/indian-express-malayalam/media/media_files/uploads/2021/04/Covid-Vaccine-1.jpg)
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാനാവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.
Read Also: രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു; നിലവിലെ സാഹചര്യത്തിൽ നടത്തുന്നത് ഉചിതമല്ലെന്ന് കമ്മീഷൻ
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇങ്ങനെ പോകുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ എടുക്കുവാനും കഴിയും. പോര്‍ട്ടലില്‍ ഇത് രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ ജില്ലകള്‍ ഇത് പ്രത്യേകമായി രേഖപ്പെടുത്തുന്നതാണ്.
ഇങ്ങനെ നല്‍കുന്ന വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്‌സിന്‍ സ്‌റ്റോക്കില്‍ നിന്നും നല്‍കുന്നതാണ്. ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച് വേണം വാക്‌സിന്‍ നല്‍കുവാന്‍. ഇങ്ങനെ വാക്‌സിന്‍ നല്‍കുമ്പോള്‍ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പോളിസി കൂടി പരിശോധിച്ച് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.