/indian-express-malayalam/media/media_files/uploads/2021/06/ramesh-chennithala-after-meeting-rahul-gandhi-516939-FI-1.jpg)
Photo: Facebook/Ramesh Chennithala
തിരുവനന്തപുരം: ഈ മൊബിലിറ്റി പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. പദ്ധതിക്കെതിരെ ഒന്‍പത് ചോദ്യങ്ങള്‍ ഉന്നയിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
"പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ കരിമ്പട്ടികയില്‍ പെട്ട വിവാദ കമ്പനി പ്രൈസ് വാട്ടര്‍ കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ച ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഴിമതി നടത്തുന്നതിനാണ് ഈ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍ പറത്തിയുള്ള നീക്കമാണ് നടത്തുന്നത്," ചെന്നിത്തല പറഞ്ഞു.
"ഹെസ് എന്ന വിദേശ കമ്പനിയെ വഴിവിട്ട് സഹായിക്കാനും കമ്മീഷനടിക്കുന്നതിനുമുള്ള പദ്ധതിയാണിത്. പ്രതിപക്ഷം അഴിമതി കണ്ടു പിടിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചുവെന്ന ആശ്വാസത്തില്‍ പൊതുജനം ഇരിക്കുമ്പോഴാണ് ആ പദ്ധതി വീണ്ടും പൊടി തട്ടി എടുക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടണം," ചെന്നിത്തല വ്യക്തമാക്കി.
കത്തില്‍ രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍
- ഏത് നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചാണ് ഹെസ് എന്ന കമ്പനിയെ ഇ-ബസ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്?
- ആരാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഇതിനായി കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി തിരഞ്ഞെടുത്തത്?
- ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിര്‍ത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വര്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്.ആരാണ് ഇതിന് മുന്‍കൈ എടുത്തത്?
- ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?
- ജോയിന്റ് വെന്‍ച്ച്വറില്‍ സ്വകാര്യ കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?
- 6000 കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടര്‍ ക്ഷണിക്കാതിരുന്നത്?
- ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?
- ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സുമായുളള ചീഫ് സെക്രട്ടറിതല മീറ്റിങ്ങില്‍ ഹെസ് കമ്പനിയുടെ പ്രതിനിധികള്‍ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?
- കരാര്‍ കമ്പനിയെ മുന്‍കൂട്ടി നിശ്ചയിച്ച് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടേയും, മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണോ?
Also Read: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.