scorecardresearch

'മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു'; ജഡ്‌ജിക്ക് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായാണ് സന്ദീപ് ജഡ്‌ജിക്ക് നൽകിയ കത്തിൽ

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായാണ് സന്ദീപ് ജഡ്‌ജിക്ക് നൽകിയ കത്തിൽ

author-image
WebDesk
New Update
'മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു'; ജഡ്‌ജിക്ക് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്

കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ സ്വർണക്കടത്ത് കേസ് പ്രതിയുടെ ഗുരുതരമായ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറയാൻ ഇ.ഡി. നിർബന്ധിച്ചെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. ജില്ലാ ജഡ്‌ജിക്ക് സന്ദീപ് നായർ നൽകിയ കത്തിലാണ് ഇ.ഡി.ക്കെതിരെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായാണ് സന്ദീപ് ജഡ്‌ജിക്ക് നൽകിയ കത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisment

'മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയണം. ഇവരുടെ പേരുകൾ പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഇ.ഡി. ഉദ്യോഗസ്ഥൻ രാധാകൃഷ്‌ണനാണ് ഭീഷണിപ്പെടുത്തിയത്,' സന്ദീപ് നായർ ജഡ്‌ജിക്ക് നൽകിയ കത്തിൽ പറയുന്നു

നേരത്തെ, സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി താൻ കണ്ടെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു. സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഇ.ഡി.ക്കെതിരെ മൊഴിനൽകിയത്. സ്വപ്‌നയുടെ ശബ്‌ദരേഖ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ മൊഴിയെടുത്തത്. നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഏറ്റവും നിര്‍ബന്ധപൂര്‍വം മൊഴി പറയിപ്പിച്ചത് രാധാകൃഷ്‌ണൻ എന്ന ഉദ്യോഗസ്ഥനാണെന്നും പൊലീസുകാരി മൊഴി നൽകിയിട്ടുണ്ട്.

Read Also: തുടർച്ചയായ നാല് ദിവസം ബാങ്ക് പ്രവർത്തിക്കില്ല; ഇടപാടുകാർ ശ്രദ്ധിക്കുക

Advertisment

അതേസമയം, യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്വർണക്കടത്ത്/ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്.

എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വപ്‌നയുടെ മൊഴിയെന്ന പേരിൽ കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്നാണ് സർക്കാരും സിപിഎമ്മും ആരോപിച്ചത്. കസ്റ്റംസിനെതിരെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചത്.

സ്വർണക്കടത്തിനെ കുറിച്ച് ഇതുവരെ വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. ആരാണ് സ്വർണം കടത്തിയത്, ആർക്ക് വേണ്ടിയാണ് കടത്തിയത്, ആരൊക്കെയാണ് കടത്തിയവർ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ഇതുവരെ വ്യക്തമായ അന്വേഷണം നടക്കുകയോ കുറ്റക്കാരെ കണ്ടെത്തുകയോ അന്വേഷണ ഏജൻസികൾ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: