/indian-express-malayalam/media/media_files/uploads/2019/07/Eldho-Abraham-MLA-1.jpg)
മൂവാറ്റുപുഴ: പൊലീസ് മര്‍ദനത്തില്‍ കൈ ഒടിഞ്ഞതായി താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എ എത്തിയത്. കൈ ഒടിഞ്ഞു എന്ന് എവിടെയും പറഞ്ഞിട്ടില്ല. പരുക്കിനെ പറ്റി തര്‍ക്കത്തിനുള്ള സമയമല്ല. കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടാണ് നേരത്തെ പുറത്തുവന്നത്.
''മാര്‍ച്ചിനിടെ പൊലീസ് തന്നെയും മറ്റ് സിപിഐ നേതാക്കളെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ തന്നെയാണ് ജീവിക്കുന്ന തെളിവ്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അപ്പോള്‍ ഞാന്‍ തെറിച്ചുവീണു. ആ വീഴ്ചയില്‍ ഇടത് ഭാഗം ചേര്‍ന്നാണ് വീണത്. അപ്പോഴാണ് മുട്ടിന് പരുക്കേറ്റത്. മുട്ടിന് പരുക്കുണ്ട് എന്ന് മാത്രമാണ് ഞാന്‍ നേരത്തെയും പറഞ്ഞത്. അല്ലാതെ കൈ ഒടിഞ്ഞു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലാണ് അത്തരം വാര്‍ത്തകള്‍ പുറത്തുവന്നത്,'' എല്‍ദോ എബ്രഹാം പറഞ്ഞു.
Read Also: ‘ഒടിവില്ല’; എൽദോ എബ്രഹാമിന്‍റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. പരുക്കുകളുടെ ആഴം അളന്നുനോക്കേണ്ട സമയമല്ല. പൊലീസ് റിപ്പോര്‍ട്ട് അവരെ തന്നെ ന്യായീകരിക്കാന്‍ വേണ്ടിയുള്ളതാണ്. സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് പൊലീസ് അത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും എല്‍ദോ പറഞ്ഞു. അതേസമയം, കലക്ടറുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാമെന്നും കലക്ടറുടെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും എല്‍ദോ കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവും തള്ളി. എംഎല്‍എ പറയുന്നത് വിശ്വസിക്കാനാണ് താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. എന്നാല്‍, ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലാണ് സിപിഐ ഔദ്യോഗികമായി വിശ്വസിക്കുന്നത്. റിപ്പോര്‍ട്ട് വന്നതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.