തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴയും കാറ്റും. പലയിടങ്ങിലും കാറ്റിലും മഴയിലും മരങ്ങൾ ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്കു മുറിഞ്ഞുവീണു. എറണാകുളം നഗരത്തിൽ മിക്കയിടങ്ങളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സൗത്ത് റെയില്‍വേ സ്റ്റേഷന് ഭാഗത്ത് ഉൾപ്പെടെ ഒട്ടേറെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് വൈകീട്ട് ഏഴിനു പുറപ്പെടുവിച്ച പ്രവചനത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് തെക്കന്‍ ആന്‍ഡമാന്‍ കടലിലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

തെക്ക് ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും ഇന്ന് സാധ്യതയുണ്ട്.
ഏഴിനു തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
എട്ട്, ഒൻപത് തിയതികളിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മീൻപിടിക്കാൻ പോകാന്‍ പാടില്ല.
Also Read: ആന്ധ്രാ പ്രദേശിലെ പുതിയ 13 ജില്ലകളും അവ രൂപീകരിക്കാനുള്ള കാരണങ്ങളും