തിരുവനന്തപുരം: രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് വേണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയിലും തീരുമാനം. തുടർച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിർത്താൻ തന്നെയാണ് സിപിഎം തീരുമാനം. മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും മത്സരിച്ചേക്കില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ തോമസ് ഐസക്കിനും സുധാകരനും രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും ഇത് എതിർക്കപ്പെട്ടു. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ എന്നിവരും ഇത്തവണ മത്സരരംഗത്തില്ല.

രണ്ട് ടേം വ്യവസ്ഥ കർശനമായി പാലിക്കാനാണ് സിപിഎം തീരുമാനം. കൂടുതൽ യുവാക്കളെയും പുതുമുഖങ്ങളെയും രംഗത്തിറക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എട്ടാം തിയതി ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും.

നേമത്ത് വി.ശിവൻകുട്ടി വീണ്ടും സ്ഥാനാർഥിയാകും. വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് തന്നെ. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും അവസരം.

കൊല്ലത്ത് നടൻ മുകേഷ് വീണ്ടും മത്സരിക്കും. കുണ്ടറയിൽ ജെ.മേഴ്‌സിക്കുട്ടിയമ്മയും കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലും മത്സരിക്കും.

ആറന്മുളയിൽ വീണാ ജോർജിനും കോന്നിയിൽ കെ.യു.ജനീഷ് കുമാറിനും വീണ്ടും മത്സരിക്കാൻ അവസരം. റാന്നി കേരള കോൺഗ്രസ് എമ്മിന് നൽകും. സിപിഎം തന്നെ മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.

ചെങ്ങന്നൂരിൽ സജി ചെറിയാൻ വീണ്ടും മത്സരിക്കും. ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജനായിരിക്കും സ്ഥാനാർഥി. ഏറ്റുമാനൂരിൽ വി.എൻ.വാസവൻ സ്ഥാനാർഥിയാകും. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ നേരിടാൻ ജെയ്‌ക് സി.തോമസ് തന്നെ.

Read Also: ‘ഉയരെ’ പന്ത്; സീറ്റിൽ നിന്ന് എഴുന്നേറ്റോടി കോഹ്‌ലി, എന്തൊരു ഫൺ !

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് വീണ്ടും ജനവിധി തേടും. കല്യാശേരിയിൽ എം.വിജിന് സാധ്യത. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇത്തവണ ജനവിധി തേടുക മട്ടന്നൂരിൽ നിന്ന്. ഇ.പി.ജയരാജൻ മത്സരിക്കില്ല. തലശേരിയിൽ എ.എൻ.ഷംസീറും തളിപ്പറമ്പിൽ എം.വി.ഗോവിന്ദൻ മാസ്റ്ററും. പി.ജയരാജൻ മത്സരരംഗത്തുണ്ടാകില്ല.

ഇരിങ്ങാലക്കുടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദു മത്സരിക്കാൻ സാധ്യത. കുന്നംകുളത്ത് മന്ത്രി എ.സി.മൊയ്‌തീൻ വീണ്ടും മത്സരിക്കും. മുരളി പെരുനെല്ലിക്ക് മണലൂരിൽ വീണ്ടും അവസരം. വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പള്ളിയെ സ്ഥാനാർഥിയാക്കാൻ സാധ്യത.

മന്ത്രി എം.എം.മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. കൊച്ചിയിൽ കെ.ജെ.മാക്‌സി, തൃപ്പൂണിത്തുറയിൽ എം.സ്വരാജ്, കളമശേരിൽ പി.രാജീവ് എന്നിവർ സ്ഥാനാർഥികളാകും.

തൃത്താലയിൽ വി.ടി.ബൽറാമിനെ നേരിടാൻ എം.ബി.രാജേഷ് എത്തും. ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശിക്ക് സീറ്റില്ല.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.