കൊച്ചി: കൊച്ചി-മംഗളുരു പ്രകൃതിവാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. ഇത് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെയും കർണാടകത്തിന്റെയും സുപ്രധാന ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കു പദ്ധതി കാരണമാകുമെന്നും ഇന്ധന മലിനീകരണം കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഒരു രാജ്യം ഒരു വാതക ഗ്രിഡ്’രൂപീകരണത്തിനുള്ള പ്രധാന ചുവടുവയ്പാണു കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈന്‍. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈന്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡാണ് നിര്‍മിച്ചത്. ഏകദേശം 3000 കോടി രൂപയാണു പദ്ധതി ചെലവ്.

സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന എതിര്‍പ്പാണ് പൈപ്പ്ലൈന്‍ പൂര്‍ത്തിയാക്കുന്നതില്‍ പ്രധാന വെല്ലുവിളിയായതെന്നു ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിപിന്‍ ചന്ദ്രന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”പൈപ്പ്ലൈന്‍ കടന്നുപോകുന്ന ഇടങ്ങളില്‍ താമസിക്കുന്നവരുടെ വീടും ആരാധനാലയ ങ്ങളും പൊളിച്ചുമാറ്റുമെന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ദുഷ്പ്രചാരണമാണ് ഭൂമി ഏറ്റെടുക്കല്‍ വൈകിച്ചത്. ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യമെടുക്കുകയും നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം ആര്‍ക്കും ഭൂമിയും വീടും നഷ്ടപ്പെടില്ലെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തതോടെ ജനങ്ങള്‍ക്കു വിശ്വാസമായതാണു പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇടയാക്കിയത്്,”വിപിന്‍ ചന്ദ്രന്‍ പറഞ്ഞു.

കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍നിന്നു മംഗളൂരു, ബെംഗളുരു എന്നിവിടങ്ങളിലേക്കു രണ്ടു പൈപ്പ് ലൈനുകളിലായി പ്രകൃതിവാതകം കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് ബെംഗളുരുവിലേക്കുള്ള ലൈന്‍ ആരംഭിക്കുന്നത്. ഈ ലൈന്‍ പാലക്കാട്-കോയമ്പത്തൂര്‍ അതിര്‍ത്തി വരെ മാത്രമാണു പൂര്‍ത്തിയായത്. സ്ഥലമേറ്റെടുക്കു ന്നതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ പൈപ്പിടല്‍ പ്രവൃത്തി ആരംഭിച്ചിട്ടില്ല.

പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാഹക ശേഷിയുള്ളതാണ് കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലൂടെ ആണ് പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകു ന്നത്. കൊച്ചിയില്‍നിന്നു കൂറ്റനാട് വരെ 30 ഇഞ്ചും അവിടെനിന്നു മംഗളൂരു, കോയമ്പത്തൂര്‍ അതിര്‍ത്തി എന്നിവിടങ്ങളിലേക്ക്് 24 ഇഞ്ചും പൈപ്പ്‌ലൈനാണു സ്ഥാപിച്ചിരിക്കുന്നത്.

വീട്ടാവശ്യത്തിനു പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകമായും ഗതാഗത മേഖലയ്ക്ക് സി.എന്‍.ജി രൂപത്തിലുമാണു പൈപ്പ് ലൈനിലൂടെ ഇന്ധനം ലഭ്യമാ ക്കുക. പൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പ്രകൃതിവാതകവും നല്‍കും.

കൊച്ചിയില്‍നിന്നു മംഗളൂരു വരെ ഇരുപത്തിയെട്ടും കൂറ്റനാട് നിന്നു പാലക്കാട് അതിര്‍ത്തി വരെ ആറും വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇവിടെനിന്നാണ് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ ക്കും വാഹനങ്ങള്‍ക്കും വാതകം വിതരണം ചെയ്യുക. ഇതിനുള്ള അനുമതി ഇന്ത്യന്‍ ഓയില്‍ അദാനി എന്ന കമ്പനിക്കാണു കൊടുത്തിരിക്കുന്നത്. ഇതിനുവേണ്ടി ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. റോഡുകളുടെ വശങ്ങളില്‍ കൂടി വ്യാസം കുറഞ്ഞ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണു വാതക വിതരണം നടത്തുക. ഇൗ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് വിവരം.

കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതി 12 ലക്ഷത്തോളം മനുഷ്യ തൊഴില്‍ദി നങ്ങള്‍ സൃഷ്ടിച്ചു. നൂറിലധികം പ്രദേശത്ത് ജലസ്രോതസുകളെ മുറിച്ചു കടക്കണമെന്നതിനാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വെല്ലുവിളിയായിരുന്നു. ഹൊറിസോണ്ടല്‍ ഡയറക്ഷനല്‍ ഡ്രില്ലിങ് എന്ന പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. കാസര്‍ ഗോഡ് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ പൈപ്പിടുന്നതാണു ഏറ്റവും വെല്ലുവിളിയായ ത്. ഇവിടെ പുഴയുടെ ഇരുഭാഗവും ഉയര്‍ന്നനിലയിലാണെന്നതിനാല്‍ പൈപ്പിടാന്‍ ഏറെ പ്രയാസപ്പെട്ടതായും രണ്ടു വര്‍ഷത്തോളമെടുത്താണ് ഈ ഭാഗം പൂര്‍ത്തിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.