/indian-express-malayalam/media/media_files/uploads/2019/05/sudhakaran-g-sudhakaran.1549387609-006.jpg)
കൊച്ചി: ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത 'വി ഫോർ കൊച്ചി' നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. മൂന്ന് നാല് കോമാളികൾ കാണിച്ചതിന് ജനങ്ങളുടെ പിന്തുണയില്ലെന്ന് മന്ത്രി പറഞ്ഞു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യാൻ പോകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
" വി ഫോർ കൊച്ചിയെന്നും പറഞ്ഞ് ഓരോ ബാനറുകൾ ഉയർത്തുകയാണ്. പിന്നെ, നമ്മളൊക്കെ അമേരിക്കയ്‌ക്ക് വേണ്ടിയാണോ ? ആഫ്രിക്കയ്‌ക്ക് വേണ്ടിയോ ചെയ്യുന്നത് ? വി ആർ കൊച്ചിൻ പീപ്പിൾ," മന്ത്രി പറഞ്ഞു.
" അറസ്റ്റ് ചെയ്തപ്പോൾ ഇവർ പറഞ്ഞത് തങ്ങളല്ല ഇത് ചെയ്തതെന്നാണ്. ചെയ്ത കാര്യം ചെയ്തു എന്ന് സമ്മതിക്കാൻ പോലും കഴിയാത്തവർ. വെറും ഭീരുക്കളാണ്. ഇവരാണോ നാട് നന്നാക്കാൻ പോകുന്നത് ? " മന്ത്രി ചോദിച്ചു.
ട്വന്റി ട്വന്റിക്കാരന്റെ കളി വൈറ്റിലയിലും പാലാരിവട്ടത്തും കുണ്ടന്നൂരും വേണ്ട. തൽക്കാലം അവിടെ നിൽക്കട്ടെ. കൊച്ചിയിൽ അരാഷ്ട്രീയ വാദികളുടെ അതിപ്രസരമാണ്. ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ച സർക്കാരിന്റെ മുകളിൽ പറക്കാൻ ശ്രമിച്ചാൽ ചിറക് കരിഞ്ഞു താഴെ വീഴുമെന്നും സുധാകരൻ പറഞ്ഞു.
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ് വഴിയാണ് വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഉദ്ഘാടനം ചെയ്യുക. വൈറ്റില മേൽപ്പാലം രാവിലെ 9.30 നും കുണ്ടന്നൂർ മേൽപ്പാലം 11 മണിക്കും മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. പാലാരിവട്ടം മേൽപ്പാലം എല്ലാ പണികളും പൂർത്തിയാക്കി മേയിൽ തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ നവയുഗ പുരുഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പൊതുമരാമത്ത് മന്ത്രി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.