/indian-express-malayalam/media/media_files/uploads/2020/12/Pinarayi-Vijayan-2.jpg)
തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ കസ്റ്റംസ് സത്യവാങ്മൂലത്തെ ഒറ്റക്കെട്ടായി വിമർശിച്ച് സിപിഎം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് സിപിഎം വിമർശിച്ചു. എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ആരോപിച്ചു.
'ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി. തിരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ അധപതിച്ചു. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് ജനം മറുപടി നൽകും. അന്വേഷണ ഏജൻസികളുടെ നടപടി പരസ്യമായ ചട്ടലംഘനമാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്,' സിപിഎം സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറയുന്നു.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച് സംഘടിപ്പിക്കും. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.
Read Also: രണ്ട് ടേം വ്യവസ്ഥയിൽ ‘ഉടക്കി’ സിപിഎം സ്ഥാനാർഥി നിർണയം; തോമസ് ഐസക്കും ജി.സുധാകരനും മത്സരിക്കില്ല
ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് മ്ലേച്ഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2021/03/CPM-Protest.jpg)
യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹെെക്കോടതിയെ അറിയിക്കുകയായിരുന്നു. സ്വർണക്കടത്ത്/ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്.
കോണ്‍സല്‍ ജനറലുമായി നേരിട്ടുള്ള സാമ്പത്തിക ഇടപാട് മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും ഉണ്ടായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9.50 ഓടെയാണ് കസ്റ്റംസ് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.
2020 നവംബർ 30ന് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്ന നൽകിയ മൊഴിയിൽ ഇടപാടുകളിൽ വമ്പൻ സ്രാവുകൾക്ക് പങ്കുണ്ടെന്നും സ്വപ്‌നയ്‌ക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. സ്വപ്‌നയ്‌ക്ക് മതിയായ സുരക്ഷ ജയിലിൽ ഉണ്ടെന്നും ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് ജയിൽ ഡിജിപി സമർപ്പിച്ച ഹർജിയിലാണ് കസ്റ്റംസ് കമ്മീഷണറുടെ വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.