/indian-express-malayalam/media/media_files/uploads/2023/04/shivankutty.jpg)
മന്ത്രി വി.ശിവൻകുട്ടി (ഫയൽ ചിത്രം)
തിരുവനന്തപുരം: പത്താം ക്ലാസ് പാസാകുന്നത് എഴുതാനും വായിക്കാനും അറിയാത്തവരെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്ന് ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കി വരികയാണ്. അധ്യാപകർക്ക് സമയാസമയം പരിശീലനവും ലഭ്യമാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയാണെന്നും ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാർത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും വി.ശിവൻകുട്ടി പറഞ്ഞു. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും സ്കൂൾ വിദ്യാഭ്യാസമടക്കമുള്ള കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമർശം. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമർശം. പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുമെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.