കോഴിക്കോട്: ഡിജിറ്റല്‍ വിഭജനത്തെ, ജനപങ്കാളിത്തമെന്ന നെറ്റ്‌വര്‍ക്കിലൂടെ മറികടക്കുകയാണ് പയ്യോളിക്കാരുടെ ‘സാമൂഹിക കണക്ഷന്‍’. ഓണ്‍ലൈന്‍ പഠനത്തിനായി പ്രദേശത്തെ 250 കേന്ദ്രങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ ഒരുക്കിക്കൊണ്ടാണ്, ഈ നാട് കേരളത്തിനും ഇന്ത്യക്കും മുന്നില്‍ പുതുമായര്‍ന്നൊരു ജൈവമാതൃകാ നെറ്റ്‌വര്‍ക്കിന്റെ അല്‍ഗോരിതം രൂപപ്പെടുത്തുന്നത്.
പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും പയ്യോളി മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണു ഫോക്കസ് എന്ന പേരിൽ സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും തിക്കോടി ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലും പയ്യോളി മുനിസിപ്പാലിറ്റിയിലെ 20 ഡിവിഷനുകളിലും നിന്നുള്ളവരാണ്. ഈ 37 വാര്‍ഡുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വൈഫൈ ലഭ്യമാക്കുകയാണു സ്‌കൂളിന്റെ ലക്ഷ്യം.
ഓരോ വാര്‍ഡിലും ഏറ്റവും കുറഞ്ഞത് നാലോ അഞ്ചോ സ്ഥലത്ത് പൊതു വൈ ഫൈ സ്ഥാപിക്കും. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വളരെ കുറഞ്ഞ കടലോര പ്രദേശങ്ങളില്‍ കൂടുതല്‍ വൈ ഫൈ കേന്ദ്രങ്ങളൊരുക്കും. തിക്കോടിയില്‍ അഞ്ചും പയ്യോളിയില്‍ പതിമൂന്നും തീരദേശ വാര്‍ഡുകളാണുള്ളത്. 30 വരെ വീടുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ അങ്കണവാടികള്‍, മദ്രസകള്‍, ലൈബറികള്‍, സന്നദ്ധ സംഘടനാ ഓഫീസുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ വൈഫൈ കേന്ദ്രങ്ങളാക്കും. ഇവയെ കേന്ദ്രീകരിച്ച്, ചുറ്റുമുള്ള വീടുകളിലെ കുട്ടികള്‍ക്കു പകല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങും.
ഒന്ന്, രണ്ട് വാര്‍ഡുകളില്‍ പദ്ധതി ലോഞ്ച് ചെയ്യാനുള്ള ഘട്ടത്തിലാണെന്നു പ്രധാനാധ്യാപകന്‍ കെഎന്‍ ബിനോയ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ”ശേഷിക്കുന്ന വാര്‍ഡുകളില്‍ ജൂണ്‍ മുപ്പതോടെ പദ്ധതി പ്രാവര്‍ത്തികമാക്കും. കടലോര പ്രദേശങ്ങളില്‍ കൂടുതല്‍ കണക്ഷന്‍ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നത്തിനൊപ്പം മാതാപിതാക്കളുടെ സാമ്പത്തിക പരാധീനതയും പ്രധാന വെല്ലുവിളിയാണ്. ഇതു മറികടക്കാന്‍ വിവിധ കേബിള്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചുകൊണ്ട് ഇന്റര്‍നെറ്റ് വൈഫൈ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്,” അദ്ദേഹം പറഞ്ഞു.
ഒരു കേന്ദ്രത്തില്‍ വൈഫൈ ഏര്‍പ്പെടുത്താന്‍ മാത്രം നാലോയിരത്തോളം ചെലവ് വരും. നാല് മാസത്തെ വാടക ഉള്‍പ്പെടെയാണിത്. ഇങ്ങനെ ഒരോ വാര്‍ഡിലും ചെലവിനത്തില്‍ ശരാശരി വരുന്ന ഇരുപതിനായിരത്തോളം രൂപ അതാത് വാര്‍ഡ് സമിതികള്‍ കണ്ടെത്തും. ഓരോ വാര്‍ഡിലെയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നാലോ അഞ്ചോ പേരെ കൊണ്ട് ആ വാര്‍ഡിലേക്കാവശ്യമായ ചെലവ് സ്‌പോണ്‍സര്‍ ചെയ്യിക്കുകയാണ് ലക്ഷ്യമിടുന്നത്.
Also Read: ഇന്റർനെറ്റ് ശൃംഖലയില്ലാത്ത ഗ്രാമം, ക്ലാസിനായി അധ്യാപകനും വിദ്യാർഥികളും കുന്നിൻ മുകളിൽ
വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സന്നദ്ധ, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് വാര്‍ഡ് സമിതികള്‍. ഇതോടൊപ്പം പദ്ധതി കോര്‍ഡിനേറ്റര്‍മാരായി ഒരോ അധ്യാപകര്‍ക്കു ചുമതല നല്‍കിതായി ബിനോയ് കുമാര്‍ പറഞ്ഞു. വാര്‍ഡിലെ മുഴുവന്‍ കുട്ടികളും ക്ലാസില്‍ എത്തുന്നുണ്ടെന്ന് കോര്‍ഡിനേറ്റര്‍മാര്‍ ഉറപ്പാക്കും. അവര്‍ക്കു ട്യൂട്ടര്‍മാരെ ആവശ്യമുണ്ടെങ്കില്‍ പ്രദേശത്തെ ബിഎഡ് ബിരുദധാരികളെയും വിരമിച്ച അധ്യാപകരെയും കണ്ടെത്താനുള്ള പദ്ധതി തയാറാക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും വാര്‍ഡ് സമിതി നടത്തും.
റെയില്‍വേ സ്‌റ്റേഷനിലും മറ്റും ലഭ്യമാകുന്ന തരത്തില്‍ വൈ ഫൈ ഹോട്ട്‌സ്‌പോട്ടും സ്‌കൂള്‍ ആലോചിക്കുന്നുണ്ട് . ഹോട്ട്‌സ്‌പോട്ട് സ്ഥാപിച്ചാല്‍ 300 മീറ്റര്‍ വരെ പരിധിയില്‍ സിഗ്നല്‍ ലഭിക്കും. ഇതിനു ഒരു കേന്ദ്രത്തില്‍ ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ചെലവ് വരും.
എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലായി 2171 കുട്ടികളാണ് പയ്യോളി ജിവിഎച്ച്എസ്എസില്‍ പഠിക്കുന്നത്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത 399 വിദ്യാര്‍ഥികളുണ്ടെന്നാണ് സ്‌കൂള്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനു തടസമായി മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ടിവി തുടങ്ങി ഒരു ഡിവൈസുമില്ലാത്ത 96 കുട്ടികളുണ്ട്. ഇവര്‍ക്കു സ്‌കൂളിന്റെ നേതൃത്വത്തില്‍ ജൂണ്‍ 25നു മൊബൈല്‍ ഫോണുകള്‍ കൊടുക്കും.
ആറ് ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതി. 1.40 ലക്ഷം രൂപ അധ്യാപകര്‍ വിഹിതമായി നല്‍കി. ക്ലാസ് പിടിഎകള്‍ വഴി ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചു. ബാക്കിത്തുക പൂര്‍വ വിദ്യാര്‍ഥികള്‍, പ്രവാസികള്‍, സന്നദ്ധ സംഘടനകള്‍ വഴി സമാഹരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതേ തരത്തില്‍, കഴിഞ്ഞവര്‍ഷം നൂറോളം കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കിയിരുന്നു. 99 ശതമാനം വിജയശതമാനമുള്ള ഈ സ്‌കൂളില്‍ 77 അധ്യാപകരാണുള്ളത്.
Also Read: ഓൺലൈൻ ക്ലാസിലിരിക്കാൻ ഇന്റർനെറ്റ് ഇല്ല; മല കയറി വിദ്യാർഥികൾ
സ്‌കൂള്‍ തുറക്കാന്‍ ഏഴുമാസമെങ്കിലും കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു വൈഫൈ പദ്ധതിയുമായി മുന്നോട്ടു പോകുന്നയെനന്നു പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് പറഞ്ഞു. ”80 ശതമാനം കുട്ടികള്‍ക്കും ഡിവൈസ് ഉണ്ട്. ഇവരില്‍ 30 ശതമാനത്തിനു മുകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നം നേരിടുന്നവരാണ്. കവറേജ് പ്രശ്‌നത്തിനൊപ്പം കോവിഡ് സാഹചര്യത്തില്‍ ഇന്റര്‍നെറ്റിനുവേണ്ടി മുടക്കാനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാത്തവര്‍ നിരവധിയാണ്. പ്രത്യേകിച്ച് തീരദേശമേഖലകളില്‍. ഇതുപരിഹരിക്കാനാണു വൈഫൈ സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
പയ്യോളി മുന്‍സിപ്പാലിറ്റിയിലെ 36 ഡിവിഷനുകളിലെ 20 എണ്ണത്തിലാണു ജിവിഎച്ച്എസ്എസുമായി ചേര്‍ന്നുള്ള പദ്ധതി. ഇതോടൊപ്പം ശേഷിക്കുന്ന ഡിവിഷനുകളിലെ മറ്റു വിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും മുന്‍സിപ്പാലിറ്റി ഭരണസമിതി സൗജന്യമായി വൈഫൈ ലഭ്യമാക്കും. മറ്റൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഏഴ് യുപി സ്‌കൂളുകളും നിരവധി എല്‍പി സ്‌കൂളുകളും മുന്‍സിപ്പാലിറ്റി പ്രദേശത്തുണ്ട്. പദ്ധതിക്കു 15 ലക്ഷം രൂപയാണു മുന്‍സിപ്പാലിറ്റി ചെലവ് പ്രതീക്ഷിക്കുന്നത്.

വൈഫൈ സ്ഥാപിക്കുന്നതു സംബന്ധിച്ച യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നു തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ”അയല്‍ക്കൂട്ടം ഭാരവാഹികള്‍ ഉള്‍പ്പെടുന്ന വാര്‍ഡ് വികസന സമിതികള്‍ ചേര്‍ന്നശേഷം പ്രദേശത്തെ രാഷ്ട്രീയ, സാമൂഹ്യ-സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്ത് വൈഫൈ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയാണെന്നു തീരുമാനിക്കും. പഞ്ചായത്ത് കോവിഡ് ഹൈറിസ്ക് ഏരിയ ആയിരുന്നതുകൊണ്ടാണ് യോഗങ്ങൾ ചേരാൻ അൽപ്പം വൈകിയത്. ജനങ്ങളുടെ സഹകരണത്തോടെ ഫണ്ട് കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ കാര്യമായതുകൊണ്ട് എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷ,” അവര്‍ പറഞ്ഞു.
നേരത്തെ, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ആകാശയാത്രയിലൂടെ പയ്യോളി ജിവിഎച്ച്എസ്എസ് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ഭിന്നശേഷിക്കാരായ 26 കുട്ടികളും അവരുടെ അമ്മമാരും ഉള്‍പ്പെടെ 62 പേരുടെ വിമാനയാത്ര കോവിഡ് വ്യാപനത്തിനു തൊട്ടുമുന്‍പ് 2020 ഫെബ്രുവരിയിലാണ് നടത്തിയത്. 7.5 ലക്ഷം രൂപ ചെലവ് വന്ന പദ്ധതി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണു പ്രാവര്‍ത്തികമാക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ സഞ്ചരിച്ച് അവിടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ട്രെയിനില്‍ തിരിച്ചെത്തുകയായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിന്റെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുകയും ചെയ്തു. സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള 2019-20ലെ പുരസ്‌കാരം ഈ സ്‌കൂളിനാണ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ട്രോഫിയും ഉള്‍പ്പെടുന്നതാണു പുരസ്‌കാരം.