/indian-express-malayalam/media/media_files/uploads/2019/11/car-1.jpg)
വായുമലിനീകരണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍നിന്ന് മറികടക്കാന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കു ചുവടുമാറാനുള്ള സജീവ നീക്കത്തിലാണു രാജ്യം. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു വഴികാട്ടാനൊരുങ്ങുന്ന കേരളം 2022 ഓടെ 10 ലക്ഷ്യം ഇലക്ട്രിക് വാഹനങ്ങളാണു ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളാണു ഭാവിയെന്ന് 25 വര്‍ഷം മുന്‍പ് മനസിലാക്കിയ ഒരാളുണ്ട് കേരളത്തില്‍. കാലത്തിനു മുന്നേ സഞ്ചരിച്ച ഇലക്ട്രിക് വിപ്ലവത്തിന്റെ കഥയാണ് തൃശൂര്‍ സ്വദേശി എം.ഡി.ജോസിന്റെ ജീവിതം. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന് രൂപംനല്‍കിയത് ഈ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്.
ജോസുണ്ടാക്കിയ ആദ്യ ഇലക്‌ട്രിക് കാറും അത് നിര്‍മിച്ച ഫാക്ടറിയും ഇപ്പോഴും ചാലക്കുടിയിലുണ്ട്. ജോസിന്റെ മക്കളായ എം.ജെ. മാത്യുവും എം. ജെ. ഡേവിഡുമാണ് 'എഡ്ഡി കറന്റ് കണ്‍ട്രോള്‍സ്' ഇപ്പോള്‍ നോക്കി നടത്തുന്നത്. ഏകദേശം നാല്‍പ്പതോളം ജീവനക്കാരാണ് സ്ഥാപനത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. 1971 ൽ ജോസ് ആരംഭിച്ച സ്വപ്‌ന സംരഭമായ എഡ്ഡി കറന്റസിനെ കുറിച്ച് മാത്യുവും ഡേവിഡും ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
കാലത്തിന് മുന്നേ സഞ്ചരിച്ച ഇലക്‌ട്രിക് വിപ്ലവം
"കാലത്തിനു മുന്നേ സഞ്ചരിച്ച ഇലക്‌ട്രിക് വിപ്ലവമെന്നാണ് അപ്പച്ചന്റെ പ്രയത്‌നങ്ങളെ മാത്യുവും ഡേവിഡും വിശേഷിപ്പിക്കുന്നത്. ഏറെ വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് അപ്പച്ചന്‍ 1994 ല്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ നിര്‍മിച്ചത്. അന്നത്തെ കാലത്ത് ജനങ്ങള്‍ക്കൊന്നും ഇതേ കുറിച്ച് വലിയ അറിവില്ല. കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു വിപ്ലവമായിരുന്നു അത്. വീട്ടുകാര്‍ പോലും അപ്പച്ചനെ പിന്തുണച്ചില്ല. കാരണം ഇതേക്കുറിച്ച് ആര്‍ക്കും വലിയ അറിവില്ലായിരുന്നു,"
"എട്ട് വര്‍ഷത്തോളം ഇലക്ട്രിക് കാറിന്റെ പണിപ്പുരയിലായിരുന്നു അപ്പച്ചന്‍. വലിയ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തിയത്. ആരും പ്രോത്സാഹിപ്പിക്കാന്‍ ഇല്ലാതിരിന്നിട്ടും അപ്പച്ചന്‍ സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് മുന്നോട്ടുപോയി. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയുണ്ടായിരുന്നില്ല. ഒരു ലോണിനൊക്കെ പോയാല്‍ എല്ലാവരും തള്ളിക്കളയും. 'വട്ടന്‍' പരിപാടി എന്നാണ് പലര്‍ക്കും തോന്നിയിരുന്നത്. അതുകൊണ്ടാണ് അപ്പച്ചന്‍ കാലത്തിനു മുന്‍പേയാണ് ഇ-കാര്‍ നിര്‍മിച്ചതെന്ന് പറയുന്നത്," മാത്യു പറഞ്ഞു.
വാര്‍ത്തകളില്‍ ഇടംപിടിച്ച ലൗവ് ബേര്‍ഡും ദിവ്യ ഉണ്ണിയും
"ലൗവ് ബേര്‍ഡ് കാറുകളാണ് ആദ്യം പുറത്തിറക്കിയത്. നടി ദിവ്യ ഉണ്ണിയാണ് അന്ന് കാര്‍ ഉദ്ഘാടനം ചെയ്തത്. രണ്ടു പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ളതാണ് ലൗവ് ബേര്‍ഡ്. 20 ലൗവ് ബേര്‍ഡുകളാണ് അന്ന് വിറ്റുപോയത്. രണ്ടു ലക്ഷം രൂപയായിരുന്നു അന്നത്തെ വില. 45,000 രൂപയാണ് സര്‍ക്കാരില്‍നിന്ന് സബ്‌സിഡി ലഭിച്ചത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ഒരു കാര്‍ നിര്‍മിക്കാന്‍ അന്ന് ചെലവ് വന്നിട്ടുണ്ട്. തുച്ഛമായ ലാഭത്തിലാണ് പക്ഷേ വിറ്റുപോയത്," മാത്യു പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/11/car-7.jpg)
ചെലവായത് കോടികള്‍
"മൂന്ന് കോടി രൂപയാണ് സംരംഭം തുടങ്ങാനായി അന്ന് ചെലവായത്. 25 വര്‍ഷം മുന്‍പ് അത്ര ചെലവ് വന്നിട്ടുണ്ട്. എന്നാല്‍, സ്വന്തം നാട്ടിലൂടെ ഓടിക്കാന്‍ പോലും അന്ന് ഇലക്‌ട്രിക് കാറിന് അനുമതി ലഭിച്ചില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോഴും ഉണ്ട്," മാത്യു പറഞ്ഞു.
Read Also: സഭയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ‘പാപി’; സിസ്റ്റർ ലൂസിയുടെ ജീവിതം
പ്ലാറ്റ് ഫോം ട്രക്കുകൾക്കും ബഗ്ഗികൾക്കുമാണ് ഡിമാൻഡ്
"ബാറ്ററി ഓപ്പറേറ്റഡ് പ്ലാറ്റ്‌ഫോം ട്രക്കുകള്‍ക്കും ബഗ്ഗികള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ്. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമാണ് പ്ലാറ്റ്‌ഫോം ട്രക്കുകളും ബഗ്ഗികളും കൂടുതല്‍ ആവശ്യം. അതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. രണ്ട് ടൺ മുതൽ നാല് ടൺ വരെ സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കുന്ന ക്യാരേജുകളാണ് ഇലക്‌ട്രിക് ട്രക്കുകൾ. നേവിയിലും റെയിൽവേ സ്റ്റേഷനുകളിലുമാണ് ഇലക്ട്രിക് ട്രക്കുകൾ കൂടുതൽ ഉപയോഗിക്കുന്നത്. ബഗ്ഗികൾക്കും വലിയ രീതിയിൽ ഡിമാൻഡ് വന്നുതുടങ്ങിയിട്ടുണ്ട്,"
/indian-express-malayalam/media/media_files/uploads/2019/11/car-4.jpg)
"കോയമ്പത്തൂരിലെ അമൃത കോളേജിലേക്കാണ് ബഗ്ഗി നിർമിച്ച് നൽകിയിരുന്നു. ക്യാംപസ് ആവശ്യത്തിനു വേണ്ടിയാണ് ഇത്. ഒരു ബഗ്ഗി കൂടി അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ബഗ്ഗികൾക്ക് തരക്കേടില്ലാത്ത മാർജിൻ ലഭിക്കുന്നുണ്ട്.
ഇവ കൂടാതെ പവര്‍ പ്ലാന്റ്സ്, ഷുഗര്‍ മില്‍സ്, ടെക്സ്റ്റൈല്‍, സിമന്റ് വ്യവസായം പോലുള്ളവയ്ക്ക് ആവശ്യമായ വ്യത്യസ്തതരത്തിലുള്ള സ്‌പീഡ് മോട്ടോറുകൾ നിർമിച്ചാണ് കമ്പനി ശ്രദ്ധ നേടുന്നത്. മോട്ടോർ നിർമാണം ഇപ്പോഴുമുണ്ട്. ഹെെ സ്‌പീഡ് മോട്ടോറുകളുടെ നിർമാണം ലാഭകരമാണ്. കമ്പനിയുടെ പ്രധാന വരുമാനവും അത് തന്നെയാണെന്നും" എം.ജെ.മാത്യു പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/12/car-1.jpg)
സര്‍ക്കാര്‍ സഹായം ഉണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെടുത്താം
"സര്‍ക്കാര്‍ സഹായം കാര്യമായി ലഭിക്കുന്നില്ല. സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും സഹായം ലഭിച്ചാല്‍ അത് കൂടുതല്‍ ഗുണം ചെയ്യും. കെഎഎല്ലുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അപ്പച്ചനുള്ള സമയത്ത് മന്ത്രിമാരുമായൊക്കെ സംസാരിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചാൽ വലിയ പ്രൊജക്ടുകൾ ചെയ്യാം. ചെറിയ കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. വലിയ കമ്പനികൾക്കാണ് സർക്കാർ കൂടുതൽ സഹായം നൽകുന്നത്. ചെറിയ കമ്പനികളെ സഹായിക്കാർ സർക്കാർ തയ്യാറായാൽ ചെറിയ ചെലവിൽ പുതിയ പ്രൊഡക്‌ടുകൾ ഉണ്ടാക്കാം. 18 ശതമാനം പലിശയാണ് ലോണിനൊക്കെ ഈടാക്കുന്നത്. വലിയ കമ്പനികളുടെ ലോണുകളൊക്കെ എഴുതിത്തള്ളുന്നുണ്ട്. എന്നാൽ, ചെറിയ കമ്പനികളുടെ കഴുത്തിനു പിടിക്കുകയാണ്. പലരുമായി ചർച്ചകളൊക്കെ നടത്തുന്നുണ്ട്. എന്നാൽ, സർക്കാരിൽ നിന്ന് ഗ്രാന്റോ മറ്റു സാമ്പത്തിക സഹായമോ ഇതുവരെ ലഭിച്ചിട്ടില്ല," എം.ജെ.ഡേവിഡ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/11/car-11.jpg)
അവസാനംവരെ കർമനിരതനായിരുന്നു അപ്പച്ചൻ
"2018 ലാല്‍ 81-ാം വയസിലാണ് അപ്പച്ചന്‍ മരിക്കുന്നത്. അവസാന സമയത്തും അദ്ദേഹം ഫാക്ടറിയില്‍ വന്ന് ഓരോന്ന് ചെയ്യുമായിരുന്നു. രാത്രിയിലും ഇവിടെ തന്നെ ഉണ്ടാകും. അപ്പച്ചനോട് ഇത്തരം കാര്യങ്ങളോടെല്ലാം വലിയ താല്‍പ്പര്യമായിരുന്നു. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതില്‍ വലിയ താല്‍പ്പര്യമായിരുന്നു," മാത്യുവും ഡേവിഡും ഓർക്കുന്നു
ഇ-കാറിനുള്ള പ്രായോഗിക ബുദ്ധിമുട്ട്
ഇ-കാറിലേക്ക് ഉടന്‍ മാറില്ല. കാരണം ഡിമാന്‍ഡ് കുറവാണ്. ഇ-കാറുകൾ അത്ര പെട്ടന്ന് വിജയിക്കാൻ സാധ്യതയില്ല. അതിനുകാരണം പ്രായോഗിക ബുദ്ധിമുട്ടാണ്. ബാറ്ററി ചാർജ് ചെയ്യാനുള്ള സമയമാണ് ഏറ്റവും വലിയ തിരിച്ചടി. ഒരു വലിയ കാർ ചാർജ് ചെയ്യണമെങ്കിൽ നാല് മണിക്കൂർ ആവശ്യമാണ്. ആ സമയത്ത് പെട്രോൾ വാഹനമാണെങ്കിൽ അതിന് വളരെ ചെറിയ സമയമേ വേണ്ടൂ. ബാറ്ററി ചാർജ് ചെയ്യാനെടുക്കുന്ന സമയം കൂടുതലാണെന്നതിനാൽ ഇ-കാർ പ്രായോഗികമല്ലെന്ന് എം.ജെ. ഡേവിഡ് പറഞ്ഞു.
ബാറ്ററി ചാർജ് ചെയ്യുന്നതിനു പകരം ഗ്യാസ് സിലിണ്ടർ രീതിയിലേക്ക് മാറാൻ കഴിഞ്ഞാൽ സമയ നഷ്ടം കുറയ്ക്കാൻ സാധിക്കും. ചാർജിങ് സ്റ്റേഷനുകളിൽ ബാറ്ററികൾ മാറി നൽകാൻ സാധിക്കുന്ന വിധം പദ്ധതി കൊണ്ടുവന്നാൽ ഇ-കാർ പ്രായോഗികമാകും. ഇ-കാറുകൾക്കുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിച്ചാൽ ആ രംഗത്തും മുന്നേറ്റം നടത്താൻ സാധിക്കുമെന്നും മാത്യു പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.