scorecardresearch
Latest News

ഇന്നത്തെ കോവിഡ് വാർത്തകൾ: മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 28606 കേസുകൾ

കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 4896 കേസുകളാണ് കൊല്ലം സിറ്റിയിൽ രജിസ്റ്റർ ചെയ്തത്

ഇന്നത്തെ കോവിഡ് വാർത്തകൾ: മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 28606 കേസുകൾ
എറണാകുളം എം ജി റോഡ് ജംഗ്ഷനിലെ വാഹന പരിശോധന

തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 28606 കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 4896 കേസുകളാണ് കൊല്ലം സിറ്റിയിൽ രജിസ്റ്റർ ചെയ്തത്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്ത കണ്ണൂർ സിറ്റിയിലും റൂറലിലും 201 വീതം കേസുകളുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകളും ഇന്ന് രജിസ്റ്റർ ചെയ്തു.

സംസ്ഥാനങ്ങൾക്കിടയിൽ ഓക്സിജൻ നീക്കത്തിന് തടസ്സമുണ്ടാവരുതെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കിടയിലുള്ള മെഡിക്കൽ ഓക്സിജൻ നീക്കത്തിന് യാതൊരു നിയന്ത്രണവുമുണ്ടാവരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഓക്സിജൻ വിതരണം തടയുന്നുവെന്ന് സംസ്ഥാനങ്ങൾ പരസ്പരം ആരോപിക്കുന്നതിനിടെയാണ് നടപടി. മെഡിക്കൽ ഓക്സിജന്റെ സംസ്ഥാനത്തിനകത്തുള്ള നീക്കവും സംസ്ഥാനാന്തര നീക്കവും സുഗമമമാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

അതേസമയം, രാജ്യത്തെ ഓക്സിജൻ വിതരണവും ലഭ്യതയും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്നു. ആശുപത്രികൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും ഓക്സിജൻ സഹായം നൽകുന്നതിന് നൂതന മാർഗങ്ങൾ ഉപയോഗിക്കണമെന്ന് യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് ഓക്സിജൻ, അവശ്യ മരുന്നുകൾ, വാക്സിനേഷൻ രീതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ നയം നടപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് സുപ്രീം കോടതി ഈ വിഷയം സ്വമേധയാ പരിഗണനയ്ക്കെടുത്തപ്പോഴാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനിടെ ഓക്സിജൻ വിതരണത്തിൽ യാതൊരു നിയന്ത്രണവുമില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു.

വാക്സിൻ വാങ്ങാൻ സംസ്ഥാനം നടപടി ആരംഭിച്ചു

കേന്ദ്രസ‍ർക്കാരിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് ചർച്ച നടത്തും. ചർച്ചക്ക് ശേഷം വാക്സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് മാത്രം വാക്സിൻ ലഭിക്കുന്നതിനായി കാത്തിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് 26,995 രോഗബാധിതർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read: സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ? അറിയാം

19.97 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6,370 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 1,56,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,60,472 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഇന്ത്യയിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യുഎഇ

ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യുഎഇ. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് വിലക്ക്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഇരു കൂട്ടരെയും യുഎഇയിലേക്ക് പ്രവേശിക്കാൻ അനിവധിക്കുകയില്ല. ഇത് സംബന്ധിച്ച അറിയിപ്പ് യുഎഇ വിമാന കമ്പനികൾക്കും ട്രാവൽ കമ്പനികൾക്കും നൽകി.

ഖത്തർ യാത്രക്കയ്ക്കു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

നിർബന്ധം

ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ ഫലത്തിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിൽ നിന്ന് യാത്ര തിരിക്കുന്ന വിമാനത്താവളത്തിലാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. കോവിഡ് വാക്സിൻ എടുത്തവരും മുൻപ് കോവിഡ് സ്ഥിരീകരിച്ചവരും അടക്കമുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഐസിഎംആർ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്ക് മാത്രമാണ് ഖത്തർ അധികൃതരുടെ അംഗീകാരമുള്ളത്.

ഖത്തറിലെത്തുന്ന സമയത്തിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനകളുടെ സർട്ടിഫിക്കറ്റുകൾക്ക് മാത്രമാണ് ഇത്തരത്തിൽ സാധുതയുണ്ടാവുകയെന്നും എയർ ഇന്ത്യ എക്സപ്രസ്സിന്റെ ഇതു സംബന്ധിച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സർവിസ് പുനക്രമീകരണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ബസ് സർവിസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. യാത്രാക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും വളരെ തിരക്കേറിയ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ കൂടുതൽ സർവിസുകൾ നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അതിനായിഷെഡ്യൂളുകൾ പുനക്രമീകരിച്ചതായും കെഎസ്ആർടിസി അറിയിച്ചു.

വിശദവിവരങ്ങൾ അറിയാം: കോവിഡ് നിയന്ത്രണം; സർവ്വീസ് പുനക്രമീകരണവുമായി കെഎസ്ആർടിസി

ഞായറാഴ്ചകളിലെ വിവാഹച്ചടങ്ങില്‍ 20 പേര്‍ക്ക് അനുമതി

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കിക്കൊണ്ടുള്ള കര്‍ശനനിയന്ത്രണം നിലവിലുണ്ട്. ഇതനുസരിച്ച് വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ അഞ്ചില്‍കൂടുതല്‍ പേര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.

വിവാഹ നടത്തിപ്പിന് ഇത് പ്രയാസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നേരത്തെയുള്ള ഉത്തരവ് കലക്ടര്‍ പുതുക്കിയത്. അതേസമയം, വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍പേര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

വാക്സിനെടുത്ത് മാതൃകകാട്ടി ജനശതാബ്ദിയിലെ ടിടിഇമാർ

തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് അവബോധം സൃഷ്ടിക്കുന്നതിനായി വാക്സിനെടുത്ത് മാതൃകയായി ജനശതാബ്ദി എക്സ്പ്രസിലെ ടിക്കറ്റ് ചെക്കിങ് ജീവനക്കാർ. ഇന്ന് ഉച്ചയ്ക്ക് 2:45ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർക്ക് പുറപ്പെട്ട ജനശതാബ്ദി സ്പെഷ്യൽ ട്രെയിനിലെ ടിടിഇമാരാണ് കോവിഡിന്റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് മാതൃകയായത്.

ദക്ഷിണ റെയിൽവേ ട്വിറ്ററിലൂടെയാണ് അഞ്ച് ടിടിഇമാർ വാക്സിൻ സ്വീകരിച്ച വിവരം പങ്കുവെച്ചത്. കോവിഡ് വാക്സിൻ എടുക്കുന്നതിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ദക്ഷിണ റെയിൽവേ ട്വിറ്ററിൽ കുറിച്ചു.

പതിനെട്ട് കഴിഞ്ഞവര്‍ക്കു കോവിഡ് വാക്‌സിന്‍: റജിസ്‌ട്രേഷന്‍ 28 മുതല്‍

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായി ഏപ്രില്‍ 28 മുതല്‍ റജിസ്റ്റര്‍ ചെയ്യാം. കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. മേയ് ഒന്നു മുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനു മുന്നോടിയാണു റജിസ്‌ഷ്രേന്‍ നടപടികള്‍ ആരംഭിക്കുന്നത്.

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്നു മുതല്‍ വാക്‌സിന് അര്‍ഹതയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കാണു കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി വരുന്നത്.

Also Read: പതിനെട്ട് കഴിഞ്ഞവർക്കു വാക്സിൻ: റജിസ്ട്രേഷൻ എന്നു മുതൽ, എവിടെ, എങ്ങനെ?

വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കു വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതു വിപണിയിലും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്കു കൊടുക്കാനും സാധിക്കുമെന്നു കേന്ദ്രം വ്യക്്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍മെന്നു കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇന്നലെ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. വിതരണത്തിലുള്ള കോവാക്‌സിന്റെയും പുതുതായി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സ്പുട്‌നിക്-5ന്റെയും വിപണി വില പുറത്തുവന്നിട്ടില്ല.

കൂട്ടപ്പരിശോധനയിൽ അശാസ്ത്രീയതയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കൂട്ടപ്പരിശോധന സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതല്ലെന്ന കെജിഎംഒയുടെ വാദത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളം ശാസ്ത്രീയമായി തന്നെയാണ് പരിശോധനകള്‍ നടത്തുന്നത്. പരിശോധനകളുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച ശരാശരി കേരളത്തിനുണ്ട്. കെജിഎംഎയ്ക്ക് സര്‍ക്കാരിന്റെ ഒപ്പമേ പ്രവര്‍ത്തിക്കാനാകൂവെന്നും തെറ്റ് ചൂണ്ടിക്കാണിക്കാമെന്നും ആരോഗ്യമന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

“സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കുറവാണെന്ന വാദം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെയാണ് വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്. ഫലം ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം ആര്‍ടിപിസിആര്‍ ആകുമ്പോള്‍ പല തവണ പരിശോധിക്കും, സംശയം വരുന്നത് വീണ്ടും പരിശോധിക്കാറുണ്ട്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫൈസര്‍ വാക്‌സിന്‍ സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം

ന്യൂഡല്‍ഹി: സര്‍ക്കാരില്‍നിന്നുള്ള കോവിഡ് വാക്‌സിന്‍ ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഫൈസര്‍ തീരുമാനം. കൂടാതെ, ‘സര്‍ക്കാര്‍ കരാറുകളിലൂടെ മാത്രം’ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ചെയ്യാനും അമേരിക്കന്‍ മരുന്നു ഭീമനായ ഫൈസര്‍ തീരുമാനിച്ചു. അതത് സര്‍ക്കാര്‍ അധികൃതരുമായുള്ള വ്യവസ്ഥകളും ബന്ധപ്പെട്ട ഏജന്‍സികളുടെ അനുമതിയും അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ കരാറുകളിലൂടെ മാത്രമേ കമ്പനി വാക്‌സിന്‍ വിതരണം ചെയ്യുകയുള്ളൂവെന്ന് ഫൈസര്‍ വക്താവ് പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കു വില്‍ക്കാന്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ തീരുമാനിച്ചില്ലെങ്കില്‍ ഇവിടങ്ങളില്‍ വാക്‌സിന്‍ ലഭ്യമാകില്ലെന്നാണ് ഫൈസര്‍ തീരുമാനം വ്യക്തമാക്കുന്നത്.

മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകൾ; ലോകത്തെ എറ്റവും ഉയർന്ന പ്രതിദിന സംഖ്യ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകള്‍. 3,14,835 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് പ്രതിദിന സംഖ്യ മൂന്നു ലക്ഷം കടക്കുന്നത്.

രാജ്യത്ത് ഇതുവരെ 1,59,30,965 പേർക്കാണു കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,104 പേർ മരിച്ചു. ഇതും റെക്കോർഡാണ്. ആകെ മരണം 1,84,657 ആയി. 22,91,428 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,34,54,880 പേർ രോഗമുക്തരായി.

ഡൽഹിയിൽ ഇന്നലെ എൺപതിനായിരം പേരെ പരിശോധയ്ക്കു വിധേയമാക്കിയപ്പോൾ 24,638 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. 249 പേർ മരിച്ചു. ചൊവ്വാഴ്ച 8,395 പോസിറ്റീവ് കേസുകളും 277 കോവിഡ് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും മോശം. ഇന്നലെ 67,468 പേർക്കു രോഗം സ്ഥിരീകരിച്ചപ്പോൾ 568 പേർ മരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 40,27,827 ഉം മൊത്തം മരണം 61,911 ഉം ആയി.

കേരളത്തില്‍ ഇന്നലെ 22,414 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41. ഇന്നലെ 22 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,000 ആയി. ഇന്നലെ 5431 പേർ രോഗമുക്തി നേടി. ഇനി 1,35,631 പേരാണ് ചികിത്സയിലുള്ളത്. 11,54,102 പേര്‍ ഇതുവരെ രോഗമുക്തരായി.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി മോശമാണ്.

Also Read: ‘യാചിക്കാം, കടം വാങ്ങാം, മോഷ്ടിക്കാം;’ എങ്ങനെയെങ്കിലും ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് കോടതി

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്സിജൻ ക്ഷാമത്തിന്റെ സാഹചര്യത്തിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനെതിരെ നിശിത വിമർശനമാണുയർത്തിയിരിക്കുന്നത്. എല്ലാ ആശുപത്രികളിലേക്കും മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിന്റെ ചുമലിലാണെന്നും കേന്ദ്രസർക്കാരിനോട് ഏതുവിധേനയും ഓക്സിജൻ വിതരണം ചെയ്യാൻ നിർദേശിക്കുന്നതായും ഡൽഹി ഹൈക്കോടതി പറഞ്ഞു.

delhi oxygen shortage, delhi hospitals oxygen shortage, oxygen cylinders supply, delhi high court, delhi covid 19 cases, covid 19 news, കോവിഡ്, ഓക്സിജൻ, ഡൽഹി ഹൈക്കോടതി, കോടതി, ie malayalam

“യാചിക്കാം, കടം വാങ്ങാം, മോഷ്ടിക്കാം. ഇത് ദേശീയ അടിയന്തരാവസ്ഥയാണ്, ” ജസ്റ്റിസുമാരായ വിപിൻ സാംഘിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് സോളിസിറ്റിർ ജനറൽ തുഷാർ മേഹ്തയോട് പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു, ഓഫിസ് ഹാജർ, വിവാഹച്ചടങ്ങുകൾ, യാത്ര എന്നിവയുടെ കാര്യത്തിലാണ് നിയന്ത്രണങ്ങൾ. ഇവയ്ക്കു ഇന്നു രാത്രി എട്ടു മുതൽ മേയ് ഒന്നു വരെയാണു പ്രാബല്യം. ഏപ്രിൽ 30 വരെ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണു ഗോവ.

146 ജില്ലകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യം

രാജ്യത്ത് 146 ജില്ലകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 15 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രസ്തുത ജില്ലകള്‍ക്ക് പുറമെ വ്യാപനം കൂടി വരുന്ന 274 ജില്ലകള്‍ കൂടി രാജ്യത്തുണ്ട്. 5-15 ശതമാനം വരെയാണ് പോസിറ്റിവിറ്റി നിരക്ക് ഈ ജില്ലകളില്‍.

“സ്ഥിതി സങ്കീര്‍ണമായിട്ടുള്ള ജില്ലകളിലെ അധികൃതരുമായി സംസാരിക്കുകയും വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. പ്രതിദിന രോഗികള്‍ ഏറ്റവും അധികമുള്ള ജില്ലകളാണിവ. പുതിയ കേസുകള്‍ ഉണ്ടാകുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു,” കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയം കുറഞ്ഞതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് രോഗികളുടെ എണ്ണം വര്‍ധിക്കാനെടുക്കുന്നത്. വൈറസ് പടര്‍ച്ച അതിരൂക്ഷമാണ് എന്നതിലേക്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

പരിശോധനകളുടെ എണ്ണം കുത്തനെ ഉയര്‍ത്തി കേസുകള്‍ കണ്ടെത്തി പ്രതിരോധിക്കുകയെന്ന മാര്‍ഗമാണ് നിലവില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുമ്പോള്‍ 15,000-20,000 ഇടയിലാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി 15ന് മുകളില്‍ ആണെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എറണാകുളത്താണ് വ്യാപനം ഏറ്റവും രൂക്ഷം.

Also Read: വാക്‌സിനേഷനു തിരക്ക് കൂട്ടേണ്ട, അറിയാം റജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾ

എറണാകുളത്തിന് പുറമെ കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നുണ്ട്. മൂന്ന് ജില്ലകളിലും പ്രതിദിന രോഗികള്‍ 2,000 കടന്നു. മാസ് പരിശോധനയ്ക്ക് ഒപ്പം മെഗാ വാക്സിനേഷനും നടത്തുക എന്നതായിരുന്നു ലക്ഷ്യം. വാക്സിന്‍ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് വാരാന്ത്യത്തില്‍. അത്യാവശ്യ സേവനങ്ങള്‍ക്ക് മത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസ് മാത്രമേ അനുവദിക്കൂ.

സീതാറാം യെച്ചൂരിയുടെ മകൻ ബാധിച്ച് മരിച്ചു

ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ അ‍ഞ്ചരയോടെയായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് ആശിഷിന് രോഗം സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Corona virus covid 19 india kerala news wrap april 22