/indian-express-malayalam/media/media_files/uploads/2019/11/Menon-Batin.jpg)
കൊച്ചി:നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ ആക്ഷേപിച്ചുവെന്ന ആരോപണം സംബന്ധിച്ച പരാതിയിൽ, സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപെട്ടു. ബിനീഷും അനിലുമായി ഫെഫ്ക ചർച്ച നടത്തി. ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സംഭവത്തിൽ ജാതീയമായ ഘടകങ്ങളൊന്നും തന്നെയില്ലെന്നും, അത് അതിവായനമാത്രമായിരുന്നെന്നും ഫെഫ്കയുടെ പ്രസിഡന്റും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. തന്റെ സിനിമയിൽ അവസരം ചോദിച്ചു വന്ന നടനുമായി വേദി പങ്കിടാൻ താത്പര്യമില്ലെന്ന് പറഞ്ഞതായുള്ള ആരോപണം അനിൽ രാധാകൃഷ്ണൻ നിഷേധിച്ചുവെന്നും അതിനാൽ ആ വിഷയത്തിൽ പക്ഷം പിടിക്കാൻ ഫെഫ്ക താത്പര്യപ്പെടുന്നില്ലെന്നും ബി.ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അനിൽ​ രാധാകൃഷ്ണൻ നേരത്തേ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും, ഇനി മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് ബിനീഷിന്റേയും യൂണിയന്റേയും നിലപാടെന്നും ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. നിലവിൽ നടന്ന ചർച്ചയിലൂടെ അനിലും ബിനീഷും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായും ഉണ്ണികൃഷ്ണൻ പറഞ്ഞു.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായിട്ട് എത്തിയപ്പോഴാണ് ബിനീഷിന് അവഗണന നേരിടേണ്ടി വന്നത്. കോളേജിലെ പരിപാടിയില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും ഉണ്ടായിരുന്നു. എന്നാൽ, പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് യൂണിയൻ ചെയർമാൻ ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ബിനീഷ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടു.
Read More: ആരുമായും വേദി പങ്കിടാന്‍ താല്‍പ്പര്യമില്ല, സംഭവിച്ചത് ഇതാണ്; വിശദീകരണവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍
എന്നാൽ, ഇതുംകേട്ട് മിണ്ടാതിരിക്കാൻ ബിനീഷിനു സാധിച്ചില്ല. തനിക്കു നേരിട്ട അവഗണനയ്‌ക്ക് പൊതുവേദിയിൽ വച്ചുതന്നെ മറുപടി നൽകാൻ ബിനീഷ് തീരുമാനിച്ചു. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ബിനീഷ് വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കമുള്ള സംഘാടകർ തടയാൻ ശ്രമിച്ചെങ്കിലും ബിനീഷ് വേദിയിലേക്ക് കയറി. പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞെങ്കിലും അതൊന്നും വകവയ്‌ക്കാതെ ബിനീഷ് വേദിയിലേക്ക് കയറി. സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പ്രസംഗിക്കുന്നതിനിടെയാണ് ബിനീഷ് വേദിയിലേക്ക് കയറിയത്. പിന്നീട് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തറയിലിരുന്നായിരുന്നു ബിനീഷ് പ്രതിഷേധിച്ചത്.
അതേസമയം, നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ രംഗത്തെത്തിയിരുന്നു. ബിനീഷിനെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.
അറിഞ്ഞുകൊണ്ട് ബിനീഷിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. ബിനീഷിനു വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു മാപ്പ് ചോദിക്കുന്നതായും അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിനിഷിനെ നേരിട്ടുവിളിച്ച് ഖേദം പ്രകടിപ്പിക്കുമോയെന്ന ചോദ്യത്തിനു അതിന്റെ ആവശ്യമില്ലെന്നും താൻ അറിഞ്ഞുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നും അനിൽ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us