ന്യൂഡല്‍ഹി: സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം യുവാക്കളുടേതിന് സമാനമായി, 18 ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്‌ലിം ലീഗ്. വിവാഹ പ്രായപരിധി ഉയര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഇരുസഭകളിലും ലീഗ് എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം.
സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ ബുധനാഴ്ചയാണ് പാസാക്കിയത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹപ്രായം ഉയർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. അതിനു ഒരു വർഷത്തിനു ശേഷമാണ് തീരുമാനം.
മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്നും തത്ഫലമായി പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
“മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെ ആവശ്യകതകൾ, പോഷകാഹാരം മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ” തുടങ്ങിയവ പരിശോധിക്കുന്നതിനായി രൂപീകരിച്ച ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറിൽ നിതി ആയോഗിന് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
Also Read: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: നിയമം, കാരണങ്ങള്‍, വിമര്‍ശനം