കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ. ബിനീഷിനെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അനിൽ രാധാകൃ‌ഷ്‌ണ മേനോൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

അറിഞ്ഞുകൊണ്ട് ബിനീഷിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. ബിനീഷിനു വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു മാപ്പ് ചോദിക്കുന്നതായും അനിൽ രാധാകൃഷ്‌ണ മേനോൻ പറഞ്ഞു. ബിനിഷിനെ നേരിട്ടുവിളിച്ച് ഖേദം പ്രകടിപ്പിക്കുമോയെന്ന ചോദ്യത്തിനു അതിന്റെ ആവശ്യമില്ലെന്നും താൻ അറിഞ്ഞുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നും അനിൽ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അനിൽ രാധാകൃഷ്‌ണ മേനോൻ വിവരിക്കുന്നത് ഇങ്ങനെ: “മിനിഞ്ഞാന്ന് ഒരു ഫോൺ കോൾ വന്നു. പാലക്കാട് ഗവൺമെന്റ് കോളേജിൽ നിന്നായിരുന്നു കോൾ. മാഗസിൻ പ്രകാശനത്തിനു എത്തണമെന്നായിരുന്നു ആവശ്യം. അപ്പോൾ തന്നെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ്. ഫോണ്‍ വിളിച്ചവരോട് അസൗകര്യമുണ്ട് എന്ന് പറഞ്ഞു. മറ്റാരുമില്ല, എന്തായാലും വരണം എന്നൊക്കെ പറഞ്ഞ് അവർ എന്നെ നിർബന്ധിക്കുകയായിരുന്നു. മാഗസിൻ എഡിറ്റോറിയലിലെ ഒരാളാണ് വിളിച്ചത്. ഏറെ നിർബന്ധിച്ചതിനെ തുടർന്നാണു ഒടുവിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചത്.”

പരിപാടിയിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചപ്പോൾ ആദ്യം തന്നെ ചോദിച്ചത് വേറെ ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോയെന്നാണ്. അപ്പോൾ അവർ പറഞ്ഞു മറ്റാരെയും വിളിച്ചിട്ടില്ല. അങ്ങനെ ചോദിക്കാൻ കാരണം പരിപാടികളിൽ പങ്കെടുക്കാൻ ഞാൻ അഞ്ചിന്റെ പെെസ വാങ്ങാറില്ല. ഏത് പരിപാടിക്കു പോയാലും അങ്ങനെത്തന്നെയാണ്. അതുകൊണ്ട് വേറൊരാൾക്ക് നേട്ടം കിട്ടുന്ന കാര്യത്തിൽ പങ്കാളിയാകാൻ താൽപ്പര്യമില്ല. ഒരു പരിപാടിക്കും പെെസ ചോദിക്കാറില്ല. അതുകൊണ്ടാണ് മറ്റാരെങ്കിലും പരിപാടിക്കുണ്ടോയെന്ന് ആദ്യമേ ചോദിച്ചത്. അതിനു ശേഷം കോളേജ് യൂണിയനിലെ ഒരാൾ വിളിച്ച് ബിനീഷ് ബാസ്റ്റിനെ അറിയുമോ എന്നു ചോദിച്ചു. അറിയാം, എന്റെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. ബിനീഷ് ബാസ്റ്റിനും ചീഫ് ഗസ്റ്റായി ഉണ്ടാകുമെന്ന് അപ്പോഴാണ് അവർ എന്നെ അറിയിക്കുന്നത്. എങ്കിൽ, എന്നെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു.

ബിനീഷ് അല്ല മറ്റാരാണെങ്കിലും ഇതു തന്നെയാണ് ഞാൻ പറയുക. ബിനീഷ് ബാസ്റ്റിനല്ല വേറെ ആർക്കൊപ്പവും വേദി പങ്കിടാൻ പറ്റില്ല. എന്നെ ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഞാൻ കംഫർട്ട് ആയിരിക്കില്ല. അതിനാലാണ് അങ്ങനെ പറഞ്ഞത്. ദയവു ചെയ്‌തു ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പിന്നീട് വീണ്ടും അവരെന്നെ വിളിച്ചു പറഞ്ഞു ബിനീഷ് ബാസ്റ്റിന്റെ പരിപാടി നീട്ടിവച്ചെന്ന്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു, ഞാൻ ആകെ കൺഫ്യൂസ്‌ഡ് ആണ്. അതുകൊണ്ട് എന്നെ ഒഴിവാക്കണം. എന്നാൽ, വീണ്ടും അവർ എന്തായാലും വരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ പരിപാടിക്ക് എത്തിയത്.

അതിനുശഷം, ഞാൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് ബിനീഷ് അങ്ങോട്ടേക്ക് വരുന്നത്. ബിനീഷ് ന്നപ്പോൾ ബിനീഷ് ബാസ്റ്റിനു കയ്യടിക്കാൻ ഞാൻ മെെക്കിലൂടെ പറയുന്നുണ്ട്. അത് വീഡിയോയിൽ കേൾക്കാം. ഇതുകഴിഞ്ഞ് ബിനീഷ് അവിടെ നിലത്തിരുന്നു. കയറി ഇരിക്കാൻ ഞാൻ ബിനീഷിനോട് പറഞ്ഞു. അതും വീഡിയോയിൽ കാണാം. മാഗസിൻ പ്രകാശനം ചെയ്‌ത് ഞാൻ പോകാമെന്ന് പറഞ്ഞു. അങ്ങനെ മാഗസിൻ പ്രകാശനം ചെയ്ത ശേഷം ഞാൻ പുറത്തേക്ക് പോയി. ഞാൻ കാരണം ബിനീഷ് അൺകംഫർട്ടബിൾ ആകണ്ട എന്നു ഞാനും കരുതി.

ഇതുകഴിഞ്ഞ് ഞാൻ ചെയർമാനെ വിളിച്ച് ബിനീഷിനെ വിളിക്ക് സംസാരിക്കണമെന്ന് പറഞ്ഞു. എന്നാൽ, അപ്പോഴേക്കും ബിനീഷ് പോയിരുന്നു. ബിനീഷെന്നല്ല വേറെ ആരാണെങ്കിലും വരില്ല എന്നു മാത്രമാണ് കോളേജ് യൂണിയൻ അംഗങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത്. രണ്ടാംകിട, മൂന്നാംകിട വേർതിരിവൊന്നും ഇതിലില്ല. എല്ലാവരും നടൻമാരാണ്. മറ്റു വേർതിരിവുകളൊന്നും ഇല്ല. ആരെയും ഞാൻ തരംതാഴ്‌ത്തി കണ്ടിട്ടില്ല. ഇപ്പോൾ ചെയ്യുന്ന സിനിമയിൽ ബിനീഷിനു വേണ്ടി ഒരു കഥാപാത്രത്തെ തയ്യാറാക്കിയിട്ടുണ്ട്. ബിനീഷിനോട് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ അതു ചെയ്യില്ലല്ലോ? ജാതീയമായ അധിക്ഷേപമൊന്നും നടത്തിയിട്ടില്ല.

ബിനീഷ് ബാസ്റ്റിനോട് മാപ്പു ചോദിച്ച് അനിൽ രാധാകൃഷ്‌ണ മേനോൻ

ബിനീഷിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ഞാൻ അറിയാതെ സംഭവിച്ച കാര്യമാണെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു മാപ്പ് ചോദിക്കുകയാണ്. പക്ഷേ, നേരിട്ടുവിളിച്ച് മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ എല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.

Read Also: ഞാന്‍ മേനോനല്ല, ഞാന്‍ നാഷണല്‍ അവാര്‍ഡ് വാങ്ങിക്കാത്ത ആളാണ്, വലിയ ദുഃഖമുണ്ട്: ബിനീഷിന്റെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായിട്ട് എത്തിയപ്പോഴാണ് ബിനീഷിന് അവഗണന നേരിടേണ്ടി വന്നത്. കോളേജിലെ പരിപാടിയില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും ഉണ്ടായിരുന്നു. എന്നാൽ, പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് യൂണിയൻ ചെയർമാൻ ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ബിനീഷ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടു.

മാഗസിൻ പ്രകാശനം ചെയ്യാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് കോളേജ് അധികൃതർ കാരണം പറഞ്ഞത്. ‘തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന്’ അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. ഇതാണ് പിന്നീട് വലിയ വിവാദത്തിനു കാരണമായത്.

എന്നാൽ, ഇതുംകേട്ട് മിണ്ടാതിരിക്കാൻ ബിനീഷിനു സാധിച്ചില്ല. തനിക്കു നേരിട്ട അവഗണന‌യ്‌ക്ക് പൊതുവേദിയിൽ വച്ചുതന്നെ മറുപടി നൽകാൻ ബിനീഷ് തീരുമാനിച്ചു. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ബിനീഷ് വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കമുള്ള സംഘാടകർ തടയാൻ ശ്രമിച്ചെങ്കിലും ബിനീഷ് വേദിയിലേക്ക് കയറി. പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞെങ്കിലും അതൊന്നും വകവയ്‌ക്കാതെ ബിനീഷ് വേദിയിലേക്ക് കയറി. സംവിധായകൻ അനിൽ രാധാകൃഷ്‌ണമേനോൻ പ്രസംഗിക്കുന്നതിനിടെയാണ് ബിനീഷ് വേദിയിലേക്ക് കയറിയത്. പിന്നീട് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തറയിലിരുന്നായിരുന്നു ബിനീഷ് പ്രതിഷേധിച്ചത്.

Read Also: മേസ്‌തിരി പണിക്കു പോകാനും തയ്യാര്‍, അനില്‍ രാധാകൃഷ്ണമേനോന്‍ ഉത്തരം നല്‍കണം: ബിനീഷ്

ബിനീഷിനെ പിന്തിരിപ്പിക്കാൻ സംഘാടകരടക്കം നിരവധി പേർ ശ്രമിച്ചു. എന്നാൽ, ബിനീഷ് തയ്യാറായില്ല. ബിനീഷിനു മെെക്ക് നൽകാൻ കോളേജ് അധികൃതരും തയ്യാറായില്ല. ബിനീഷ് എത്തിയതോടെ അനിൽ രാധാകൃഷ്‌ണമേനോൻ പ്രസംഗം നിർത്തി. പിന്നീട് താൻ പ്രതിഷേധിക്കുന്നതിന്റെ കാരണം ബിനീഷ് വെളിപ്പെടുത്തി. വിദ്യാർഥികളോടായാണ് ബിനീഷ് കാര്യങ്ങൾ വിവരിച്ചത്. താൻ ഉണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃ‌ഷ്‌ണമേനോൻ പറഞ്ഞ കാര്യം ബിനീഷ് വെളിപ്പെടുത്തി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ബിനീഷിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. വലിയ കയ്യടിയോടെയാണ് ബിനീഷ് ബാസ്റ്റിനെ വിദ്യാർഥികൾ സ്വീകരിച്ചത്.

മെെക്ക് ഇല്ലാതെയാണ് ബിനീഷ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് താൻ എഴുതിക്കൊണ്ടുവന്ന പ്രസംഗവും ബിനീഷ് വായിച്ചു. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ അവഗണന നേരിട്ട ദിവസമാണിത് എന്ന് ബിനീഷ് പറഞ്ഞു. വലിയ വിഷമം തോന്നിയ ദിവസമാണ്. ഒരു മണിക്കൂർ മുൻപ് ചെയർമാൻ എന്റെ റൂമിലെത്തി പറഞ്ഞു പരിപാടിക്ക് താമസിച്ചുവന്നാൽ മതിയെന്ന്. അനിൽ രാധാകൃഷ്‌ണമേനോനാണ് മറ്റൊരു ചീഫ് ഗസ്റ്റെന്നും സാധാരണക്കാരനായ തന്നെ ഗസ്റ്റായി വിളിച്ചാൽ അനിൽ രാധാകൃഷ്‌ണമേനോൻ സ്റ്റേജിലേക്ക് കയറില്ലെന്ന് പറഞ്ഞ കാര്യം ചെയർമാൻ തന്നോട് പറഞ്ഞെന്നും ബിനീഷ് പറഞ്ഞു. അവനോട് ഇവിടെ വരണ്ടെന്നും തന്റെ പടത്തിൽ ചാൻസ് ചോദിച്ച ആളാണ് അവനെന്നും അനിൽ പറഞ്ഞതായി ബിനീഷ് വിവരിക്കുന്നു.

ബിനീഷ് തുടർന്നു, “ഞാൻ മേനോനല്ല, ഞാൻ നാഷണൽ അവാർഡ് വാങ്ങിക്കാത്ത ആളാണ്. എന്റെ ലെെഫിൽ തന്നെ ഏറ്റവും വലിയ ദുഃഖമുള്ള ദിവസമാണിന്ന്. എനിക്ക് വലിയ വേദനയുണ്ട്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കാൻ പാടില്ല. ഞാൻ ടെെലിന്റെ പണിയെടുത്ത് ജീവിച്ച ആളാണ്. വിജയ് സാറിന്റെ കൂടെ പടം ചെയ്‌തിട്ടുണ്ട്. ഞാൻ 220 ഓളം കോളേജിൽ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. വലിയ വിഷമം തോന്നുന്നുണ്ട്. എനിക്ക് വിദ്യാഭ്യാസമില്ല. ഞാൻ ഒരു കാര്യം എഴുതിക്കൊ ണ്ടുവന്നിട്ടുണ്ട്. അത് വായിക്കാൻ പോകുകയാണ്. മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.”

“ഞാൻ പോകുകയാണ്. എന്നോട് ക്ഷമിക്കണം നിങ്ങള്. ഞാനൊരു വിദ്യാഭ്യാസമില്ലാത്ത ആളാണ്. ജീവിതത്തിൽ വലിയ വിഷമം തോന്നിയ ദിവസമാണ്. നിങ്ങളുടെ എല്ലാ പരിപാടികളും അടിപൊളിയാകട്ടെ. എല്ലാവർക്കും നന്ദി” ബിനീഷ് നടത്തിയ പ്രസംഗം പിന്നീട് സമൂഹമാധ്യമങ്ങളെല്ലാം ഏറ്റെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.