/indian-express-malayalam/media/media_files/uploads/2021/12/fire-at-vadakara-taluk-office-collector-ordered-for-an-enquiry-594740-FI.jpeg)
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കല്‍ വിഭാഗവും ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിനോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ താലൂക്ക് ഓഫീസ് പൂര്‍ണമായും കത്തി നശിച്ചു.
താലൂക്ക് ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ നിഗമനം. 2019 ന് മുന്‍പുള്ള ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്തതില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വടകര എംഎല്‍എ കെ.കെ.രമ ആവശ്യപ്പെട്ടിരുന്നു. ലാന്റ് അക്വിസിഷന്‍ ഓഫീസില്‍ തീപിടിത്തം ഉണ്ടായിട്ട് അതിന്റെ അന്വേഷണത്തിന് പുരോഗമനം ഉണ്ടായിട്ടില്ലെന്ന് രമ ആരോപിച്ചു. സംഭവ സ്ഥലത്തെത്തിയ നാദാപുരം എംഎല്‍എ ഇ.കെ.വിജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. വടകര, പേരാമ്പ്ര, തലശേരി ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. താലൂക്ക് ഓഫീസിന്റെ അടുത്തുള്ള ട്രെഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നെങ്കിലും വലിയ തോതിലുള്ള നഷ്ടം സംഭവിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.
Also Read: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തരുത്; അടിയന്തര പ്രമേയവുമായി ലീഗ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.