scorecardresearch

ഭയപ്പെടുത്തി പിൻവാങ്ങി ബുറെവി; കേരളത്തിൽ ജാഗ്രത തുടരും

കഴിഞ്ഞ 24 മണിക്കൂറായി മാന്നാർ കടലിടുക്കിലാണ് 'ബുറെവി'യുടെ സ്ഥാനം

കഴിഞ്ഞ 24 മണിക്കൂറായി മാന്നാർ കടലിടുക്കിലാണ് 'ബുറെവി'യുടെ സ്ഥാനം

author-image
WebDesk
New Update
ഭയപ്പെടുത്തി പിൻവാങ്ങി ബുറെവി; കേരളത്തിൽ ജാഗ്രത തുടരും

തിരുവനന്തപുരം: കൂടുതൽ ശക്തിക്ഷയം സംഭവിച്ച് ബുറെവി ചുഴലിക്കാറ്റ്. ഇന്ത്യൻ തീരത്ത് ശക്തമാകില്ല. തുടക്കത്തിൽ കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങൾ അനുസരിച്ച് ബുറെവി ഇന്ത്യൻ തീരത്ത് ശക്തമായി ആഞ്ഞടിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ചുഴലിക്കാറ്റിന് ഗതി മാറ്റം സംഭവിച്ചതോടെ വലിയൊരു അപകടഭീഷണിയാണ് ഒഴിവായത്.

Advertisment

കഴിഞ്ഞ 24 മണിക്കൂറായി മാന്നാർ കടലിടുക്കിലാണ് 'ബുറെവി'യുടെ സ്ഥാനം. ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ശക്തി കുറഞ്ഞു. രാമനാഥപുരത്തിന് സമീപമായി തുടരുന്ന 'ബുറെവി' ഇന്ത്യൻ തീരത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കി.മീ. ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം. ന്യൂനമർദത്തിന്റെ ശക്തി ഇനിയും കുറയും. തീവ്ര ന്യൂനമർദമായി തമിഴ്‌നാട് തീരത്തിലൂടെയും കേരള തീരത്തിലൂടെയും 'ബുറെവി' കടന്നുപോകുമെങ്കിലും വിനാശകാരിയായിരിക്കില്ല. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Read Also: പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ കർഷകർ; വീണ്ടും ചർച്ച

'ബുറെവി' മാന്നാർ ഉൾക്കടലിൽ തന്നെ അവസാനിക്കാൻ സാധ്യതയും പ്രവചിക്കപ്പെടുന്നു. ഇന്ത്യൻ തീരം തൊടാൻ മടിച്ചു നിൽക്കുകയാണ്. മണിക്കൂറുകളായി മാന്നാർ ഉൾക്കടലിൽ തന്നെയാണ് സ്ഥാനം. ഉൾക്കടലിൽ കൂടുതൽ സമയം നിലനിൽക്കുമ്പോൾ കാറ്റിന്റെ തീവ്രതയും വേഗതയും കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. അങ്ങനെവന്നാൽ മാന്നാർ ഉൾക്കടലിൽവച്ച് തന്നെ 'ബുറെവി'ക്ക് അന്ത്യമായേക്കും.

അതേസമയം, തമിഴ്‌നാട്ടിൽ മൂന്ന് മരണമെന്ന് റിപ്പോർട്ട്. കടലൂരിൽ 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. വീട് തകർന്ന് ദേഹത്ത് വീണായിരുന്നു മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരു യുവാവും മരിച്ചു. തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കടലൂർ പുതുച്ചേരി തീരത്തും ശക്തമായ മഴയുണ്ട്.

Advertisment

കേരളത്തിൽ ജാഗ്രത തുടരും. ഇടുക്കി, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനത്തിനു ഏർപ്പെടുത്തിയ നിരോധനം കേരളത്തിൽ തുടരും. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിനു നിരോധനം തുടരുക.

Cyclone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: