/indian-express-malayalam/media/media_files/uploads/2022/01/veena-george-1.jpg)
തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്കു ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണനിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണു പ്രധാന ലക്ഷ്യം.
കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. വിമാനത്താവളങ്ങളിലും തുറമുഖത്തും നിരീക്ഷണം ശക്തമാക്കും. വിദേശത്തുനിന്നു വരുന്ന രണ്ടു ശതമാനം പേരുടെ സാമ്പിളുകള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലകള്‍ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താല്‍ പ്രതിദിന കേസുകള്‍ 100നു താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളിലും തുറമുഖത്തും ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ആ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കും.
മരുന്നുകളുടെയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പുവരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് വാക്സിന്‍ എടുക്കാനുള്ളവര്‍ വാക്സിന്‍ എടുക്കണം. കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. അവബോധം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി.
എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര സമയമായതിനാല്‍ എല്ലാവരും യാത്രാ വേളകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുയിടങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വീട്ടിലുള്ള കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ക്കും പ്രത്യേകം കരുതല്‍ വേണം. കോവിഡ് അവര്‍ക്ക് ഉണ്ടാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആര്‍ക്കും മറ്റൊരാളില്‍നിന്നും കോവിഡ് പകരാതിരിക്കാന്‍ ശ്രദ്ധയുണ്ടാകണം. ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.