തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം.
ഈ വർഷം ജനുവരി 11നാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. 2024 ജൂലൈ വരെ കാലാവധിയുണ്ടായിരിക്കെയായിരുന്നു5 ജോസ് കെ മാണിയുടെ രാജി.
ഒരുവർഷത്തിലധികം കാലാവധി ബാക്കിനിൽക്കേ രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നാൽ ഒഴിവ് വന്ന തീയതി മുതൽ ആറുമാസത്തിനുള്ളിൽ ഒഴിവ് നികത്തണമെന്നാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 151 എ വകുപ്പിൽ പറയുന്നത്.
Read More: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി
എന്നാൽ നിലവിൽ രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഈ വിഷയം അവലോകനം ചെയ്തുവെന്നും സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും അനുകൂലമാവുകയും ചെയ്യുന്നതുവരെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തീരുമാനിക്കുകയും ചെയ്തതായും കമ്മിഷൻ അറിയിച്ചു.
സംസ്ഥാനത്തിന്റെ അഭിപ്രായം ആരായുകയും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികാരികളുമായി മഹാമാരിയുടെ സാഹചര്യം വിലയിരുത്തുകയും ചെയ്ത ശേഷം ഉചിതമായ സമയത്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.