/indian-express-malayalam/media/media_files/uploads/2021/05/kerala-assembly-1200.jpg)
തിരുവനന്തപുരം: സംസ്ഥാനം പ്രതിഷേധത്തിനും പ്രതിരോധത്തിനും സാക്ഷ്യം വഹിക്കുമ്പോള്‍ നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. 15-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം ജൂലൈ 27 ന് അവസാനിക്കും. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സര്‍ക്കാര്‍ എത്തരത്തിലായിരിക്കും പ്രതിരോധിക്കുക എന്നതും നിര്‍ണായകമാകും.
തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസം വി. ഡി. സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിനുണ്ടാകും. മുഖ്യമന്ത്രി പിണാറായി വിജയനും മന്ത്രിമാരും എംഎല്‍എമാരും ഒരുപോലെ ക്യാമ്പ് ചെയ്തിട്ടും പി. ടി. തോമസിന്റെ തൃക്കാക്കര പിടിക്കാന്‍ ഇടതിനായിരുന്നില്ല. കാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി. ടിയുടെ പത്നി ഉമാ തോമസ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ മാധ്യമങ്ങളെ മുഖ്യമന്ത്രി അഭിമുഖീകരിച്ചിട്ടില്ല.
തൃക്കാര തിരഞ്ഞെടുപ്പിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളും പ്രതിപക്ഷം ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെയായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിപ്പിക്കുന്ന സാഹചര്യം വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്വപ്നയുടെ വാക്കുകളെ വിശ്വസിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സതീശനും പ്രതിപക്ഷവും മാറുകയായിരുന്നു.
എന്നാല്‍ സംസ്ഥാനത്തുയര്‍ന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തണുത്തിരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ തന്നെ പ്രതിപക്ഷം തെരുവിലിറങ്ങുകയും മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എസ്എഫ്ഐയുടെ നടപടിയെ തള്ളിപ്പറയുകയും ചെയ്തു. പ്രതികളെ പിടികൂടിയെങ്കിലും സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം കൂടി പ്രതിയായത് പ്രതിപക്ഷം സഭയിലുന്നയിക്കുമെന്നത് തീര്‍ച്ചയാണ്.
എന്നാല്‍ ജനങ്ങളെ തെരുവിലിറക്കി കോണ്‍ഗ്രസിനെ നേരിടുകയാണ് എല്‍ഡിഎഫ്. എങ്കിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി സഭയില്‍ പറയേണ്ടി വരും. കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയം എന്നിവയിലെ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഉറ്റുനോക്കേണ്ട ഒന്നാണ്.
Also Read: ആർ ബി ശ്രീകുമാർ, മോദി സർക്കാരിന് എതിരെ നിന്ന പൊലീസുകാരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.