തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ അതൃപ്‌തി ആവർത്തിച്ച് സിപിഎം. അന്വേഷണം നേർവഴിക്കല്ലെന്നും ഇക്കാര്യം ദേശീയ തലത്തിൽ ഉയർത്തിക്കാണിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ വിരുദ്ധ പ്രചാരകരായി മാറി. കേന്ദ്ര അന്വേഷണ ഏജൻസികൾ ഫെഡറലിസത്തെ അട്ടിമറിക്കുന്നു. കേരള സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായി മാറിയെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ അട്ടിമറി നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കും. തെറ്റായ കാര്യങ്ങൾക്കെതിരെയാണ് ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പുതിയ കഥകൾ മെനഞ്ഞ് സർക്കാരിനെ പ്രതിരോധത്തിലാക്കാണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗൃഹ സന്ദർശന പരിപാടി നടത്താനാണ് സിപിഎം തീരുമാനം. പാർട്ടി എന്ന നിലയിൽ എന്തെങ്കിലും പരിമിതികൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിക്കാനാണ് ഗൃഹ സന്ദർശന പരിപാടി നടത്തുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.

സംസ്ഥാനത്തെ കോൺഗ്രസിന്റെ തകർച്ച സർജറിയിലൂടെ തീരില്ലെന്നും എൻസിപി ഇടതുമുന്നണിക്കൊപ്പം തന്നെ നിൽക്കുമെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇല്ലാതാക്കാൻ സാധിക്കില്ലെന്നും സിപിഎം സെക്രട്ടറി പറഞ്ഞു. പിണറായി വിജയനെ അധിക്ഷേപിക്കുകയെന്നത് പലരും തുടർച്ചയായി ചെയ്യുന്നതാണ്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.