/indian-express-malayalam/media/media_files/2025/10/28/pinarayi-vijayan-2025-10-28-17-02-20.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്ഐആർ) നടപ്പാക്കുമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കമ്മീഷന്‍ പിന്തിരിയണമെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഐആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാം ഘട്ട എസ്ഐആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്‍റെ നിഴലിലാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നടപടികൾക്ക് തുടക്കം
"കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ്. നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 - 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍ റജിസ്ട്രേഷന്‍ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കേണ്ടത്.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ് ഐ ആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ്. 'വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും' എന്നതായിരുന്നു 2024 ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയത്.
ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പൂര്‍ണമായ ലംഘനമാണ് ബീഹാറില്‍ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാന്‍ പോകുന്നതുമായ എസ്ഐആര്‍ പ്രക്രിയ. പൗരന്റെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്ഐആര്‍ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതല്‍ ശക്തമാവുകയാണിവിടെ. തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്ഐആറിലൂടെ കേന്ദ്ര ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ്.
Also Read: കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; അറിയേണ്ടതെല്ലാം, ആവശ്യമായ രേഖകൾ ഏതൊക്കെ?
ബീഹാര്‍ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്ന് കമ്മീഷന്‍ പിന്തിരിയണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടാ. എസ് ഐ ആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാം ഘട്ട എസ് ഐ ആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണം," മുഖ്യമന്ത്രി വ്യക്തമാക്കി.
Read More: പിഎം ശ്രീയിൽ വിട്ടുവീഴ്ചയില്ല; സിപിഐ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us