/indian-express-malayalam/media/media_files/uploads/2021/04/Covid-Vaccination-EKM-general-hospital.jpg)
കോവിഡ് വാക്‌സിനെടുക്കാനായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിയവരുടെ തിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കെ കുത്തിവയ്‌പെടുക്കാന്‍ പലയിടത്തും ഇന്നും വന്‍ തിരക്ക്. വാക്‌സിനെടുക്കാനുള്ള റജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കിയതറിയാതെയാണ് മിക്കവരും എത്തിയത്. ഇതുപലയിടത്തും വാക്കു തര്‍ക്കത്തിനിടയാക്കി. അതേസമയം, വാക്സിനേഷന്റെ പ്ലാനിങ്ങിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാക്‌സിനുവേണ്ടി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകുകയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.
Also Read: മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകൾ; ലോകത്തെ എറ്റവും ഉയർന്ന പ്രതിദിന സംഖ്യ
രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ധിക്കുകയും പല കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു. ഇത് വിപരീത ഫലമാണുണ്ടാക്കുന്നത്. അതിനാലാണ് കോവിഡ് വാക്സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
റജിസ്ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍
- ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും നല്‍കുക. സ്പോട്ട് റജിസ്ട്രേഷന്‍ ഉണ്ടാകില്ല. ക്യൂ ഒഴിവാക്കാനായി, റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യൂ.
- കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കു സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന റജിസ്ട്രേഷന്‍ നടത്താന്‍ ജില്ലകള്‍ മുന്‍കൈയെടുക്കണം
- സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യത അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്നു ജില്ലകള്‍ ഉറപ്പുവരുത്തണം
/indian-express-malayalam/media/media_files/uploads/2021/04/Covid-vaccination-Guidlines-1.jpg)
- വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. തിരക്ക് ഒഴിവാക്കണം. സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൈകള്‍ അണുവിമുക്തമാക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം
- അതതു കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയും ലഭ്യതയനുസരിച്ച് പ്ലാന്‍ ചെയ്യുകയും വിവരം ജനങ്ങളെ അറിയിക്കുകയും വേണം.
- 45 വയസിനു മുകളിലുള്ളവര്‍ക്കു ഒന്നാമത്തെതും രണ്ടാമത്തെയും വാക്സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.