scorecardresearch

ഗെയില്‍: നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമെന്ന് മുഖ്യമന്ത്രി, സർക്കാരിന് കേന്ദ്രത്തിന്റെ പ്രശംസ

ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു

ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്‍റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിച്ചു. 450 കി.മീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്‍റെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

Read More: കൊച്ചി -മംഗളുരു പ്രകൃതിവാതക പൈപ്പ്‌ലൈൻ നാടിനു സമർപ്പിച്ചു; സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികള്‍ക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചു. ഗെയില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തടസ്സങ്ങള്‍ മറികടക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. അവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Advertisment

സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാന്‍ പൈപ്പ്ലൈന്‍ പൂര്‍ത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്‍റെ ലഭ്യത വര്‍ധിക്കും. ഫാക്ടിന്‍റെ വികസനത്തിനും നിര്‍ദിഷ്ട പെട്രോകെമിക്കല്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊര്‍ജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് 2010-ലാണ്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ല്‍ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പിന്‍വാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവന്‍ പ്രവൃത്തികളും ഗെയില്‍ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതല്‍ മുടക്കില്‍ പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യതയായി മാറി.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണ് പൈപ്പിടാന്‍ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെന്‍റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീട് വെയ്ക്കാന്‍ സൗകര്യം നല്‍കി. അവര്‍ക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നല്‍കി. വിളകള്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തി.

സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങള്‍ നീക്കാന്‍ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്‍റെയൊക്കെ ഫലമായി സര്‍ക്കാരിന്‍റെ ആദ്യ ആയിരം ദിവസങ്ങള്‍ക്കകം 330 കിലോമീറ്റര്‍ പൈപ്പ് ലൈനിടാന്‍ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്‍റെ പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പദ്ധതി പൂര്‍ത്തിയാക്കിയതിന് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പരിപാടിയില്‍ സംബന്ധിച്ചു.

Gail Pipe Line

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: