/indian-express-malayalam/media/media_files/uploads/2020/02/Kodiyeri-Balakrishnan.jpg)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ മറ്റൊരു ചാരക്കേസാക്കാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷ പാർട്ടികളുടെ താൽപര്യങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നതാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, സർക്കാരിനെതിരെ അഭിനവ ചാരക്കേസ് സൃഷ്‌ടിച്ച് അരാജകസമരം നടത്താനാണ് കോൺഗ്രസും ബിജെപിയും ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി വിമർശിച്ചു. പാർട്ടി മുഖ്യപത്രമായ 'ദേശാഭിമാനി'യിലെ എഡിറ്റോറിയലിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കോവിഡ് നിബന്ധനകളെ പോലും വെല്ലുവിളിച്ചാണ് പ്രതിപക്ഷത്തിന്റെ സമരം. കർണാടകയിലും മധ്യപ്രദേശിലും സർക്കാരുകളെ അട്ടിമറിച്ചതുപോലെ കേരളത്തിൽ നടക്കില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള അരാജകസമരങ്ങളാണ് പലയിടത്തും നടക്കുന്നത്. പണ്ട് ചാരക്കേസ് സൃഷ്‌ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്‌പ്പിച്ച അനുഭവമുണ്ട്. കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവകാലത്താണ് അത്. ചാരക്കേസ് ഉയർത്തികൊണ്ടുവന്ന് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌പ്പിച്ച പോലൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും കോടിയേരി കുറിച്ചു.
Read Also: തോൽവിയിൽ ഞെട്ടി ബാഴ്‌സ; ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് റയൽ
"കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനെതിരെ കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാമെന്ന് കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിൽക്കും. ഇനിയുമൊരു ചാരക്കേസ് ചമയ്‌ക്കാൻ കേരളം അനുവദിക്കില്ല" കോടിയേരി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സർക്കാർ ഏതോ ചുഴിയിൽപ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണ്. ഈ വിഷയത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്-ലീഗ്-ബിജെപി എന്നിവരടങ്ങുന്ന പ്രതിപക്ഷം. എന്നാൽ, ആ സ്വപ്‌നം കല്ലിലടിച്ച പൂക്കുലപോലെ തകരുമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
ഇപ്പോൾ ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലാണ് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്. എന്നാൽ, ആ വിശ്വാസത്തിനു കോട്ടം തട്ടുന്ന രീതിയിൽ പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആരോപണമുയർന്നപ്പോൾ തന്നെ ശിവശങ്കറെ തൽസ്ഥാനത്തു നീക്കിയതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.