/indian-express-malayalam/media/media_files/uploads/2021/09/covid-third-wave-two-more-icu-units-started-in-thiruvananthapuram-medical-college-559301-FI.jpg)
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐസിയു കിടക്കകളാണ് തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.
എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഐസിയുകളുടെ ഉദ്ഘാടനം സെപ്തംബര്‍ 23-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഏഴ്, എട്ട് വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തു. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള സെന്‍ട്രല്‍ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.
എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്‌സിംഗ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഐസിയുവിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടിവി, അനൗണ്‍മെന്റ് സംവിധാനം എന്നിവയുമുണ്ട്.
Also Read: ആശങ്കകള്‍ പരിഹരിക്കും; സ്കൂള്‍ തുറക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു: വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.