ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സമരത്തിനാണ് കഴിഞ്ഞ വര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. കത്തോലിക്കാ സഭയില്‍ നിന്നും നീതി തേടി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത് അന്ധാളിപ്പോടെയാണ് ലോകം കണ്ടിരുന്നത്. മുതിര്‍ന്ന വൈദികനാല്‍ പല തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയ കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കുന്ന മറ്റു കന്യാസ്ത്രീകളും ദിവസങ്ങളോളം നീതിയ്ക്കായി പോരാടി, ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തലുമായി വന്ന ആ കന്യാസ്ത്രീയ്ക്ക് ഐക്യദാര്‍ഢ്യവുമായി സധൈര്യം മുന്നോട്ട് വന്ന പേരുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടേത്. സമരത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍, പിന്നീട് ‘കാര്യമായ കാരണങ്ങള്‍’ ഇല്ലാത്ത മറ്റു പലതിന്റെയും പേരില്‍, അന്‍പതിമൂന്ന് വയസ്സുകാരിയായ ഈ കന്യാസ്ത്രീ സഭാ നടപടികള്‍ നേരിടേണ്ടി വന്നു. പുസ്തകം പ്രസിദ്ധീകരിച്ചു, ഡ്രൈവിങ് ലൈസന്‍സ് എടുത്തു, വാഹനം വാങ്ങി എന്നീ ‘കുറ്റങ്ങള്‍’ ചുമത്തി വിശദീകരണം നല്‍കണമെന്ന് സഭ ആവശ്യപ്പെട്ടപ്പോള്‍, ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ, ഓരോന്നിനോടും അവര്‍ പ്രതികരിച്ചു.
‘ഇനിയും ഒരുപാട് പറയാനുണ്ട്’ എന്ന സിസ്റ്റര്‍ ലൂസിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍പറ്റിയാണ് അവരെ ആദ്യം വിളിക്കുന്നത്. വയനാട്ടില്‍ സിസ്റ്റര്‍ പഠിപ്പിക്കുന്ന ഇടത്തേക്ക് ക്ഷണിച്ചു. ‘സ്കൂള്‍ കഴിഞ്ഞു കാണാം, രാത്രി തങ്ങാന്‍ ഇവിടെത്തന്നെ ഹോസ്റ്റല്‍ സൗകര്യമുണ്ട്, വരൂ’ എന്നൊക്കെ സിസ്റ്റര്‍ പറഞ്ഞു. ഏതൊരാള്‍ക്കും അത്ഭുതവും ആരാധനയും തോന്നിപ്പിക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതിനു ശേഷം സിസ്റ്റര്‍ തിരിച്ചു പോകുന്നത് ഈ കോണ്‍വെന്‍റിലേക്കാണല്ലോ, അവിടെയുള്ളവര്‍ക്കും ആരാധനയും അത്ഭുതവുമാകുമോ? ഒരു അധ്യാപിക കൂടിയായ സിസ്റ്റര്‍ ലൂസിയുടെ സ്കൂളിലെ ജീവിതം എങ്ങനെയാണ്? മൂര്‍ച്ചയേറിയ ഈ പ്രതികരണങ്ങളെ അവര്‍ നിത്യേന ഇടപെടുന്ന വിശ്വാസികള്‍ അടങ്ങുന്ന ഒരു സമൂഹം എങ്ങനെയായിരിക്കും കാണുന്നത്? പറയാനുള്ളതെല്ലാം പലപ്പോഴായി പറഞ്ഞു കഴിഞ്ഞിരുന്ന സിസ്റ്ററിന്റെ ലോകത്തിനും പറയാന്‍ മറ്റെന്തെങ്കിലും ഉണ്ടാവുമല്ലോ?

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വയനാട്, മാനന്തവാടി കാരയ്ക്കാമലയ്ക്കടുത്ത് നാലാം മൈലില്‍ ബസ്സിറങ്ങിയത്. ഭക്ഷണം കഴിച്ചതിനു ശേഷം സിസ്റ്റര്‍ എനിക്കായി പറഞ്ഞു വച്ചിരുന്ന താമസ സ്ഥലത്തേക്കു പോയി. സ്കൂളില്‍ പ്രവര്‍ത്തി ദിവസമായത് കൊണ്ട് വൈകുന്നേരം നാലു മണിക്ക് കാണാം എന്ന് തീരുമാനിച്ചു.
ദ്വാരക ഹൈസ്‌കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയായ സിസ്റ്റര്‍ ലൂസി കൃത്യം നാല് മണിക്ക് സ്‌കൂള്‍ കഴിഞ്ഞ് പറഞ്ഞ സ്ഥലത്തെത്തി.
“അയ്യോ ഒരു വലിയ സ്ത്രീയായിരിക്കും എന്ന് കരുതിയാണ് ഞാന്‍ വേറെ ഹോസ്റ്റലില്‍ താമസിക്കാം എന്ന് പറഞ്ഞത്. നീ കൊച്ചല്ലേ, എന്റെ കൂടെത്തന്നെ നിന്നോ,” നിറഞ്ഞ ചിരിയോടെ വന്ന് കൈയ്യില്‍ പിടിച്ചു സിസ്റ്റര്‍ പറഞ്ഞു. മുഖത്തെ പ്രസന്നത, കണ്ണിലെ സത്യസന്ധത. ആദ്യ കാഴ്ചയില്‍ തന്നെ ആര്‍ക്കും അടുപ്പം തോന്നുന്ന പ്രകൃതം.
“സമരം കഴിഞ്ഞു വന്നതിന് ശേഷം മഠത്തില്‍ ആരും എന്നോട് സംസാരിക്കുന്നില്ല. എങ്കിലും സാരമില്ല, മഠത്തിലേക്കു തന്നെ പോന്നോളൂ. അവിടെ ചെന്നിരുന്ന് സ്വസ്ഥമായി സംസാരിക്കാം.”
അങ്ങനെ പറഞ്ഞെങ്കിലും എന്നെയും കയറ്റി സിസ്റ്റര്‍ കാറോടിച്ചു പോയത് അടുത്തുള്ള ഒരു ചെറിയ ഹോട്ടലിലേക്കാണ്.
“ഏതോ ഒരു സംഘടനയുടെ ആളുകള്‍ കാണാന്‍ വരുന്നുണ്ടെന്നു പറഞ്ഞു. അവരും കൂടെ ഒന്നു വന്നു പൊയ്‌ക്കോട്ടെ.”
അവരെ കാത്തിരിക്കുമ്പോള്‍ ഇടയ്ക്ക് വഴിയിലൂടെ പോകുന്നവരോടൊക്കെ സിസ്റ്റര്‍ കുശലം പറയുന്നുണ്ട്. അതിനിടയ്ക്ക് ചായ വന്നു. ചായ കുടിച്ചു കൊണ്ടിരിക്കെ, വരാമെന്ന് പറഞ്ഞ സംഘടനക്കാരും. ഞങ്ങള്‍ അഞ്ചു പേരും കൂടി ദ്വാരകയിലെ വട്ടപ്പള്ളിയിലേക്കു പോയി. അവര്‍ സിസ്റ്ററോട് സംസാരിക്കുന്നത് വീക്ഷിച്ച് കുറച്ചപ്പുറത്ത് മാറിയിരുന്നു. സംസാരിക്കുന്നതിനിടയില്‍ സിസ്റ്റര്‍ ചിരിക്കുന്നുണ്ടായിരുന്നു.
മാനന്തവാടിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ ദൂരെയാണ് കാരയ്ക്കാമല സെന്റ് മേരീസ് പള്ളിയും അതിനോട് ചേര്‍ന്ന കന്യാസ്ത്രീ മഠവും. അവിടെ നിന്നും ഏകദേശം അഞ്ചര കിലോമീറ്റര്‍ ദൂരമുണ്ട് സിസ്റ്റര്‍ ലൂസി പഠിപ്പിക്കുന്ന ദ്വാരക സേക്രട്ട് ഹേര്‍ട്ട്‌സ് ഹൈസ് സ്കൂളിലേക്ക്. പള്ളിയും പരിസരവും കണ്ടു നില്‍ക്കുന്നതിനിടെ സിസ്റ്റര്‍ വിളിച്ചു, “എന്നാ ഇനി നമുക്ക് മഠത്തിലേക്ക് പോകാം.”
“എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം, കൂടെയുണ്ട്,’ എന്ന ഉറപ്പ് നല്‍കി സിസ്റ്റര്‍ക്കൊപ്പം ഫോട്ടോ എടുത്തതിന് ശേഷം വന്ന മൂന്നു പേരും തിരിച്ചു പോയി.
തിരികെ പോകുന്ന വഴിയില്‍ നിറയെ സ്‌കൂള്‍ കുട്ടികള്‍.
“എന്റെ പിള്ളേരാ. നമുക്ക് അവരെ കൂടെ കയറ്റാം,” നാല് പേരെ കൂടി കാറില്‍ കയറ്റി. പിന്നെ ലൂസി ടീച്ചറും കുട്ടികളും തമ്മിലുള്ള വര്‍ത്തമാനങ്ങളും ചിരിയുമായി. നാലു പേരെയും എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ച്, വണ്ടി മഠത്തിലേക്കു വിട്ടു.
മദര്‍ സുപ്പീരിയറടക്കം ഏഴ് സന്യാസിനിമാര്‍ താമസിക്കുന്ന മഠം. കയറിച്ചെല്ലുമ്പോള്‍ പുറത്ത് പൂന്തോട്ടത്തില്‍ ചെടികള്‍ക്ക് വെള്ളം നനച്ചു കൊണ്ട് ഒരു കന്യാസ്ത്രീ നില്‍ക്കുന്നു. ഞങ്ങളെ കണ്ടെങ്കിലും മുഖം തിരിച്ചു. അകത്തു കയറിയപ്പോള്‍ അവിടുത്തെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ ചോദിച്ചു.
“എന്താ ലൂസി, നാളെ പള്ളിക്കു മുമ്പില്‍ ധര്‍ണയോ മറ്റോ ഉണ്ടെന്ന് കേട്ടല്ലോ.” അറിയില്ലെന്ന് മറുപടിയും കൊടുത്ത് സിസ്റ്റര്‍ എന്നെയും കൂട്ടി അതിഥികളുടെ മുറിക്കു മുന്നിലെത്തി. മുറി പൂട്ടിക്കിടക്കുന്നു. ബാഗുമെടുത്ത് സിസ്റ്റര്‍ എന്നെ സ്വന്തം മുറിയിലേക്ക് നയിച്ചു. ഫ്രെയിം ചെയ്യപ്പെട്ട ദൈവവചനങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഏണിപ്പടികള്‍ കടന്നു ഞങ്ങള്‍ മുറിയില്‍ എത്തി.
“ഞാന്‍ പറഞ്ഞില്ലേ, ഇവിടാരും മിണ്ടുന്നില്ല. അങ്ങോട്ട് കയറി മിണ്ടാന്‍ എനിക്കും തോന്നിയില്ല. മറ്റൊന്നുമല്ല, തെറ്റാണ്, കൊടും പാപമാണ് സഭയും പുരോഹിതരും സന്യാസിനിമാരും ആക്രമിക്കപ്പെട്ട ആ കന്യാസ്ത്രീയോടും അവര്‍ക്കൊപ്പം നിന്നവരോടും ചെയ്തത്. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ടപ്പോള്‍ മുതല്‍ എനിക്കെന്തു ചെയ്യാന്‍ പറ്റും എന്ന ചിന്തയായിരുന്നു. ഒടുവില്‍ മൂന്നു ദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോള്‍ കളമശ്ശേരിയുള്ള ബന്ധുക്കളുടെ വീട്ടിലേക്കാണെന്നും പറഞ്ഞ് ഞാന്‍ ഇറങ്ങി. പിന്നെ ടിവിയിലൊക്കെ കണ്ട് എല്ലാവരും അറിഞ്ഞു കാണുമല്ലോ. തിരിച്ചു വന്നതിനു ശേഷം എന്നെ ആദ്യം സഭാനടപടികളില്‍ നിന്നും വിലക്കി. വേദപാഠം, വിശുദ്ധ കുര്‍ബാന, ഇടവക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നുമാണ് വിലക്കിയത്. ഇതിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ ഇടവകക്കാരുടെ ആവശ്യപ്രകാരമാണെന്നാണ് മദര്‍ പറഞ്ഞത്. പക്ഷേ ഇടവകയിലെ ഭൂരിഭാഗം പേരുടേയും പിന്തുണ ഉണ്ടായിരുന്നു. വേദ പാഠം പഠിപ്പിക്കാന്‍ വരുന്ന ആറ് അദ്ധ്യാപകരുണ്ട്. അവര്‍ക്ക് മാത്രമേ പ്രശ്‌നമുണ്ടായിരുന്നുള്ളൂ. ഞാനിത് മാധ്യമങ്ങളെ അറിയിച്ചു. അതോടെ എനിക്ക് പിന്തുണയുമായി നിരവധി പേരെത്തി,” സിസ്റ്റര്‍ ലൂസി പറഞ്ഞു തുടങ്ങി.
ജനങ്ങളുടെ പിന്തുണയോടെ അവര്‍ വീണ്ടും വേദപാഠം ക്ലാസെടുക്കാനും കുര്‍ബാന കൊടുക്കാനും തുടങ്ങി. പിന്നീടാണ് ചുരിദാറിട്ടുള്ള ചിത്രം പോസ്റ്റ് ചെയ്തതും, വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതുമെല്ലാം. വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അതിനോടുള്ള സിസ്റ്ററിന്റെ നിലപാടും സഭയില്‍ വിദ്വേഷം ഉണ്ടാക്കി.
“സ്റ്റാഫ് മീറ്റിങ് വിളിച്ചു. അവിടെ വച്ച് എല്ലാവരും കൂടി എന്നെ കൊല്ലാക്കൊല ചെയ്തു. ആറ് അധ്യാപകരും അച്ചനും കന്യാസ്ത്രീകളുമൊക്കെ ഉണ്ടായിരുന്നു. എല്ലാവരുടേയും പൊതു ശത്രു ഞാന്‍. സഭാനടപടികള്‍ അനുസരിച്ച് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സന്യാസ ജീവിതം ഉപേക്ഷിച്ചു കൂടേ എന്നവര്‍ എന്നോട് ചോദിച്ചു. ഒരു അധ്യാപകന്‍ പറഞ്ഞു, സിസ്റ്ററിന്റെ കൂടെ ഒരു ദിവസം പോലും ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെയോ എന്റെ വീട്ടുകാരുടേയോ അടുത്തേക്ക് കുര്‍ബാന തരാന്‍ വരരുത്, ഞാന്‍ കാരയ്ക്കാമല ഇടവകയെ നശിപ്പിച്ചു എന്നൊക്കെ പറഞ്ഞു. ഞാന്‍ ഒരു വാക്ക് പോലും തിരിച്ചു പറഞ്ഞില്ല.”
സിസ്റ്റര്‍ ലൂസി സ്വയം രാജി വെക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷേ അതിനും സിസ്റ്റർ തയ്യാറല്ലായിരുന്നു. മീറ്റിംഗില്‍ ഒന്നും മിണ്ടാതിരുന്ന സിസ്റ്റര്‍ ലൂസി പക്ഷേ തിരിച്ചു വന്ന് തന്നെ അവഹേളിച്ചവര്‍ക്ക് ഒരു മെസ്സേജ് അയച്ചു. ‘കന്യാസ്ത്രീകള്‍ ധരിക്കുന്ന തിരുവസ്ത്രത്തിനുള്ളിലായി ധരിക്കുന്ന വേറെയും കുറച്ചു വസ്ത്രമുണ്ടല്ലോ. അതിനെ നിങ്ങള്‍ എന്താണ് വിളിക്കുക? അതിനുള്ളിലും കൈകൊണ്ട് മാന്തിപ്പറയ്ക്കാന്‍ ശ്രമിക്കുന്ന മതാധ്യാപകരേയും വന്ദ്യവൈദികരേയും എനിക്കറിയാം. അത് നിങ്ങള്‍ക്ക് രുചികരം. ഇതെല്ലാമോര്‍ത്ത് സ്വയം അപമാനിതരാകൂ. അല്ലാതെ വെറുതേ കിടന്ന് വിയര്‍ക്കേണ്ട, ചുരിദാര്‍ ധരിച്ച് യാത്ര ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തത് കണ്ടിട്ട്’ എന്ന്.
“ഞാന്‍ വിനോദ യാത്രയ്ക്ക് പോയെന്നോ, കുട്ടികള്‍ക്കൊപ്പം കളിച്ചെന്നോ പറയുന്നതു പോലെ അല്ല ഇത്. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞുകൊണ്ട് തനിക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കന്യാസ്ത്രീ തെരുവിലേക്കിറങ്ങുമ്പോള്‍ അതില്‍ സത്യം മാത്രമേ ഉണ്ടാകൂ. തന്നെക്കാള്‍ എത്രയോ സ്വാധീനമുള്ള, പണമുള്ള സ്ഥാനമുള്ള ഒരാള്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല. അവരെ വിശ്വസിക്കാന്‍ എനിക്കൊരു നേര്‍ക്കാഴ്ചയുടേയും തെളിവിന്റേയും ആവശ്യമില്ല. ഇത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. തോണ്ടിയും പിടിച്ചുമൊക്കെ സെക്ഷ്വലി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. പക്ഷെ അതിനെ നേരിടാന്‍ എനിക്ക് അറിയാം,” ഉറച്ച ശബ്ദത്തില്‍ സിസ്റ്റര്‍ ലൂസി തുടര്‍ന്നു.
“സഭയില്‍ നിന്നും നീതി ലഭിക്കും എന്ന ഒരു പ്രതീക്ഷയും എനിക്കില്ല. കാരണം അഭയ കേസ് ഉള്‍പ്പെടെ സഭയുമായി ബന്ധപ്പെട്ട ഒരു കേസിലും ഇന്നോളം ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. പുരോഹിതരേയും അധികാരികളേയും സംരക്ഷിക്കാനാണ് സഭയ്ക്ക് തിടുക്കം. ഫാദര്‍ റോബിന്റെ കേസ് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. 17 വയസുള്ള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. എന്നിട്ട് അത് ആ കുട്ടിയുടെ സ്വന്തം പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. അപ്പോളും റോബിനെ സംരക്ഷിക്കാനാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. അമ്മയുടെ മുലപ്പാല്‍ കുടിക്കേണ്ട കുട്ടിയെ പാതിരാത്രി അവരില്‍ നിന്നും തട്ടിയെടുത്തതും കന്യാസ്ത്രീകള്‍ തന്നെല്ലേ. ഇത്രയും വലിയൊരു തെറ്റ്, യാതൊരു കുറ്റബോധവുമില്ലാതെ ചെയ്യണമെങ്കില്‍ റോബിന്‍ ഇതിനു മുമ്പും തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടിക്കാണും.”
പെട്ടെന്ന് സിസ്റ്ററുടെ ഫോണ്‍ റിങ് ചെയ്തു.
“എന്റെ ചേച്ചിയാണ്. പാവം ഉപദേശിക്കാന്‍ വിളിക്കുന്നതാവും,” ചിരിച്ചു കൊണ്ട് സിസ്റ്റര്‍ ലൂസി ഫോണെടുത്തു. സംസാരത്തിലുടനീളം ആ ചിരി തന്നെയായിരുന്നു.
‘നീതി ഒരു പുഷ്പമാണെങ്കില്‍ സത്യം അതിലെ സൗരഭ്യമായിരിക്കും. അത് ലോകമെങ്ങും സത്യത്തിന്റെ പരിമളം പരത്തും’ 2018 ഒക്ടോബര്‍ 18 മുതല്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസായ ഈ വാചകങ്ങള്‍ ഓര്‍ത്തു. ആ പ്രതീക്ഷ തന്നെയായിരിക്കണം എല്ലാ പ്രതിസന്ധിയേയും നിറഞ്ഞ പുഞ്ചിരിയോടെ നേരിടാന്‍ ഇവർക്ക് കരുത്തേകുന്നത്.
വെറുതെ മുറിയിലൂടെ കണ്ണോടിച്ചു. കുറച്ചു വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും മാത്രം വൃത്തിയായി അടുക്കി വച്ച ആ കൊച്ചു മുറിയില്‍ ‘ആഢംബരം’ എന്നു പറയാന്‍ ഒരു മൊബൈല്‍ ഫോണും ലാപ് ടോപ്പും മാത്രമാണുള്ളത്.
ഫോണ്‍ വച്ച് സിസ്റ്റര്‍ എന്നെ വന്നു വിളിച്ചു.
“നമുക്ക് പോയി കഞ്ഞി കുടിക്കാം, വാ. ഗസ്റ്റ് റൂം തുറന്നിട്ടുണ്ടെങ്കില്‍ സന്ധ്യക്ക് അവിടെ കിടക്കാമല്ലോ,” സംസാരിച്ച് നേരം പോയതറിഞ്ഞില്ല. അടുക്കളയില്‍ പോയി ചൂടുള്ള കഞ്ഞി കുടിച്ചു. അവിടെ ജോലിക്കു നില്‍ക്കുന്ന പ്രായം കൂടിയ സ്ത്രീ മാത്രം സിസ്റ്ററോട് വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്. കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മദര്‍ സുപ്പീരിയര്‍ ഡൈനിംഗ് ഹാളിലേക്ക് കടന്നു വന്നു. എന്നോട് പേരും വിവരങ്ങളും തിരക്കി. എല്ലാവരും സംശയത്തോടെയാണ് നോക്കുന്നത്. ഭക്ഷണം കഴിച്ച് ഞങ്ങള്‍ മുറിയിലേക്ക് പോയി. സംസാരം തുടര്‍ന്നു. അപ്പോളും ഗസ്റ്റ് റൂം അടഞ്ഞു തന്നെ കിടന്നു.
“ഇവിടുത്തെ കന്യാസ്ത്രീകള്‍ മുഴുവന്‍ ഫ്രാങ്കോയെ പിന്തുണയ്ക്കുന്നവരാണ്. അതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. അവര്‍ പറയുന്നത് ‘അച്ചന്‍മാരുടേയും സഭയുടേയും അന്തസ് കാത്തു സൂക്ഷിക്കേണ്ടത് കന്യാസ്ത്രീകളുടെ ഉത്തരവാദിത്തമാണ്’ എന്നാണ്. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്നൊരു പ്രത്യേക സ്ഥാനമൊന്നും ആര്‍ക്കും ഇല്ല. എല്ലാവരും ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്. എല്ലാവരിലും ദൈവമുണ്ട്. കന്യാസ്ത്രീകള്‍ക്ക് അണിനിരക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. അതേ സമയം ബിഷപ്പുമാര്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ക്ക് എല്ലാവരും പോകും. അതെന്തിനായാലും. അന്ധമായ വിശ്വാസമാണ്. ഇന്ത്യയ്ക്ക് പുറത്തൊക്കെ ഇത്തരം തുറന്നു പറച്ചിലുകള്‍ സ്വാഗതം ചെയ്യപ്പെടുന്നത് നമ്മള്‍ കാണുന്നതല്ലേ. പക്ഷെ ഇവിടുത്തെ അവസ്ഥയോ. എത്രയോ കന്യാസ്ത്രീകള്‍ പുരോഹിതരാല്‍ ഗര്‍ഭിണികളാക്കപ്പെടുന്നു. ആ കുഞ്ഞുങ്ങള്‍ ഓരോ അനാഥാലയങ്ങളിലുമുണ്ട്. കാര്യങ്ങള്‍ പുറത്തു വരുമ്പോള്‍ കന്യാസ്ത്രീ മാത്രം തെറ്റുകാരിയാകും. ഇതിന്റെ ഉത്തരവാദി അപ്പോഴും പൗരോഹിത്യത്തില്‍ തുടരും,” പ്രതിഷേധത്തിന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറി.
തന്റെ ആത്മകഥയുടെ പണിപ്പുരയിലാണ് സിസ്റ്റര്‍ ലൂസി ഇപ്പോള്‍. “അതും സഭയ്ക്ക് പ്രശ്‌നമാകില്ലേ,” എന്നു ചോദിച്ചപ്പോള്‍, “തീര്‍ച്ചയായും പ്രശ്‌നമാകുമല്ലോ,” എന്ന് മറുപടി.
“ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണ – എന്നീ മൂന്നു വ്രതങ്ങളും പാലിക്കാമെന്ന പ്രതിജ്ഞയോടെയാണ് സന്യാസ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. എന്നാല്‍ അനുസരണ എന്നതിന്റെ അര്‍ത്ഥം എന്തു പറഞ്ഞാലും ‘യെസ്’ എന്ന് മറുപടി നല്‍കുക എന്നല്ല. അതല്ല അനുസരണ. അത് അടിമത്വമാണ്. ഇവിടെ കന്യാസ്ത്രീകളുടെ പ്രധാന ജോലി പൂന്തോട്ടം നനയ്ക്കുക, ഭക്ഷണമുണ്ടാക്കുക, അച്ചന്റെ വസ്ത്രങ്ങള്‍ അലക്കി മടക്കി വയ്ക്കുക, പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതൊക്കെയാണ്. അധികാരികളെ പ്രീതിപ്പെടുത്തി ജീവിക്കാനാണ് പലര്‍ക്കും താത്പര്യം. ഇതൊക്കെ വേണം എന്നുണ്ടെങ്കില്‍ അച്ചന്‍മാര്‍ കല്യാണം കഴിക്കട്ടെ. കന്യാസ്ത്രീകളെ തന്നെ കല്യാണം കഴിക്കാമല്ലോ. പൗരോഹിത്യത്തിന്റെ സമര്‍പ്പണമാകട്ടെ. അതാകുമ്പോള്‍ അവരുടെ എല്ലാ ആവശ്യങ്ങളും നടക്കും. മറ്റ് കന്യാസ്ത്രീകളെ ബുദ്ധിമുട്ടിക്കേണ്ടല്ലോ.”
പുറത്ത് കൂടി വരുന്നു തണുപ്പ് സിസ്റ്ററിന്റെ കൊച്ചു മുറിയിലേക്കും അരിച്ചു കയറുന്നുണ്ടായിരുന്നു. പക്ഷേ സിസ്റ്റര്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ മാത്രമാണ് അത് അനുഭവപ്പെട്ടിരുന്നത്. തീവ്രാനുഭവങ്ങളുടെ മൂശയില്‍ നിന്നും ഉരുക്കിയെടുത്ത ശബ്ദം.
“ഞാന്‍ സന്യാസത്തില്‍ ചേര്‍ന്നത് ആരുടേയും നിര്‍ബന്ധത്തിനല്ല. സ്വന്തം ഇഷ്ടത്തോടെയാണ്. ഒരു പുരോഹിതന്റേയും അടിമയായി ജീവിക്കാമെന്ന് ഞാന്‍ വാക്ക് നല്‍കിയിട്ടില്ല. കാലം മാറിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലായിടത്തും വരണം. പുസ്തകം ചെയ്യുന്നതും സിഡി ഇറക്കുന്നതും കാറ് വാങ്ങുന്നതുമൊന്നും ഒരു തെറ്റല്ല. ഇതൊക്കെ മനസിലാക്കാന്‍ കുറച്ച് വിവേകം ഉണ്ടായാല്‍ മതി. എനിക്കറിയാം, എന്നെ സഭയില്‍ നിന്നും പുറത്താക്കാന്‍ ഇവര്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. വര്‍ഷങ്ങളായി ഞാന്‍ സന്യാസോചിതമല്ലാത്ത ജീവിതമാണ് നയിക്കുന്നത് എന്നാണ് ആരോപണം. ഞാന്‍ ഒറ്റപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. എന്നോട് മിണ്ടരുതെന്ന് മറ്റു കന്യാസ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പറ്റാവുന്ന അത്രയും ഞാന്‍ പിടിച്ചു നില്‍ക്കും. സഭാവസ്ത്രം ഉണ്ടെങ്കില്‍ മാത്രമേ സന്യാസ ജീവിതം നയിക്കാവൂ എന്നൊന്നും ഇല്ലല്ലോ. പാവപ്പെട്ടവര്‍ക്കും, ഒറ്റപ്പെട്ടവര്‍ക്കും വേണ്ടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇവിടുന്ന് പോകേണ്ടി വന്നാല്‍ ഞാനങ്ങനെ വെറുതെ പോകില്ല. എനിക്ക് ജീവിക്കാനുള്ള സാഹചര്യം സഭ ഒരുക്കണം.”
Read More: അടച്ചു പൂട്ടേണ്ടി വരുമോ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങൾ? ആശങ്കയിൽ കത്തോലിക്കാ സഭ
മുറിയിലിരുന്ന് സംസാരിക്കുമ്പോള്‍, തൊട്ടപ്പുറത്തെ ചാപ്പലില്‍, സിസ്റ്റര്‍ ലൂസിയ്ക്ക് വേണ്ടി മറ്റു സിസ്റ്റര്‍മാര്‍ നടത്തുന്ന പ്രാര്‍ത്ഥന കേള്‍ക്കാം.
“ഇപ്പോള്‍ നടക്കുന്ന പ്രാര്‍ത്ഥന എനിക്കു വേണ്ടിയാണെന്നാണ് ഞാന്‍ അറിഞ്ഞത്. എന്നെ ‘നേരായ’ വഴിയിലൂടെ നടത്താന്‍ വേണ്ടി. സഭയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ‘പാപി’യാണല്ലോ ഞാന്‍.”
ചിരിച്ചു കൊണ്ട് സിസ്റ്റര്‍ ലൂസി എല്ലാറ്റിനേയും നേരിടുമ്പോഴും, വീട്ടുകാര്‍ക്ക് അവരുടെ സുരക്ഷയുടെ കാര്യത്തില്‍ ചെറിയ ഭയമുണ്ട് എന്നും സിസ്റ്റര്‍. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്യ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാക്ഷിമൊഴി നല്‍കി പരസ്യമായി മുന്നോട്ട് വന്ന ജലന്ധര്‍ രൂപതാംഗം ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് സംഭവിച്ചത് തന്റെ വീട്ടുകാരില്‍ ഭീതി ഉളവാക്കുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21നാണ് പഞ്ചാബിലെ ഹോഷിയാര്‍പൂറില്‍ വച്ച് ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന് പോലീസ് പറയുകയും വീട്ടുകാര്‍ ആ വാദം സ്വീകരിക്കാതെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാരോപിക്കുകയും ചെയ്തു.
“എനിക്കിതുവരെ ജീവന് നേരിട്ടുള്ള ഭീഷണികളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ സൂക്ഷിക്കണം എന്ന് കുറേ പേര്‍ താക്കീത് നല്‍കിയിട്ടുണ്ട്. കുര്യാക്കോസ് അച്ചന്റേത് ഒരു കൊലപാതകമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ സ്വാഭാവിക മരണം എന്ന് തോന്നിക്കുന്ന ഒരു കൊലപാതകം. മരണത്തിലേക്കെത്തിക്കുന്ന തരത്തിലുള്ള മാനസിക പീഡനങ്ങളാണ് അച്ചന്‍ അനുഭവിച്ചത്. പ്രായമായ ആളല്ലേ. ഒറ്റപ്പെടുത്തിയും, ടോര്‍ച്ചര്‍ ചെയ്തും അച്ചനെ കൊന്നതാണ്.”
സമയം രാത്രി പത്തര കഴിഞ്ഞിരുന്നു. രാവിലെ പള്ളിയില്‍ പോകണം. ബാക്കി നാളെ സംസാരിക്കാമെന്ന് പറഞ്ഞ് ഉറങ്ങാന്‍ തീരുമാനിച്ചു. അന്നു രാത്രി ഞാനും സിസ്റ്റര്‍ ലൂസിയുടെ മുറിയില്‍ തന്നെ കൂടി.
രാവിലെ കൃത്യം ആറുമണിക്ക് സിസ്റ്റര്‍ എണീറ്റ് പള്ളിയില്‍ പോയി. തിരിച്ചു വന്നപ്പോള്‍ സമയം എട്ടു മണി. പ്രാതല്‍ കഴിക്കാന്‍ സിസ്റ്റര്‍ വിളിച്ചു. കപ്പയ്ക്കും മീന്‍ കറിയ്ക്കുമൊപ്പം ചൂടു ചായയും കുടിച്ച് പുറത്തെ കോട കുറയുന്നതും നോക്കി ഞങ്ങള്‍ കുറച്ചു നേരം കൂടി ഇരുന്നു.
തിരിച്ചു പോകാന്‍ തയ്യാറായ എന്നെ കാറില്‍ ബസ് സ്റ്റോപ്പ് വരെ കൊണ്ട് വിടാമെന്നായി സിസ്റ്റര്‍. ഇന്നലെ വന്ന വഴികളിലൂടെ തന്നെ ഒരിക്കല്‍ കൂടി സിസ്റ്ററോടൊപ്പം. ഇടവകയിലെ പരിചയക്കാരെ കാണുമ്പോള്‍ കാര്‍ നിര്‍ത്തി സിസ്റ്റര്‍ വര്‍ത്തമാനം പറഞ്ഞു. കാറിലെ സ്റ്റീരിയോ പ്ലെയറില്‍ ക്രിസ്തീയ ഭക്തിഗാനമാണ്. വരികള്‍ എഴുതിയത് സിസ്റ്റര്‍ ലൂസി തന്നെ. ഇടയ്ക്ക് പാട്ടിനൊപ്പം മൂളുകയും താളം പിടിക്കുകയും ചെയ്യുന്നുണ്ട് സിസ്റ്റര്‍. യാത്രയിലുടനീളം കാറോടിച്ചു പോകുന്ന കന്യാസ്ത്രീയെ സാകൂതം നോക്കുന്ന കണ്ണുകള്‍.
“സിസ്റ്ററിപ്പോള്‍ ശരിക്കും ഒരു സെലിബ്രിറ്റി ആയല്ലോ”
“ഇത് സെലിബ്രിറ്റി സ്റ്റാറ്റസിന്റെയൊന്നും അല്ല, സന്ധ്യ. ആളുകള്‍ ഇന്നേവരെ കണ്ടും കേട്ടും ശീലിച്ചതില്‍ നിന്നും വഴിമാറി നടക്കുന്ന ഒരാളെ കാണുമ്പോള്‍ അവര്‍ക്കുള്ള കൗതുകം. പിന്നെ വാര്‍ത്തയൊക്കെ അവരും കാണുന്നതല്ലേ?”
പുതു തലമുറയില്‍ നിന്നും സന്യാസത്തിന്റെ പാത തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറയുന്നു എന്നൊരു റിപ്പോര്‍ട്ട് കണ്ടിരുന്നോ എന്ന് ചോദിച്ചു.
“ഞാനൊക്കെ ചെറിയ പ്രായം മുതലേ സന്യാസ ജീവിതം ആഗ്രഹിച്ച ആളാണ്. ഇതിലെ എല്ലാ ഉള്‍പ്പോരുകളും അറിഞ്ഞു കൊണ്ടാണ് വന്നതും. പക്ഷേ ഇപ്പോള്‍ സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഒന്നാമത് പെണ്‍കുട്ടികളെല്ലാം വിദ്യാഭ്യാസം നേടി ഓരോ പ്രൊഫഷന്‍ തിരഞ്ഞെടുത്ത് പോകുന്നു. കൂടാതെ ഇവിടുന്ന് പുറത്തു വരുന്ന കഥകള്‍ ഇതൊക്കെയല്ലേ. ഭൂരിഭാഗം കുട്ടികളെയും ഓടിച്ചിട്ട് പിടിച്ചാണ് സന്യാസത്തിലേക്ക് കൊണ്ടു വരുന്നത്. പല വാഗ്ദാനങ്ങള്‍ കൊടുത്തും, അല്ലെങ്കില്‍ മറ്റൊരു കാരണം ദാരിദ്ര്യമാണ്. ഭൂരിഭാഗം ആളുകളും സന്യാസത്തിലേക്ക് വരുന്നത് സ്വന്തം ഇഷ്ടത്തോടെ അല്ല. വര്‍ഷങ്ങളായിട്ടും ഇപ്പോളും അസംതൃപ്തരായി കഴിയുന്നവരെ എനിക്കറിയാം. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന എത്ര പേരുണ്ടെന്നോ. തീക്ഷ്ണമായ ആഗ്രഹം കൊണ്ട് വരുന്ന വളരെ കുറച്ചു പേരേയുള്ളൂ. എനിക്കെതിരേ ലേഖനം എഴുതിയവരില്‍ പോലും ഉണ്ട് നിര്‍ബന്ധിത സന്യാസം നയിക്കുന്നവര്‍.”
കാലിന് വയ്യാത്ത പ്രായമായൊരാളെ വഴിയില്‍ കണ്ടു സിസ്റ്റര്‍ വണ്ടി നിര്‍ത്തി. കാറിന്റെ മുന്നിലിരിക്കണമെന്നുള്ള അദ്ദേഹത്തിന്റെ മോഹം സാധിച്ചു കൊടുക്കാന്‍ പിന്നിലെ സീറ്റിലേക്ക് മാറിക്കൊടുത്തു. പിന്നെ ഇരുവരും പരസ്പരം സംസാരിച്ചു.
“നിങ്ങക്ക് ശമ്പളമൊക്കെ കിട്ടുന്നുണ്ടോ സിസ്റ്ററേ?” അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു. ഉണ്ടെന്ന് സിസ്റ്റർ മറുപടിയും നൽകി.
അദ്ദേഹത്തെ ഇറങ്ങേണ്ട സ്ഥലത്തെത്തിച്ച് യാത്ര തുടര്‍ന്നു. പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും സിസ്റ്റര്‍ തുടര്‍ന്നു.
“സ്വന്തം സന്യാസ സഭയിലേക്ക് ആളെ കൂട്ടാന്‍ വേണ്ടിയാണ് നിര്‍ബന്ധിച്ച് കൊണ്ടു പോകുന്നത്. പഠിപ്പിച്ചിട്ട് തിരിച്ചു വിടാം എന്നൊക്കെ പറഞ്ഞ് കൊണ്ടു പോകും. കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വിടില്ല. മറ്റൊന്ന്, സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തില്‍ നിന്നും വരുന്നവരേയും അല്ലാത്തവരേയും രണ്ടു തട്ടിലാണ് കാണുന്നത്. എന്റെ അഭിപ്രായത്തില്‍ 22 വയസെങ്കിലും ആകാതെ ആരും സന്യാസത്തിലേക്ക് വരരുത്. അപ്പോഴെ അവര്‍ക്ക് തിരിച്ചറിവാകൂ. വീട്ടിലെ അവസ്ഥ എന്തായാലും കുട്ടികളെ കൊണ്ടു പോയി മഠത്തില്‍ ഉപേക്ഷിക്കരുത്. എട്ടും പൊട്ടും തിരിയാത്ത ആണ്‍കുട്ടികളെ ഒക്കെ സെമിനാരിയില്‍ കൊണ്ടു പോയിട്ട്, എങ്ങനെയാണ് ഒരു പെണ്‍കുട്ടിയോട് ഇടപഴകേണ്ടത് എന്നു പോലും അവര്‍ക്ക് അറിയില്ല. കുടുംബ ജീവിതം എങ്ങനെ, എന്താണ് എന്നൊന്നും അറിയാവത്തവരാണ് കുടുംബങ്ങള്‍ക്ക് ഉപദേശം കൊടുക്കുന്നത്. വളരെ ‘ഫ്രസ്‌ട്രേറ്റഡ്’ ആയി കഴിയുന്ന എത്ര പേരാണെന്നോ. ഇവരൊക്കെ ‘സെക്ഷ്വലി അബ്യൂസ്’ ചെയ്യപ്പെടുന്നും ഉണ്ട്.”

ഇനിയെന്തു ചോദിക്കണം എന്നോര്‍ത്ത് സിസ്റ്റര്‍ ലൂസിയുടെ നിശ്ചയദാര്‍ഢ്യം തുളുമ്പുന്ന മുഖത്തേക്ക് നോക്കിയിരുന്നു. എന്റെ മനസ് വായിച്ചിട്ടെന്ന പോലെ സിസ്റ്റര്‍ പറഞ്ഞു.
“പലരും ചോദിക്കുന്നുണ്ട് അടുത്ത നടപടി എന്താണെന്ന്. എനിക്കറിയില്ല. അങ്ങനെ എന്തെങ്കിലും തീരുമാനിച്ചുറപ്പിച്ചല്ല ഞാനീ ചെയ്തതൊന്നും. സഭയും അധികാരികളുമാണ് എന്നെക്കൊണ്ട് ഇത്രയും പറയിക്കുന്ന അവസ്ഥയിലെത്തിച്ചത്. പിന്നെ എല്ലാം ദൈവത്തിന്റെ ഹിതം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.”
ബസ് സ്‌റ്റോപ്പ് എത്തി. ‘വീണ്ടും കാണാം, വിളിക്കണം,’ എന്നു പറഞ്ഞു കൊണ്ട് സിസ്റ്റര്‍ കാറെടുത്ത് നീങ്ങുമ്പോള്‍ റോഡിനിരുവശവുമുള്ള ആളുകള്‍ പരസ്പരം കൗതുകത്തോടെ പറയുന്നുണ്ടായിരുന്നു ‘ദേ ആ കന്യാസ്ത്രീ പോകുന്നു.’