scorecardresearch
Latest News

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര: ഡബ്ള്യൂസിസി

അതേസമയം, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു

hema committee report, WCC

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യത്തിൽ ഉറച്ച് ഡബ്ള്യൂസിസി. റിപ്പോർട്ടിലെ ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോരെന്നും അതിലെ കണ്ടത്തലുകൾ തങ്ങൾക്ക് അറിയേണ്ടതുണ്ടെന്നും ഡബ്ള്യൂസിസി പറഞ്ഞു. കമ്മിറ്റി ആ നിർദേശങ്ങളിലേക്ക് അവർ എത്താനുണ്ടായ കാരണങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്നും ഡബ്ള്യൂസിസി പറഞ്ഞു. ജനുവരി 21ന് നിയമമന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയിൽ സമർപ്പിച്ച കത്ത് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.

“ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ നിശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര. അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല സർക്കാർ പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി സർക്കാർ ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.” ഡബ്ള്യൂസിസി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ള്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി. രാജീവ് ഇന്ത്യൻ എക്സ്പ്രസിന്റെ ‘ഐഡിയ എക്സ്ചേഞ്ച്’ പരിപാടിയിൽ പറഞ്ഞതിന് പിന്നാലെയാണ് ഡബ്ള്യൂസിസിയുടെ പ്രതികരണം.

നേരത്തെ, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ള്യൂസിസി (വിമൺ ഇൻ സിനിമ കളക്ടീവ്) യുടെ നിലപാടെന്ന് വ്യക്തമാക്കി ഡബ്ള്യൂസിസി അംഗം ദീദി ദാമോദരൻ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രതികരണം അപ്രതീക്ഷിതമാണെന്നും മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടായതാകാമെന്നും അവർ പറഞ്ഞു. ഡബ്ള്യൂസിസി രേഖാമൂലം സർക്കാരിന് നൽകിയ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. എല്ലാവരും നൽകിയിരിക്കുന്നത് രഹസ്യമൊഴിയല്ല. രഹസ്യ സ്വഭാവങ്ങൾ ഉള്ള മൊഴികൾ അതിലുണ്ട്. അത് ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണം എന്നാണ് ആവശ്യം. ഒരിക്കലും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ദീദി ദാമോദരൻ വ്യക്തമാക്കി.

അതേസമയം, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജസ്റ്റിസ് ഹേമ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും ഈ മാസം നാലാം തീയതി നടത്തുന്ന ചർച്ചയിൽ ഡബ്ള്യൂസിസി അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിന്റെ ‘ഐഡിയ എക്സ്ചേഞ്ച്’ എന്ന അഭിമുഖ പരിപാടിയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിവിടരുതെന്ന് ഡബ്ള്യൂസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞത്. ഡബ്ള്യൂസിസി പ്രതിനിധികളുമായി താൻ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ കാര്യം പറഞ്ഞതെന്നും നിയമപരമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ട ബാധ്യത സർക്കാരിന് ഇല്ലെന്നും പറഞ്ഞു. സമിതിയുടെ നിർദേശങ്ങൾ സ്വീകരിക്കുകയും അത് നിയമവകുപ്പ് പരിശോധിക്കുകയും സാംസ്‌കാരിക വകുപ്പിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു: മന്ത്രി പി. രാജീവ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Wcc member deedi damodaran on hema committee report controversy