scorecardresearch

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് യെച്ചൂരി

ഇന്നലെ പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്

ഇന്നലെ പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്

author-image
WebDesk
New Update
CPIM Party Congress, Sitaram Yechury

കണ്ണൂര്‍: ഇരുപത്തി മൂന്നാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ വിശാലമായ മതേതര സംഖ്യം ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

Advertisment

"മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാൻ വിശാല മതേതര സഖ്യമാണ് ആവശ്യം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം സ്വീകരിക്കണം. വര്‍ഗീയതയോട് വീട്ടുവീഴ്ച പാടില്ല. ആ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കും," യെച്ചൂരി വ്യക്തമാക്കി.

പോളിറ്റ് ബ്യൂറൊ അംഗവും മുതിര്‍ന്ന നേതാവുമായ എസ്. രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏറെ പ്രസക്തിയുള്ള ഒന്നാണെന്ന് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. "പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും ഏറ്റവും നിര്‍ണായക ഘട്ടത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം നടത്തുകയാണ്. കേന്ദ്ര നയങ്ങള്‍ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ തന്നെ സ്തംഭിപ്പിക്കുന്നു," എസ്ആര്‍പി വ്യക്തമാക്കി.

ഇന്നലെ പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തിയത്.

Advertisment

പതാക ഉയര്‍ത്തിയതിന് ശേഷം നടന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനേയും മുസ്ലിം ലീഗിനേയും വിമര്‍ശിച്ചു. നാടിനെ തക‍ർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺ​ഗ്രസിനും മുസ്ലിം ലീ​ഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

"പാര്‍ലമെന്റിലും കേരളത്തിനായി ശബ്ദം ഉയര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺ​ഗ്രസിൻ്റെ സമീപനം. നാൾക്കുനാൾ കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണ്," മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും കേരളത്തില്‍ തുടര്‍ഭരണം പിടിച്ചതുമായ സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നത്. ലോക്‌സഭയില്‍ മൂന്ന് അംഗങ്ങൾ മാത്രമാണു പാർട്ടിക്കുള്ളത്. ഭരണത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഇപ്പോഴുള്ളത്.

മൂന്ന് പതിറ്റാണ്ട് അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും നേടാനായില്ല. 2018ല്‍ അധികാരം നഷ്ടപ്പെട്ട ത്രിപുരയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിക്കെതിരെ ദേശീയതലത്തിൽ രൂപപ്പെടേണ്ടേ സഖ്യം സംബന്ധിച്ച് 10 വരെ നടക്കുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും.

ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം വട്ടവും തുടരണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ ധാരണ. വിശാഖപട്ടണത്ത് നടത്ത ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തർക്കത്തിനൊടുവിൽ യെച്ചൂരി ജനല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. എസ് രാമചന്ദ്രന്‍ പിള്ളയുടെ പേരും സെക്രട്ടറി സ്ഥാനത്തേക്കു ശക്തമായി ഉയര്‍ന്നിരുന്നു. അവസാനഘട്ടത്തിലാണ് ഒത്തുതീര്‍പ്പുണ്ടാവുന്നതും യെച്ചൂരി സെക്രട്ടറിയാവുന്നതും.

ഹൈദരാബാദില്‍ നടന്ന ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലും സെക്രട്ടറി പദത്തില്‍ യെച്ചൂരി തുടരുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. എന്നാല്‍ ഇത്തവണ ആ തര്‍ക്കമില്ലെന്നു മാത്രമല്ല എസ്ആര്‍പി പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവാകുകയും ചെയ്യും.

Also Read: Kerala Rain Updates: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kodiyeri Balakrishnan Cpm Pinarayi Vijayan Kannur Sitaram Yechuri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: