ് ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. ഓരോ ദിവസം കഴിയും തോറും വസ്തുതകള്‍ കൂടുതല്‍ പുറത്ത് വരികയാണ്,” ചെന്നിത്തല വ്യക്തമാക്കി.

“സ്വര്‍ണക്കള്ളക്കടത്ത് കേസ് ജനങ്ങള്‍ വിശ്വസിച്ചില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ വിജയമുണ്ടായി എന്നതിന്റെ അടിസ്ഥാനത്തില്‍ കയ്യില്‍ പറ്റിയ എല്ലാ അഴിമതിക്കറകളും കഴുകി കളയാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും വസ്തുതകള്‍ പുറത്ത് വരും. പലരുടേയും മുഖം അനാവരണം ചെയ്യപ്പെടും. സത്യത്തെ ആര്‍ക്കും മൂടി വയ്ക്കാന്‍ സാധ്യമല്ല,” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

“വസ്തുതയില്ലാത്ത ഒരു കാര്യവും ഞാന്‍ ഉന്നയിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ ഒന്നും തിരുത്തി പറയേണ്ടിയും വന്നിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ രേഖകളുടെ പിന്‍ബലത്തോടെ മാത്രമാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അതീവഗുരുതരമാണ്. അത് അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണവുമാണ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബായിലേക്കു പോയപ്പോള്‍ മറന്നുവച്ച കറന്‍സിയടങ്ങുന്ന ബാഗ് താനാണ് എത്തിച്ചതെന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടററി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളത്തെ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. 2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ബാഗ് കൊണ്ടുപോകാന്‍ മറന്നത്. ബാഗ് ദുബായിലെത്തിക്കാന്‍ എം ശിവശങ്കര്‍ വിളിച്ചുപറയുകയായിരുന്നു. നയതന്ത്ര ചാനല്‍ വഴിയാണ് ബാഗ് എത്തിച്ചതെന്നും സ്വപ്‌ന പറഞ്ഞു.

തലസ്ഥാനത്ത് പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

സ്വപ്ന സുരേഷിന്റെ വെളെപ്പെടുത്തലിന് പിന്നാലെ തലസ്ഥാനത്ത് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ വച്ചായിരുന്നു സംഭവം. വരും ദിവസങ്ങളില്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്.

കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നാളെ വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടിപ്രകടനം നടത്തി കരിദിനം ആചരിക്കും. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തും.

Also Read: ‘ദുബായില്‍ എത്തിച്ച ബാഗിൽ കറന്‍സി’; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case ramesh chennithala on swapna sureshs statement