scorecardresearch

സ്ഥാനം നിലനിർത്താൻ ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ല; ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്

സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നീക്കങ്ങൾ ദുരൂഹമാണെന്നും തോമസ് ഐസക് പറഞ്ഞു

സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നീക്കങ്ങൾ ദുരൂഹമാണെന്നും തോമസ് ഐസക് പറഞ്ഞു

author-image
Nelvin Wilson
New Update
സ്ഥാനം നിലനിർത്താൻ ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ല; ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവ് സ്ഥാനം നിലനിർത്തുന്നതിനു ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ലെന്ന് തോമസ് ഐസക് പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചുള്ള കുറിപ്പിലാണ് പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള പരാമർശം. സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നീക്കങ്ങൾ ദുരൂഹമാണെന്നും തോമസ് ഐസക് പറഞ്ഞു.

Advertisment

തോമസ് ഐസക്കിന്റെ കുറിപ്പ് (പൂർണരൂപം)

പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികൾ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ വ്യാപകമാണെങ്കിലും ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇന്ന് ആ ലേബൽ അവർക്ക് ചാർത്തിക്കൊടുക്കാതെ നിർവ്വാഹമില്ല. രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ജനകീയ ജാഗ്രത വർദ്ധിക്കേണ്ട കാലമാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ചുകൊണ്ട് എല്ലാവിധ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് നാട്ടിൽ കലാപത്തിനായി യുഡിഎഫും ബിജെപിയും എസ്‌ഡിപിഐയും വെൽഫെയർ പാർട്ടിയുമെല്ലാം ഇറങ്ങിയത്. എന്തിനുവേണ്ടി ഈ ലഹള?

സെക്രട്ടറിയേറ്റിൽ ആദ്യമായിട്ട് ഉണ്ടാകുന്ന തീപിടിത്തമല്ല ഇത്. കഴിഞ്ഞ തവണ ഞാൻ മന്ത്രിയായിരിക്കുമ്പോൾ എന്റെ ഓഫീസിൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടുത്തമുണ്ടായതാണ്. കൃത്യമായ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ തീപിടിത്തമുണ്ടായ കെട്ടിടത്തിൽത്തന്നെ ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. സെക്രട്ടറിയേറ്റിനുള്ളിലെ വൈദ്യുതിവിതാനം ഏച്ചുകെട്ടി ഏച്ചുകെട്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അതുപോലെ അതിനുള്ളിൽ താൽക്കാലിക നിർമ്മിതികളും ഏറെ വന്നിട്ടുണ്ട്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിർത്തിക്കൊണ്ട് ഉള്ളിൽ സമൂലമായ നവീകരണം വേണമെന്ന് ഈ സർക്കാർ തീരുമാനിച്ചത്. പുതിയ സംഭവങ്ങൾ ഈ തീരുമാനത്തിന്റെ നിർവ്വഹണം വേഗത്തിലാക്കുമെന്നു കരുതാം.

Read Also: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടെന്ന് വിദഗ്‌ധ സംഘം

Advertisment

ഇപ്പോൾ എന്താണ് ഉണ്ടായത്? രണ്ട് സംഘങ്ങൾ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും ചില കാര്യങ്ങൾ പറയാനാവും. ഒരു ജീവനക്കാരനു കോവിഡ് ബാധിച്ചതുകൊണ്ട് ഈ മുറി ഫ്യൂമിഗേറ്റ് ചെയ്തു. പിന്നീട് ദുർഗന്ധം ഒഴിവാക്കുന്നതിനുവേണ്ടി ഫാനുകളെല്ലാം ഓണാക്കിയിരിക്കാം. ഒരെണ്ണം ഓഫാക്കാൻ വിട്ടുപോയതായിരിക്കാം. അന്വേഷണം പൂർത്തിയായാലേ കൃതിയായി അറിയാനാവൂ. ഏതായാലും ഈ ഫാനുകളിൽ ഒന്നിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുള്ളതെന്നു വ്യക്തമാണ്. ഏതായാലും തീ ആളിപ്പിടിക്കുന്നതിനു മുമ്പ് അണയ്ക്കാൻ കഴിഞ്ഞു. അതുകൊണ്ട് വളരെ കുറച്ച് നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ. ഒരു പ്രധാനപ്പെട്ട ഫയലും നശിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഒരുകാര്യംകൂടി ഓർക്കേണ്ടതുണ്ട്. ഈ സർക്കാരിന്റെ ഭരണകാലത്ത് ഏറ്റവും മുന്തിയ പരിഗണന ഇ-ഗവേണൻസ് നടപ്പാക്കുന്നതിനാണ്. ഏകദേശം 99 ശതമാനം ഫയലുകളും ഇ-ഫയലായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഫിസിക്കൽ ഫയലുകളുടെപോലും ഡിജിറ്റൽ കോപ്പി സർവ്വറിൽ ലഭ്യമാണ്. ഇ-ഫയൽ സമ്പ്രദായവും സർവ്വറും എൻഐസിയാണ് സംരക്ഷിക്കുന്നത്. “തീ കത്തി ജി-മെയിൽ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി”യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേ....

എന്തിനാണ് നിങ്ങൾ ഇത്ര ഡെസ്പ്പറേറ്റാകുന്നത്? അങ്ങ് കേരളത്തിന്റെ പ്രതിപക്ഷ നേതാവല്ലേ? നിങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിനു ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ല.

ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങൾ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ഓഫീസുകളിൽ ഉണ്ടായിരുന്ന മന്ത്രിമാർപോലും അറിയുന്നതിനു മുമ്പ് നിങ്ങൾ ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തി? ക്ഷണമാത്രയിൽ ആരോപണവും ഉന്നയിച്ചു.

ഒരുപക്ഷെ, പ്രതിപക്ഷ നേതാവ് സുരേന്ദ്രനിൽ നിന്നും പഠിച്ചതാവും. കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചുവെന്ന് എത്ര തീർപ്പോടെയാണ് സുരേന്ദ്രൻ പറഞ്ഞത്. നിങ്ങളും അത് ഏറ്റുപറഞ്ഞു. എന്നിട്ട് ഇപ്പോൾ എന്തായി?

അന്വേഷണം നടക്കുകയാണ്. സത്യം പുറത്തുവരട്ടെ. നിങ്ങൾ വിധിയെഴുതിയതും കൊറോണക്കാലത്ത് തെരുവിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകളും തെറ്റെന്നു തെളിഞ്ഞാൽ താങ്കൾ എന്തു പ്രായശ്ചിതമാണ് ചെയ്യുക? വ്യാപകമായി കൊറോണപോലും പടർന്നു പിടിക്കാൻ പാകത്തിൽ കാട്ടിക്കൂട്ടിയവയ്ക്ക് കേരളത്തോട് ഒരു മാപ്പെങ്കിലും പറയുമോ?

publive-image ഇ.പി.ഉണ്ണിയുടെ കാർട്ടൂർ (ഇന്ത്യൻ എക്‌സ്‌പ്രസ്)

സ്ഥിരം വായനക്കാരനായതുകൊണ്ട് മാതൃഭൂമിയോട് ഒരു ചോദ്യമുണ്ട്. നല്ല എഡിറ്റോറിയൽ ആയിരുന്നുകേട്ടോ. പക്ഷെ, നിങ്ങളുടെ ഒന്നാംപേജിൽ ആ സാരോപദേശമൊക്കെ മറന്നുകൊണ്ടുള്ള പണിയല്ലേ എടുത്തത്. തലസ്ഥാനത്തെ കത്തിക്കാനുള്ള ആഹ്വാനമല്ലേ അത്. ഇങ്ങനെയൊന്നും തീ കത്തിക്കാൻ ഇറങ്ങരുത്. ഈ കേരളത്തിൽ ഇതൊന്നും വിലപ്പോവില്ല.

Thomas Isaac Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: