/indian-express-malayalam/media/media_files/uploads/2022/05/V-Sivankutty-FI.png)
തിരുവനന്തപുരം: പ്ലസ് ടു മൂല്യനിര്‍ണയം ബഹിഷ്കരിക്കുന്നത് പരീക്ഷ അട്ടിമറിക്കാനാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ചില അധ്യാപക സംഘടനകള്‍ സര്‍ക്കാര്‍ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
"ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ എസ്ഇആര്‍ടിയുടെ മേല്‍നോട്ടത്തിലാണ് തയാറാക്കുന്നത്. ഓരോ വിഷയത്തിനും ആറ് സെറ്റ് ചോദ്യപേപ്പറാണ് നിര്‍മ്മിക്കുന്നത്. അതില്‍ നിന്നും ഒരു ചോദ്യപേപ്പറാണ് കോണ്‍ഫിഡന്‍ഷ്യലായി സെക്യൂരിറ്റി പ്രെസില്‍ അച്ചടിച്ചു വരുന്നത്," വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
"ചോദ്യപേപ്പര്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം അധ്യാപകര്‍ ഉത്തര സൂചികയും തയാറാക്കും. ചോദ്യപേപ്പര്‍ തയാറാക്കാന്‍ കെല്‍പ്പുള്ള അധ്യാപകര്‍ക്ക് ഉത്തരസൂചികയും തയാറാക്കാനുള്ള വിവരമുണ്ടെന്ന് മനസിലാക്കാമല്ലോ. ഉത്തരസൂചിക തയാറാക്കിയതിന് ശേഷം പരീക്ഷ ചെയര്‍മാനെയും കമ്മിഷനേയും എല്‍പ്പിക്കും," മന്ത്രി കൂട്ടിച്ചേര്‍ത്തു.
''കഴിഞ്ഞ പ്രാവശ്യം ഫിസിക്സ് പരീക്ഷയില്‍ ഇത്തരമൊരു പ്രശ്നമുണ്ടായി. അന്ന് ഉത്തരം തയാറാക്കുന്നതിനായി ചുമതലപ്പെടുത്തിയ ചില അധ്യാപകര്‍ ന്യായമല്ലാത്തെ ചില കാര്യങ്ങള്‍ ചെയ്തു. പരീക്ഷ സംബന്ധിച്ച കാര്യമായതിനാല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആ അധ്യാപകര്‍ക്ക് അന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു, മന്ത്രി" പറഞ്ഞു.
"നടപടിയുമായി മുന്നോട്ട് പോകുമ്പോഴാണ് കെമിസ്ട്രി പേപ്പറിലും ഗുരുതരമായ ചില പിഴവുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 26-ാം തീയതി ഉത്തര സൂചിക ഹയര്‍ സെക്കന്‍ഡറി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ ബഹിഷ്കരണം സംബന്ധിച്ച് ഒരു മുന്നറിയിപ്പ് പോലും അധ്യാപകര്‍ നല്‍കിയില്ല," ശിവന്‍കുട്ടി വ്യക്തമാക്കി.
മൂല്യനിര്‍ണയം ആരംഭിക്കുന്ന ദിവസം വരെ പരാതി നല്‍കിയിട്ടില്ല. മൂല്യനിര്‍ണയ ദിവസത്തിലാണ് ബഹിഷ്കരണവുമായി ഒരു കൂട്ടം അധ്യാപകര്‍ മുന്നോട്ട് വന്നത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് നീതിപൂര്‍വ്വം മാര്‍ക്ക് ലഭിക്കാനുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വാരിക്കോരി മാര്‍ക്ക് കൊടുക്കാന്‍ അനുവദിക്കില്ല എന്ന കാര്യം വ്യക്തമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘര്‍ഷവും ഏറ്റവും ഗൗരവമായി കാണുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെമിസ്ട്രി ഉത്തര സൂചിക പുനപരിശോധിച്ച് തയ്യാറാക്കി നല്‍കുന്നതിനായി സര്‍ക്കാര്‍ 15 അധ്യാപകരെ നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. അതില്‍ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളേജ് അധ്യാപകര്‍ ആണ്.
ചില അധ്യാപകര്‍ നടത്തുന്ന കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയ ബഹിഷ്‌ക്കരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ എ എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം പുതുക്കിയ ഉത്തരസൂചിക പ്രകാരം മേയ് നാലിന് പുനരാരംഭിക്കും.
ഇതിനകം മൂല്യനിര്‍ണയം നടന്ന ഉത്തരക്കടലാസുകള്‍ ഒന്നുകൂടി പരിശോധിക്കും. ഫിസിക്‌സ് , കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് ഉള്ളത്. അത് കൊണ്ട് തന്നെ വിദ്യര്‍ഥിക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.