scorecardresearch

207 പേരുടെ നിക്ഷേപത്തില്‍ സ്റ്റീല്‍ പ്ലാന്റ്; പുത്തൻ മാതൃകയായി തിക്കോടിയിലെ പ്രവാസികള്‍

രണ്ടായിരത്തോളം പേര്‍ അംഗങ്ങളായ ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം എന്ന കൂട്ടായ്മയാണു ജിടിഎഫ് സ്റ്റീല്‍ പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ് എല്‍ല്‍പി എന്ന കമ്പനിക്കു പിന്നില്‍. ഒന്നു മുതല്‍ 40 ലക്ഷം വരെയാണു വ്യക്തിഗത നിക്ഷേപം

രണ്ടായിരത്തോളം പേര്‍ അംഗങ്ങളായ ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം എന്ന കൂട്ടായ്മയാണു ജിടിഎഫ് സ്റ്റീല്‍ പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ് എല്‍ല്‍പി എന്ന കമ്പനിക്കു പിന്നില്‍. ഒന്നു മുതല്‍ 40 ലക്ഷം വരെയാണു വ്യക്തിഗത നിക്ഷേപം

author-image
Shaju Philip
New Update
thikkodi expats steel plant, GTF Steel Pipes and Tubes LLP, Global Thikkodiyans Forum, Kozhikode news, Kerala news, Kerala latest news, india news, indian express malayalam, ie malayalam

തിരുവനന്തപുരം: നീണ്ടകാലത്തെ പ്രവാസജീവിതത്തിനൊടുവില്‍ അല്‍പ്പം സമ്പാദ്യവുമായി നാട്ടില്‍ തിരിച്ചെത്തുന്നവരില്‍ ഭൂരിഭാഗവും പൊതുവെ നിക്ഷേപം നടത്താറുള്ളത് കച്ചവടത്തിലോ ഹോട്ടല്‍ മേഖലയിലോ ആയിരിക്കും. തുടര്‍ന്ന് വലിയ നഷ്ടം സംഭവിക്കുന്നതോടെ അതില്‍നിന്ന് അവര്‍ പിന്‍വാങ്ങുന്നതും പതിവ് കാഴ്ചയാണ്. ഇതില്‍നിന്നു തികച്ചും വ്യത്യസ്തമായ നിക്ഷേപ പദ്ധതിയിലൂടെ കേരളത്തിനാകെ മാതൃകയാവുകയാണ് കോഴിക്കോട് തിക്കോടിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മ.

Advertisment

ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം (ജിടിഎഫ്) എന്ന കൂട്ടായ്മ സ്റ്റീല്‍ പൈപ്പ് ബിസിനസിലാണു നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ബിസിനസ് സംരംഭത്തിനായി ഒരു ഗ്രാമത്തിലെ പ്രവാസികളും വിദേശത്തുനിന്നു തിരിച്ചെത്തിയവരും ചേര്‍ന്ന് മൂലധനം സമാഹരിക്കുന്ന സംസ്ഥാനത്തെ ആദ്യ ശ്രമമാണിത്.

ഗള്‍ഫില്‍ 2015ല്‍ ഉടലെടുത്ത തൊഴില്‍ പ്രതിസന്ധിയെത്തുടര്‍ന്ന് 2018 മേയിലാണ് സാമൂഹ്യമാധ്യമ കൂട്ടായ്മയായ ജിടിഎഫ് രൂപംകൊണ്ടത്്. ഇതിന്റെ നേതൃത്വത്തിലുള്ള ജിടിഎഫ് സ്റ്റീല്‍ പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ് എല്‍ല്‍പി എന്ന കമ്പനി ഈ മാസം ആദ്യം ഉത്പാദനം ആരംഭിച്ചു.

18 കോടിയാണ് കമ്പനിയുടെ മൊത്തം നിക്ഷേപം. 207 പേരില്‍നിന്നാണ് ഇത്രയും തുക സമാഹരിച്ചത്്. ഇതില്‍ 147 പേര്‍ ഒരു ലക്ഷം രൂപ മാത്രമാണ് നിക്ഷേപിച്ചത്. അന്‍പതിനായിരം രൂപയാണ് ഒരു ഓഹരിയുടെ വില. ഒരാള്‍ കുറഞ്ഞത് രണ്ട് ഓഹരികളില്‍ അഥവാ ഒരു ലക്ഷം രൂപ നിക്ഷേപിക്കണമായിരുന്നു. ഒരാള്‍ക്കു പരമാവധി നിക്ഷേപിക്കാവുന്ന തുക 40 ലക്ഷം രൂപയായും നിശ്ചയിച്ചിരുന്നു.

Advertisment

Also Read: സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍

''ഗള്‍ഫില്‍ വര്‍ഷങ്ങളോളം അധ്വാനിച്ചശേഷം ചെറിയ സമ്പാദ്യമുള്ള സാധാരണക്കാരാണ് നിക്ഷേപകരില്‍ വലിയൊരു വിഭാഗമെന്നതാണ് സംരംഭത്തിന്റെ പ്രധാന സവിശേഷത. എന്നാല്‍ ഇത്തരമൊരു സംരഭത്തിന്, ഒരു പ്രൊഫഷണല്‍ ബിസിനസ് സംരംഭത്തിന്റെ ഭാഗമാകാന്‍ അവര്‍ക്കു സാധിക്കില്ലായിരുന്നു,'' ജിടിഎഫ് സ്റ്റീല്‍സ് ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ നടമ്മല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

''ഈ തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും കച്ചവടം അല്ലെങ്കില്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് വലിയ നഷ്ടം സംഭവിച്ചതിന് ശേഷം പിന്‍വാങ്ങുന്നു. അത്തരം ആളുകളെ ഒരു ബിസിനസ് സംരംഭത്തിന്റെ ഭാഗമാക്കുകയെന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം,'' അദ്ദേഹം പറഞ്ഞു.

18 വര്‍ഷത്തോളം ബഹ്റൈനില്‍ ജോലി ചെയ്തയശേഷം ഏകദേശം രണ്ടു വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ഉമ്മര്‍ കൊയിലില്‍ (60) നിക്ഷേപകരില്‍ ഒരാളാണ്. ''ഞാന്‍ ഒരു ചെറിയ ബിസിനസ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സംരംഭത്തില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. ഇത് ഒരു ബിസിനസ് സംരംഭത്തിലേക്ക് എന്നെ എത്തിച്ചു. അല്ലായിരുന്നെങ്കില്‍ ഞാനൊരു ചെറുകിട കച്ചവടക്കാരനായി മാറിയേനെ,'' അദ്ദേഹം പറഞ്ഞു. 15 വര്‍ഷം ഷാര്‍ജയില്‍ ജോലി ചെയ്ത ശേഷം രണ്ടുവര്‍ഷം മുന്‍പ് തിരിച്ചെത്തിയ ടിസി ഷിജു (42) ഒരു ലക്ഷം രൂപ നിക്ഷേപിച്ച മറ്റൊരാളാണ്.

ഗാല്‍വനൈസ്ഡ് ഇരുമ്പ് പൈപ്പുകളും ട്യൂബുകളും നിര്‍മിക്കുന്ന യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ജിടിഎഫ് സംയോജിത കൃഷിയും ടൂറിസവും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ അന്വേഷിച്ചിരുന്നു.

Also Read: ഓണ്‍ലൈന്‍ പണത്തട്ടിപ്പ്: പരാതിപ്പെടാന്‍ പൊലീസ് കോള്‍സെന്റർ നിലവില്‍ വന്നു

''ഞങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്, കോവിഡിനു മുന്‍പ് പ്രതിമാസം 40,000 മെട്രിക് ടണ്‍ ആയിരുന്നു ജിഐ പൈപ്പുകളുടെയും ട്യൂബുകളുടെയും കേരളത്തിലെ ആവശ്യകത. ഇപ്പോഴത് 25,000 മെട്രിക് ടണ്ണായി കുറഞ്ഞു. എങ്കിലും കേരളത്തിലെ ഉത്പാദനം മാസം 4,000 മെട്രിക് ടണ്‍ മാത്രമാണ്. ഞങ്ങളുടെ മാസ ഉത്പാദന ശേഷി 3,000 മെട്രിക് ടണ്ണാണ്. കേരളത്തില്‍ നിര്‍മാണ, അടിസ്ഥാന സൗകര്യ മേഖലകള്‍ വലിയ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നതിനാല്‍ ഞങ്ങള്‍ വലിയ വളര്‍ച്ചാ സാധ്യത കാണുന്നു,''എന്തുകൊണ്ടാണ് യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നു വിശദീകരിച്ചുകൊണ്ട് ജിടിഎഫ് സ്റ്റീല്‍സ് സിഇഒ ഇഷ്ഹാഖ് കൊയിലില്‍ പറഞ്ഞു.

ഓഹരി ഉടമകളാരും ഫാക്ടറിയില്‍ ജോലി ചെയ്യുന്നില്ല. പ്രൊഫഷണല്‍ രീതിയിലായിരുന്നു കമ്പനിയിലേക്കുള്ള നിയമനം. യോഗ്യതയുള്ള, പരിശീലനം ലഭിച്ച തൊഴിലാളികളെ മാത്രമാണു തിരഞ്ഞെടുത്തത്.

സംസ്ഥാനത്തുടനീളം അനുകരിക്കാവുന്ന ബിസിനസ്, നിക്ഷേപ മാതൃക മുന്നോട്ടുവയ്ക്കാന്‍ ആഗ്രഹിച്ചതായി തിക്കോടിയില്‍ നിന്നുള്ള അബ്ദുള്‍ ലത്തീഫ് പറഞ്ഞു. ''കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ നിക്ഷേപം ലാഭകരമായ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ സാധാരണ പ്രവാസികളെ ഈ മാതൃക സഹായിക്കും. ജിടിഎഫില്‍ രണ്ടായിരത്തോളം അംഗങ്ങളുണ്ട്. സ്റ്റീല്‍ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവരെ മാത്രമാണ് പങ്കാളികളായി തിരഞ്ഞെടുത്തത്. ഞങ്ങള്‍ മറ്റ് സംരംഭങ്ങളും ആസൂത്രണം ചെയ്യുന്നു. ഫോറത്തിലെ മറ്റുള്ളവര്‍ക്ക് അവയില്‍ നിക്ഷേപിക്കാന്‍ കഴിയും, ''അദ്ദേഹം പറഞ്ഞു.

Gulf Investment Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: